ഇന്ത്യൻ ഫുട്ബോൾ: ആരാധകർക്ക് മറക്കാനാകാത്ത 5 മുൻ ക്ലബ്ബുകൾ

ഒരു കാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ മുഖഛായ ആയിരുന്നു ഇവയിൽ പല ക്ലബ്ബുകളും.
ഇന്ത്യൻ ഫുട്ബോൾ ചരിത്രം എക്കാലവും സംഭവബഹുലം ആയിരുന്നു. നൂറ്റിമുപ്പത് വർഷത്തെ ചരിത്രം പേറുന്ന ഇന്ത്യൻ ഫുട്ബോളിന് അത് അവകാശപ്പെടുന്നതിലും കൂടുതൽ ചരിത്രം കൽപിക്കാനാവും. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ലീഗുകളുടെ നിരയിൽ മൂന്നാമതും നാലാമതും നിൽക്കുന്നത് യഥാക്രമം ഡ്യുറണ്ട് കപ്പും ഐഎഫ്എ ഷീൽഡുമാണ്. കൂടാതെ ലോകഫുട്ബോളിലെ തന്നെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബുകളിൽ പലതും ഇന്ത്യയിലെയാണ്. 1872 ൽ രൂപംകൊണ്ട കൾക്കട്ട എഫ്‌സിയാണ് ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്. തുടർന്ന് ആ പാത പിന്തുടർന്ന് ഇന്ത്യയിൽ ഉടനീളം ധാരാളം ഫുട്ബോൾ ക്ലബ്ബുകൾ രൂപപ്പെട്ടു.
ക്ലബ്ബുകൾ രൂപപ്പെട്ടതോടെ പ്രാദേശിക തലത്തിൽ ടൂർണമെന്റുകൾ ആരംഭിച്ചെങ്കിലും പിന്നീട് ഒരു നൂറ്റാണ്ടിന് ശേഷമാണ് ദേശീയ തലത്തിൽ കേന്ദ്രീകൃതമായ ഒരു ഫുട്ബോൾ ലീഗ് സിസ്റ്റം ഉണ്ടാകുന്നത്. 1996 ലാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ഇന്ത്യൻ ക്ലബ്ബുകളെ അണിനിരത്തി നാഷണൽ ഫുട്ബോൾ ലീഗ് (NFL) എന്ന പ്ലാറ്റഫോമിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ച ത്വരിതഗതിയിൽ ആയിരുന്നു. അടുത്ത പത്ത് വർഷത്തിൽ എൻഎഫ്എൽ ഇന്ത്യയുടെ പ്രൊഫഷണൽ ഫുട്ബോൾ ലീഗായ ഐ ലീഗായി രൂപം മാറി. 2010 ഡിസംബർ 9 ന് എഐഎഫ്എഫ് റിലൈൻസ് ഇൻഡസ്ട്രിസ് ആൻഡ് ദി ഇന്റർനാഷണൽ മാനേജ്മെന്റ് ഗ്രൂപ്പുമായി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെ തന്നെ മാറ്റിമറിച്ച 700 കോടിയുടെ പതിനഞ്ച് വർഷത്തെ കരാറിൽ എത്തുകയുണ്ടായി. അതിന് പ്രകാരം മൂന്ന് വർഷത്തിന് ശേഷം 2013ൽ ഇന്ത്യൻ ഫുട്ബോളിലെ വിപ്ലവമായി തീർന്ന ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ചു. ഇന്ന് ഇന്ത്യയിലെ പ്രധാനപെട്ട ടൂർണമെന്റായി അത് മാറി.
ഈ ഉയർച്ചകൾക്ക് ഇടയിലും ഇന്ത്യൻ ഫുട്ബോളിൽ പല വീഴ്ചകളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പ്രത്യേകിച്ചും ക്ലബ് ഫുട്ബോളിന്റെ കാര്യത്തിൽ. കഴിഞ്ഞ കുറെ വർഷങ്ങളിൽ പ്രധാനപ്പെട്ട ധാരാളം ഫുട്ബോൾ ക്ലബ്ബുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. പലകാലങ്ങളിലായി ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗധേയം നിർണയിക്കുമ്പോൾ അതിൽ ആ കാലഘട്ടത്തിന്റെ കയ്യൊപ്പ് ചാർത്താൻ ഈ ക്ലബ്ബുകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ ഇന്നും നിലനിലക്കാൻ സാധിച്ചിരുന്നെങ്കിൽ ഇന്ത്യൻ ഫുട്ബോളിനെ പലരീതിയിൽ സ്വാധീനിക്കാൻ ഇവക്ക് കഴിഞ്ഞേനെ.
ഇന്നും നിലനിൽക്കണം എന്ന് ആരാധകർ ആഗ്രഹിക്കുന്ന അഞ്ച് ഫുട്ബോൾ ക്ലബ്ബുകളെ ഖേൽ നൗ പരിശോധിക്കുന്നു.
5. മുംബൈ എഫ്‌സി
ഒരുപക്ഷെ പുതിയ കാലത്തെ ഫുട്ബോൾ ആരാധകർ മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ഹൈ പ്രൊഫൈൽ ഫുട്ബോൾ ക്ലബ് ആയി കരുതുന്നത് മുംബൈ സിറ്റി എഫ്‌സിയെ ആയിരിക്കാം. എന്നാൽ അതിന് മുൻപ് തന്നെ മുംബൈ സിറ്റി എഫ്‌സി അടക്കമുള്ള ക്ലബ്ബുകൾ പ്രദേശത്തെ ദേശീയ തലത്തിൽ പ്രതിനിധീകരിച്ചിട്ടുണ്ട്.
മുംബൈയിലെ യുവ താരങ്ങൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2007ൽ മുംബൈ എഫ്‌സി രൂപം കൊണ്ടത്. അതിന്റെ തൊട്ട് അടുത്ത വർഷം ഐ ലീഗ് രണ്ടാം ഡിവിഷൻ ജേതാക്കളായി ടീം ഐ ലീഗിൽ പ്രവേശിച്ചു. ഐ ലീഗിലെ അരങ്ങേറ്റ സീസണിൽ ടീം ഏഴാം സ്ഥാനത്തും എത്തിയിരുന്നു. 2019ൽ ക്ലബ് അടച്ചുപൂട്ടുമ്പോൾ അവർ കരിയറിൽ രണ്ട് കിരീടങ്ങൾ നേടിയിരുന്നു. 2007/08 ലെ ഐ ലീഗ് രണ്ടാം ഡിവിഷനും 2010-11 ലെ മുംബൈ എലൈറ്റ് ഡിവിഷൻ ലീഗും. നിലവിലെ ദേശീയ ഫുട്ബോൾ ടീമിൽ അംഗങ്ങളായ ആശുതോഷ് മെഹ്തയും രാഹുൽ ഭേകേയും മുൻ ഇന്ത്യൻ ജൂനിയർ ടീം അംഗം ആയിരുന്ന ജയേഷ് റാണയും ഇന്ത്യൻ ഫുട്ബോളിന് മുംബൈ എഫ്‌സിയുടെ വാഗ്ദാനങ്ങൾ ആയിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമിഫൈനലിൽ കയറുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ ആയ ഖാലിദ് ജാമിൽ ടീമിന്റെ മുൻ താരവും പരിശീലകനും ആയിരുന്നു. നിലവിൽ ചെന്നൈയിൻ എഫ്‌സിയുടെ റിസർവ് ടീമിന്റെ പരിശീലകനായ സന്തോഷ് കശ്യപും മുംബൈയുടെ പരിശീലകൻ ആയി സ്ഥാനമേറ്റിരുന്നു.
4. പൂനെ എഫ്‌സി
മുംബൈ എഫ്‌സിയുടെ പ്രധാന എതിരാളികലായി കണക്കപ്പെട്ട ടീം ആയിരുന്നു മഹാരാഷ്ട്രയിൽ നിന്ന് തന്നെയുള്ള പൂനെ എഫ്‌സി. 2007ൽ സ്ഥാപിക്കപെട്ട ക്ലബ് 2009ലാണ് ഐ ലീഗിൽ എത്തുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും അധികം പ്രൊഫഷണൽ ആയ ഫുട്ബോൾ ക്ലബ്ബായി പൂനെ എഫ്‌സിയെ ഒരുകാലത്ത് കണക്കാക്കിയിരുന്നു. പ്രൊഫഷണൽ പ്ലേയിംഗ് സജ്ജീകരണത്തിലും യൂത്ത് ഡെവലപ്പ്മെന്റിലും ടീം വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
ഐ ലീഗിലെ ആദ്യ സീസണിൽ തന്നെ ക്ലബ് മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് 2012/13 സീസണിൽ ലീഗിൽ റണ്ണേഴ്സ് അപ്പ് ആയതാണ് ക്ലബ്ബിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. 2015-16 സീസണിന് മുന്നോടിയായി അടച്ചുപൂട്ടേണ്ടി വന്ന ക്ലബ്ബിന്റെ അക്കാദമി ഐഎസ്എൽ ക്ലബ്ബായ എഫ്‌സി പൂനെ സിറ്റി ഏറ്റെടുത്തു.
സുബ്രത പോൾ, ജെജെ, അമരിന്തർ സിങ്, ധൻപാൽ ഗണേഷ്, ജെസ്സൽ കാർനെയ്‌രോ, ധനചന്ദ്ര മീറ്റി എന്നിവർ പല കാലങ്ങളിൽ ക്ലബ്ബിന്റെ ഭാഗമായിരുന്നു. മലയാളികളായ ബിനീഷ് ബാലൻ, അനസ് എടത്തൊടിക, അജയൻ നായർ എന്നിവരും ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ട്.
3. ചിരാഗ് യുണൈറ്റെഡ് ക്ലബ് കേരള
2004ൽ കൊച്ചി ആസ്ഥാനമാക്കി രൂപീകരിക്കപ്പെട്ട ക്ലബ്ബായ വിവ കേരള എഫ്‌സിയാണ് അവസാന കാലങ്ങളിൽ ചിരാഗ് യുണൈറ്റെഡ് ക്ലബ് കേരള എന്ന് അറിയപ്പെട്ടത്. നാഷണൽ പ്രീമിയർ ലീഗിലും തുടർന്ന് രൂപീകരിക്കപ്പെട്ട ഐ ലീഗിലും കേരള പ്രീമിയർ ലീഗിലും കളിച്ച ക്ലബ്ബാണിത്. 2012ൽ സ്പോൺസർമാരായ ചിരാഗ് കമ്പ്യൂട്ടർസിൽ നിന്ന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാത്തതിനാൽ ക്ലബ് അടച്ചുപൂട്ടേണ്ടി വന്നു.
2009ൽ ഐ ലീഗ് രണ്ടാം ഡിവിഷനിൽ റണ്ണേഴ്സ് അപ്പ് ആയ ക്ലബ് അക്കാലത്ത് കേരളത്തിൽ നിന്നുള്ള ഏക ഹൈ പ്രൊഫൈൽ ടീം ആയിരുന്നു. മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങളായ എൻപി പ്രദീപ്, കൃഷ്ണൻ അജയൻ നായർ എന്നിവരും സികെ വിനീത്, ഡെൺസൻ ദേവദാസ്, മുഹമ്മദ് ഇർഷാദ് എന്നിവർ ക്ലബ്ബിന് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. ടീമിന്റെ ആക്രമണത്തിന് നേതൃത്വം നൽകിയ നൈജീരിയൻ സ്‌ട്രൈക്കർ ബാബ തുണ്ടെയുടെ പേര് ഇന്നും ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടിട്ടുണ്ട്.
2. JCT
പഞ്ചാബിലെ ഹൊഷിയർപുർ ആസ്ഥാനമായി 1971 രൂപീകരിക്കപ്പെട്ട ഫുട്ബോൾ ക്ലബ്ബാണ് ജഗത്ജിത് കോട്ടൺ & ടെക്സ്റ്റൈൽ ഫുട്ബോൾ ക്ലബ് അഥവാ ജെസിടി. 2011 അടച്ചുപൂട്ടിയ ക്ലബ് നാഷണൽ ഫുട്ബോൾ ലീഗ്, ഐ ലീഗ്, പഞ്ചാബ് സ്റ്റേറ്റ് സൂപ്പർ ലീഗ് എന്നിവയിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ക്ലബ്ബുകളിൽ ഏറ്റവും മികച്ച വിജയചരിത്രമുള്ളതും ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയതുമായ ക്ലബ്ബുകളിൽ ഒന്നാണ് ജെസിടി.
1996/97 ലെ ആദ്യ നാഷണൽ ഫുട്ബോൾ ലീഗ് ജേതാക്കളായ ക്ലബ് പിന്നീട് ഫെഡറേഷൻ കപ്പ്, ഡ്യുറണ്ട് കപ്പ്, ഐഎഫ്എ ഷീൽഡ്, റോവേഴ്സ് കപ്പ്, നാഗ്ജീ ഫുട്ബോൾ ടൂർണമെന്റ് തുങ്ങിയ ദേശീയ ടൂർണമെന്റുകൾ പലതവണ നേടിയിട്ടുണ്ട്. അവസാനമായി ക്ലബ് നേടിയ ട്രോഫി 2011ൽ ജെസിടി അക്കാദമി നേടിയ അണ്ടർ 19 ലീഗ് ആണ്. 1995 ലെ സിസ്സർസ് കപ്പ് ഫൈനലിൽ മലേഷ്യൻ ക്ലബ് പെർലിസ് എഫ്‌സിക്കെതിരായ 1-0 വിജയം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറക്കാനാവാത്തതാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐ എം വിജയന്റെ മികച്ച സിസ്സർ കട്ട് ഗോളിലൂടെയാണ് ടീം ടൂർണമെന്റ് ജേതാക്കൾ ആയത്.
1. മഹിന്ദ്ര യുണൈറ്റെഡ് എഫ്‌സി
ഇന്ത്യയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നറിയപ്പെട്ടിരുന്ന ക്ലബ്ബായിരുന്നു മഹിന്ദ്ര യുണൈറ്റഡ് എഫ്സി. 1969ൽ മഹിന്ദ്ര ഗ്രൂപ്പ് ഓഫ് കമ്പനിസിന് കീഴിൽ മഹിന്ദ്ര & മഹിന്ദ്ര അല്ലിഡ് സ്പോർട്സ് ക്ലബ് എന്ന പേരിലാണ് ക്ലബ് രൂപീകരിക്കപ്പെട്ടത്. 2005/06 സീസണിൽ നാഷണൽ ഫുട്ബോൾ ലീഗ് ജേതാക്കൾ ആയിരുന്നു ടീം.
2007ൽ എഎഫ്‌സി കപ്പിന്റെ സെമിഫൈനലിൽ എത്തി ചരിത്രം സൃഷ്ടിച്ച ക്ലബ് മൂന്ന് തവണ ഡ്യുറണ്ട് കപ്പ് നേടിയിട്ടുണ്ട്. കൂടാതെ റോവേഴ്സ് കപ്പ്, ഫെഡറേഷൻ കപ്പ്, ഐഎഫ്എ ഷീൽഡ് എന്നിവയും ടീം നേടിയിട്ടുണ്ട്. ശുഭഷിഷ് റോയ് ചൗധരി, സ്റ്റീവ്ൻ ഡയസ്, അരാത്ത ഇസുമി, നൗഷാദ് മൂസ, ധർമരാജ് രാവണൻ, ചിങ്ലെൻസന സിങ് എന്നിവർ ക്ലബ്ബിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്.
For more updates, follow Khel Now on Twitter, Instagram and join our community on Telegram.
- Manchester United vs Lyon Prediction, lineups, betting tips & odds | UEFA Europa League 2024-25
- Vissel Kobe vs Kawasaki Frontale Prediction, lineups, betting tips & odds | J1 League 2025
- Julio Baptista give his verdict on Cristiano Ronaldo vs Lionel Messi 'GOAT debate'
- Botafogo vs Sao Paulo Prediction, lineups, betting tips & odds | Brazilian Serie A 2025
- ISL 2024-25: Mohun Bagan Super Giant Season Review