ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും തങ്ങളുടേതായ മുദ്ര പതിപ്പിച്ചവരാണ് ഇവരിൽ പലരും.

ഇന്ത്യൻ ഫുട്ബോളിലേക്ക് എക്കാലവും പ്രതിഭാധനരായ താരങ്ങളെ സംഭവന ചെയ്ത സംസ്ഥാനമാണ് കേരളം. ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ ഐഎം വിജയനും ജോ പോൾ അഞ്ചേരിയും എൻപി പ്രദീപും കേരളത്തിന്റെ ഫുട്ബോൾ പെരുമ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ഉയർത്തിപിടിച്ചിട്ടുണ്ട്. ഇതിഹാസങ്ങൾ വളർന്നു വന്ന നാട്ടിൽ നിന്ന് ഒരു പിടി താരങ്ങൾ ഇന്ത്യയുടെ ഇന്ത്യയുടെ ടോപ് ഡിവിഷൻ ഫുട്ബോൾ ടൂര്ണമെന്റായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) ഭാഗമായിട്ടുണ്ട്. അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ് , ആഷിഖ് കുരുണിയൻ തുടങ്ങിയ ഒട്ടേറെ ഇന്നും ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി അന്തർദേശീയ തലത്തിലും ക്ലബ്ബുകളുടെ ഭാഗമായി ദേശീയ ഫുട്ബാളിലിലും മലയാളി പെരുമ കാത്തുസൂക്ഷിച്ചിട്ടുണ്ട്.

ഇന്ത്യൻ ഫുട്ബോളിൽ ഐഎസ്‌എല്ലിന്റെ കടന്നു വരവും ഐ ലീഗിന്റെ കൃത്യമായ നടത്തിപ്പും ഇന്ത്യൻ ഫുട്ബോളിനെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നയിക്കുന്നുണ്ട്. ഈ രണ്ടു ലീഗുകളിൽ ഏറ്റവും കൂടുതൽ ജനപ്രീതി ഉള്ള ലീഗാണ് ഐഎസ്എൽ. ലീഗ് ആരംഭിച്ചു കുറച്ചു വർഷങ്ങൾക്ക് ഉള്ളിൽ തന്നെ ഇന്ത്യ യുടെ ടോപ് ഡിവിഷൻ ലീഗ് എന്ന സ്ഥാനം കരസ്ഥമാക്കിയ ഐഎസ്എല്ലിൽ കേരളത്തിൽ നിന്ന് ഭാഗമായ ഫുട്ബോൾ താരങ്ങളുടെ ഒരു ടീം എങ്ങനെയായിരിക്കുമെന്ന് ഖെൽ നൗ പരിശോധിക്കുന്നു.

ഗോൾകീപ്പർ: ടി പി രഹനേഷ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഇതുവരെയുള്ള എല്ലാ സീസണിലും കളിച്ച ചുരുക്കം ചില ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് കോഴിക്കോട് നിന്നുള്ള ഗോൾകീപ്പർ രഹനേഷ്. നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനൊപ്പം 2014 ലാണ് താരം ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയത്. 2015 ൽ ക്ലബിനൊപ്പംഅസാമാന്യമായ പ്രകടനം കാഴ്ചവെച്ച രഹനേഷ് 47 സേവുകളോട് കൂടി ആ സീസണിൽ ഏറ്റവും അധികം അധികം സേവുകൾ നേടുന്ന താരമായി മാറി. കൂടാതെ നാല് ക്‌ളീൻഷീറ്റുകളോടെ ലീഗിലെ ഒന്നാമനായും താരം മാറി. 2018 ൽ താരം കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു. തുടർന്ന് കഴിഞ്ഞ സീസണിന് മുന്നോടിയായി താരം ജംഷെഡ്പൂർ എഫ്‌സിയിലേക്ക് മാറി.

ജംഷെഡ്പൂരിൽ കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായിരുന്നു രഹനേഷ്. 19 മത്സരങ്ങളിൽ നിന്ന് 54 സേവുകളും എട്ട് ക്‌ളീൻഷീറ്റുകളും നേടിയിരുന്നു. പ്ലേയ് ഓഫിലേക്കുള്ള പോരാട്ടത്തിൽ താരം ടീമിന്റെ നെടുംതൂണായി നിന്നെങ്കിലും ക്ലബ് പ്ലേഓഫിന് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.

റൈറ്റ് ബാക്: പ്രശാന്ത് കറുത്തടതുകുനി

നിലവിൽ കേരള ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ സീസണുകളിലായി തുടരുന്ന താരമാണ് കോഴിക്കോടുകാരനായ പ്രശാന്ത്. 2016ലാണ് താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ തട്ടകത്തിൽ എത്തിയത്. തുടർന്ന് 2017ൽ ചെന്നൈ സിറ്റി എഫ്‌സിയുമായി അഞ്ച് മാസം വായപാടിസ്ഥാനത്തിൽ കളിച്ചത് ഒഴിച്ചാൽ ബാക്കിയുള്ള കാലമത്രയും താരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്നു .

കേരള ബ്ലാസ്റ്റേഴ്‌സിൽ റൈറ്റ് വിങ്ങർ, മിഡ്‌ഫീൽഡർ, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിൽ താരം കളിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് പ്രശാന്തിന്റെ സ്വാഭാവിക പൊസിഷൻ അല്ലെങ്കിലും 2020-21 സീസണിൽ ക്ലബ്ബിന്റെ മുഖ്യപരിശീലകനായ കിബു വിക്യൂന ആ പൊസിഷനിലും താരത്തെ പരീക്ഷിച്ചിട്ടുണ്ട്. ഫൈനൽ തേർഡിൽ ക്രോസിങ്, ഫിനിഷിങ് എന്നിവ ഇനിയും മെച്ചപ്പെടേണ്ടിയിരുന്നാലും സീസണിൽ തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളെ താരം കൃത്യമായി ഉപയോഗിച്ചു. ഒരു അത്ല്ലറ്റ് ആയി വളർന്നു വന്ന താരത്തിന്റെ വേഗത കളിക്കളത്തിൽ എതിർ ടീമുകൾക്ക് എതിരെ മുൻ‌തൂക്കം നല്കുന്നു.

സെന്റർ ബാക്ക്: അനസ് ഏടത്തൊടിക

കേരളം ഇന്ത്യൻ ദേശീയ ടീമിന് നൽകിയ മറ്റൊരു സംഭാവന ആയിരുന്നു പ്രതിരോധ താരം അനസ് ഏടത്തൊടിക. പരിക്ക് മൂലം കഴിഞ്ഞ ഐഎസ്എൽ സീസൺ താരത്തിന് നഷ്ട്ടപ്പെട്ടെങ്കിലും അടുത്ത സീസണിൽ ശക്തമായി തന്നെ ലീഗിൽ വരവറിയിക്കാൻ തയ്യാറെടുക്കുകയാണ്. കേരള ഫുട്ബോളിന്റെ അഭിമാന താരമായ ഈ മലപ്പുറംകാരൻ ഐ ലീഗിലും ഐഎസ്എല്ലിലുമായി ഏഴ് വ്യത്യസ്ത ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്.

ഐ ലീഗിൽ മുംബൈ എഫ്‌സി, പൂനെ എഫ്‌സി, മോഹൻ ബഗാൻ എന്നീ ടീമുകൾക്കും ഐഎസ്എല്ലിൽ ഡൽഹി ഡൈനാമോസ്, ജംഷെഡ്പൂർ എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സ്, എടികെ എന്നീ ക്ലബ്ബുകൾക്കും വേണ്ടി കളിച്ചിട്ടുണ്ട്. 2019-20 സീസണിൽ എടികെയോടൊപ്പം ഐഎസ്എൽ ജേതാവായിട്ടുണ്ട്.

സെന്റർ ബാക്ക്: മഷൂർ ഷെരീഫ്

ഐ ലീഗിലെ ചെന്നൈ സിറ്റി എഫ്‌സിയിൽ നിന്ന് 2020-21 സീസണിന് മുന്നോടിയാണ് മഷൂർ നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് എഫ്‌സിയിൽ എത്തുന്നത്. താരം കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം ക്ലബ് ഐഎസ്എല്ലിന്റെ പ്ലേഓഫിൽ എത്തി. കൂടാതെ ഈ വർഷം മാർച്ചിൽ ഇന്ത്യൻ ദേശീയ ടീമിൽ ഒമാനിന് എതിരായ സൗഹൃദ മത്സരത്തിൽ താരം അരങ്ങേറ്റം കുറിച്ചു .

ഒരു മുന്നേറ്റ താരമായി കരിയർ ആരംഭിച്ച മഷൂർ 2018 -19 സീസണിൽ ഐ ലീഗ് കിരീടം നേടിയ ചെന്നൈ സിറ്റി എഫ്‌സിക്ക് വേണ്ടി കളിച്ചതും മുന്നേറ്റത്തിലാണ് . എന്നാൽ തൊട്ടടുത്ത സീസണിൽ ക്ലബ്ബിന്റെ പ്രതിരോധത്തിൽ ഉണ്ടായ തകർച്ച അദ്ദേഹത്തെ സെന്റര് ബാക് പൊസിഷനിൽ കളിയ്ക്കാൻ നിര്ബന്ധിതനാക്കി . കഴിഞ്ഞ സീസൺ ഐഎസ്എല്ലിൽ ക്ലബിന് വേണ്ടി 11 മത്സരങ്ങളിൽ ഇറങ്ങിയ താരം 15 ടാക്കിളുകൾ , 10 ഇന്റർസെപ്ഷനുകൾ, 39 ക്ലിയറൻസുകൾ, 18 ബ്ലോക്കുകൾ എന്നിവയോടെ ലീഗിൽ തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ചിരുന്നു .

ലെഫ്റ്ബാക്ക്: റിനോ ആന്റോ

ഇന്ത്യയിലെ ഏറ്റവും പരിചയസമ്പന്നനായ ഫുൾബാക്ക് ആണ് തൃശൂർ സ്വദേശിയായ റിനോ ആന്റോ. ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെവളർന്നുവന്ന താരം ഇന്ത്യയിലെ മുൻനിരക്ലബ്ബുകളായ മോഹൻ ബഗാൻ, സാൽഗോക്കർ, ബെംഗളൂരു എഫ്‌സി, എടികെ, കേരള ബ്ലാസ്റ്റേഴ്‌സ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയിട്ടുണ്ട്. തുടർന്ന് 2020-21 സീസൺ ഐഎസ്എല്ലിന് മുന്നോടിയായി എസ്‌സി ഈസ്റ്റ് ബംഗാളിന് വേണ്ടി കരാർ ഒപ്പുവെച്ചെങ്കിലും ലീഗിനായുള്ള ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

ഇന്ത്യയുടെ ദേശീയ ടീമിന് വേണ്ടി അന്തർദേശീയ തലത്തിൽ ബൂട്ട് കെട്ടിയിട്ടുള്ള താരം അണ്ടർ 19 ,അണ്ടർ 23 ടീമുകൾക്ക് വേണ്ടിയും സീനിയർ ടീമിന് വേണ്ടിയും കളിച്ചിട്ടുണ്ട്. 2015 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒമാനിനെതിരെ കളിക്കളത്തിൽ ഇറങ്ങിയതാണ് സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത് .

റൈറ്റ് മിഡ്‌ഫീൽഡർ: രാഹുൽ കെ.പി

2017 ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടർ 17 ലോകകപ്പിൽ കളിച്ച ആദ്യ മലയാളി ഫുട്ബോൾ താരമാണ് രാഹുൽ കെപി . എഐഎഫ്എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരം ലോകകപ്പിന് ശേഷം എഐഎഫ്എഫ് ഡെവലൊപ്മെന്റ് ടീമായ ഇന്ത്യൻ ആരോസിന്റെ ഭാഗമായി. 2019 ൽ താരം നകേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചു. അരങ്ങേറ്റ സീസണിൽ ഹൈദരാബാദ് എഫ്‌സിക്ക് എതിരെ ഗോൾ നേടിയ താരത്തിന്റെ കരാർ നിലവിൽ അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

.2020 – 21 സീസണിൽ രാഹുൽ ക്ലബിന് വേണ്ടി 17 മത്സരങ്ങൾ കളിച്ചിരുന്നു . പ്രധാന എതിരാളികളായ എഫ്‌സിക്ക് എതിരെ രണ്ടു മത്സരങ്ങളിലും ഗോളുകൾ നേടിയ താരം ഇതിനോടകം തന്നെ ആരാധകർക്ക് പ്രിയപെട്ടവനാണ്. കലികാലത്ത്‌ പേസ് കൊണ്ടും വേഗത കൊണ്ടും എതിർ ടീമുകളുടെ പ്രതിരോധത്തെ തകർത്തു മുന്നേറുന്ന താരത്തെ ഇന്ത്യയുടെ ഭാവി താരങ്ങളിൽ ഒരാളായി കണക്കാക്കുന്നു.

സെൻട്രൽ മിഡ്‌ഫീൽഡർ: അർജുൻ ജയരാജ്

നിലവിൽ കേരളം ബ്ലാസ്റ്റേഴ്സിന്റെയും ഐഎസ്എല്ലിന്റെയും ഭാഗമല്ല അർജുൻ ജയരാജ് . ഒന്നര വര്ഷത്തിനടുത്ത് കേരളം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായിരുന്ന അർജുൻ ജയരാജ് ഒരു തവണ പോലും ക്ലബിന് വേണ്ടി അരങ്ങേറ്റം നടത്തിയിരുന്നല്ല. 2019 – 20 സീസണിൽ പരിക്ക് മൂലം സീസൺ നഷ്ട്ടപെട്ട താരം കഴിഞ്ഞ സീസണിൽ അവസരങ്ങൾ ലഭ്ക്കാത്ത മൂലം സീസണിന്റെ പകുതിയിൽ ക്ലബ് വിട്ടിരുന്നു . തുടർന്ന് താരം കേരളം പ്രീമിയർ ലീഗിൽ കേരള യുണൈറ്റഡിന്റെ ഭാഗമായി.

ഐ ലീഗിൽ ഗോകുലം കേരള ഭാഗമായിരുന്ന താരം നിലവിൽ തന്റെ കരിയർ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞ വര്ഷം തന്നെ ഐഎസ്എൽ, ഐ ലീഗ് ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ തേടിയെത്തിയ താരത്തിനെ വീണ്ടും ദേശീയ ലീഗുകൾ കാണാൻ സാധിക്കും എന്ന തന്നെ ആണ് പ്രതീക്ഷ.കളിക്കളത്തിൽ പന്ത് കൈവശം വെക്കുന്നതിനും മധ്യനിരയിൽ നിന്ന് കാളി നിയന്ത്രിക്കാനും കഴിവുള്ള താരം ഗോകുലം കേരളയോടൊപ്പം കേരളം പ്രീമിയർ ലീഗ് നേടിയിട്ടുണ്ട്.

സെൻട്രൽ മിഡ്‌ഫീൽഡർ: സഹൽ അബ്ദുൾ സമദ്

കഴിഞ്ഞ കുറച്ച വർഷങ്ങളായി കേരള ഫുട്ബോളിന്റെ മുഖമായി വളർന്നു വരുന്ന താരമാണ് സഹൽ. കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസർവ് ടീമിലൂടെ വളർന്നു വന്ന താരം 2018 ൽ സീനിയർ ടീമിൽ ഇടം നേടി.തുടർന്ന് 2018 – 19 സീസണിൽ ഐഎസ്എല്ലിലെ ‘എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ’ അവാർഡ് നേടിയതാണ് താരത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. തുടർന്ന് 2019ൽ ഐഐഎഫ്എഫിന്റെ ‘ എമെർജിങ് പ്ലേയർ ഓഫ് ദ ഇയർ’ അവാർഡും താരം നേടിയെടുത്തു.

2019-20 ഐഎസ്എൽ സീസൺ സഹലിന് ഏൽക്കോ ഷട്ടോറിയുടെ കീഴിൽ കൂടുതൽ സമയവും ബെഞ്ചിൽ ഉൾപ്പെട്ട് നിരാശജനകമായിരുന്നെങ്കിലും കഴിഞ്ഞ സീസണിൽ കിബു വിക്യൂനയുടെ കീഴിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കിബുവിനായി. കഴിഞ്ഞ സീസണിൽ തനിക്ക് കളിക്കളത്തിൽ വൈഡ് ആയി കളിക്കാൻ സാധിക്കുന്ന ഒരു നമ്പർ 10 ആയും തിളങ്ങാൻ സാധിക്കുമെന്ന് താരം തെളിയിച്ചു. നിലവിൽ 2025 വരെ ക്ലബ്ബുമായി കരാറിൽ ഏർപ്പെട്ട താരം ഭാവിയുടെ വാഗ്ദാനമായി കണക്കാക്കപ്പെടുന്നു.

ലെഫ്റ്റ് മിഡ്ഫീൽഡർ: ആഷിക് കുരുണിയൻ

ഇന്ത്യയിലെ തന്നെ ഏറ്റവും പേസും വേഗതയുമുള്ള താരമാണ് ആഷിക് കുരുണിയൻ. ബംഗളുരു എഫ്‌സിക്ക് വേണ്ടി ലെഫ്റ്റ് ബാക്കിലാണ് താരം കളിക്കുന്നത്. കരിയറിൽ പൂനെ എഫ്‌സിക്കും പൂനെ സിറ്റി എഫ്‌സിക്കും വില്ലറിയലിനും ലെഫ്റ്റ് വിങ്ങർ ആയി കളിച്ച താരത്തെ ബംഗളുരു എഫ്‌സിയുടെ മുൻ മുൻ പരിശീലകനായ കാർലെസ് ക്വഡാർട്ട് ആണ് കൂടുതൽ പ്രതിരോധത്തിൽ ഊന്നിയ ലെഫ്റ്റ് വിങ്ങ് ബാക്കിലേക്ക് താരത്തെ മാറ്റിയത്. എന്നിരുന്നാലും തന്റെ പൊസിഷനിൽ മികച്ച പ്രകടമാണ് താരം കാഴ്ച വെക്കുന്നത്.

എന്നാൽ ഇന്ത്യൻ ദേശീയ ടീമിൽ ഇഗോർ സ്റ്റിമാക്കിന്റെ വിശ്വസ്തനായ വിങ്ങർ ആണ് ആഷിക്. ഐഎസ് എല്ലിൽ ഇതുവരെ 50 മത്സരങ്ങൾ കളിച്ച താരം ദേശീയ ടീമിനായി 12 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

സ്ട്രൈക്കർ: സികെ വിനീത്

കേരളത്തിൽ നിന്നും ഉയർന്നു വന്നിട്ടുള്ള എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് സികെ വിനീത്. ഇന്ത്യയിലെ മുൻനിര ഫുട്ബോൾ ക്ലബുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ താരം ചിരാഗ് യുണൈറ്റഡ്, പ്രയാഗ് യുണൈറ്റഡ് ബംഗളൂരു എഫ്.സി എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ച ശേഷം 2015ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. തുടർന്ന് രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച ശേഷം വായ്പ അടിസ്ഥാനത്തിൽ ചെന്നൈയിൻ എഫ്‌സിയിൽ എത്തി.

കഴിഞ്ഞ രണ്ട് സീസണുകളിൽ വിനീത് ജംഷദ്‌പൂർ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകളുടെ ഭാഗമായി. ഇതുവരെ 60 ഐഎസ്എൽ മത്സരങ്ങൾ കളിച്ച താരം ഇതുവരെ 13 ഗോളുകളും 3 അസിസ്റ്റുകളും നേടി. ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിനായി ഏഴ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

സ്‌ട്രൈക്കർ: വി പി സുഹൈർ

മഷൂർ ഷെരീഫിനെ പോലെ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നൊപ്പം വളരെ മികച്ചൊരു സീസൺ ആയിരുന്നു ഐഎസ്എൽ അരങ്ങേറ്റത്തിൽ പാലക്കാട്ടുകാരൻ ആയ വിപി സുഹൈറിനും ലഭിച്ചത്. 2019-20 സീസണിൽ മോഹൻ ബഗാനൊപ്പം ഐ ലീഗ് കിരീടം നേടിയിട്ടാണ് താരം നോർത്ത് ഈസ്റ്റിൽ എത്തുന്നത്. ദേശീയ തലത്തിൽ പ്രയാഗ് യുണൈറ്റഡ്, ഗോകുലം കേരള എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ 19 മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും ഒരു അസിസ്റ്റും താരം നേടിയിട്ടുണ്ട്. ഒരു മുന്നേറ്റ താരം ആയിട്ട് കൂടി 64 ടാക്കിളുകളും 21 ഇന്റർസെപ്ഷനുകളും 12 ക്ലിയറൻസുകളും 25 ബ്ലോക്കുകളുമായി ടീമിന്റെ പ്രതിരോധത്തിലും താരം കാര്യമായ സംഭാവന നൽകിയിട്ടുണ്ട്. ക്ലബ്ബുമായി ഒരു വർഷത്തിൽ കൂടുതൽ കരാർ ഉള്ള താരം അടുത്ത സീസണിലും ക്ലബ്ബിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങും.

For more updates, follow Khel Now on TwitterInstagram and join our community on Telegram.