ഖേൽ നൗവിന്റെ ഈ സീസണിലെ കേരള പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിൽ ഉൾപ്പെട്ടിരുന്നു ഉവൈസ്.

കഴിഞ്ഞ സീസൺ കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്ക് വേണ്ടി ബൂട്ട് കെട്ടിയ മലയാളി പ്രതിരോധ താരം മുഹമ്മദ് ഉവൈസിനെ ഗോകുലം കേരള എഫ്‌സി സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു.

“മുഹമ്മദ് ഉവൈസുമായുള്ള കരാർ പൂർത്തിയാക്കാൻ ഗോകുലം കേരള എഫ്‌സി ശ്രമിക്കുന്നു,” ഇതുമായി ബന്ധപ്പെട്ട സ്രോതസ്സുകൾ ഖേൽ നൗവിനെ അറിയിച്ചു. ഒന്നിൽ കൂടുതൽ സീസണുകളിലേക്കുള്ള കരാറാണ് ഇതെന്നും ഞങ്ങൾ മനസിലാക്കുന്നു.

പൂനെയിലെ ഭാരത് എഫ്‌സിയിലൂടെയും ഡൽഹി യിലെ സുദേവ എഫ്‌സിയുടെ U18 ടീമിലൂടെയും വളർന്നു വന്ന താരമാണ് ഉവൈസ്. സുദേവ U18 ടീമിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഉവൈസ്. ഭാരത് എഫ്‌സിയിൽ എത്തുന്നതിന് മുൻപ് മലപ്പുറം ജില്ല ജൂനിയർ ടീമുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പിന്നീട് സുദേവ എഫ്‌സിയിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിയ താരം രണ്ടാം ഡിവിഷൻ ഐ-ലീഗിൽ എഫ്‌സി കേരളയുടെ ഭാഗമായിരുന്നു. തുടർന്ന് കേരള പ്രീമിയർ ലീഗിൽ എഫ്‌സി തൃശ്ശൂരിന്റെയും ഭാഗമായി.

തുടർന്ന് 2019ൽ ബംഗളുരു ഓസോൺ എഫ്‌സിയുടെ ഭാഗമായ താരം ബംഗളുരു സൂപ്പർ ഡിവിഷൻ കളിച്ചിട്ടുണ്ട്. സീസണിൽ ക്ലബ്ബിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു താരം.ഓസോൺ എഫ്‌സിക്ക് വേണ്ടി കാഴ്ച വെച്ച പ്രകടനം താരത്തെ 2020ലെ ഐ ലീഗ് യോഗ്യത ടൂർണമെന്റിൽ ബംഗളുരു യുണൈറ്റഡിന്റെ ഭാഗമാക്കി. ടൂർണമെന്റിന് ശേഷം തിരികെ നാട്ടിൽ എത്തിയ താരം 2021 ലെ കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്ക് വേണ്ടി അതിഥിതാരമായി ബൂട്ടണിഞ്ഞു.

കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിയുടെ ഫൈനലിലേക്കുള്ള കുതിപ്പിൽ മുഖ്യപങ്കു വഹിച്ച ഇരുപത്തിരണ്ടുകാരനായ ഈ യുവതാരം പ്രതിരോധത്തിൽ സ്ഥിരതയാർന്ന പ്രകടനമാണ് കെപിഎല്ലിൽ കാഴ്ചവെച്ചത്.  കെഎസ്ഇബിയുടെ ഗോൾവലക്ക് മുന്നിൽ പ്രതിരോധകോട്ട കെട്ടുന്നതിൽ വിജയിച്ച താരം അതോടൊപ്പം തന്നെ എതിർ ടീമുകൾക്ക് ഭീക്ഷണിയാകുന്ന രീതിയിൽ മുന്നേറ്റ താരങ്ങൾക്ക് ലോങ്ങ് ബോളുകൾ നൽകുന്നതിലും കൃത്യമായ പങ്ക് വഹിച്ചിട്ടുണ്ട്.  ഇന്ത്യൻ ഫുട്ബോളിൽ വളരെ അപൂർവം ആയി മാത്രം കാണാൻ സാധിക്കുന്ന ഇടംകാലൻ സെന്റർ ബാക്കുകളിൽ ഒരാളാണ് ഉവൈസ്. ഖേൽ നൗവിന്റെ കേരള പ്രീമിയർ ലീഗ് ടീം ഓഫ് ദി സീസണിന്റെ ഭാഗമായ താരം കൂടിയാണ് ഉവൈസ്.

കേരളത്തിൽ നിന്നുള്ള മികച്ച യുവതാരങ്ങളെ എക്കാലവും സ്കൗട്ട് ചെയ്ത് ടീമിലെത്തിക്കുന്ന ഗോകുലം കേരള എഫ്‌സി, ഈ സീസൺ കേരള പ്രീമിയർ ലീഗിൽ നിന്ന് നടത്തുന്ന രണ്ടാമത്തെ സൈനിങ് ആണ് ഉവൈസിന്റേത്. മുൻ ഇന്ത്യൻ U-19 ദേശീയ ഫുട്ബോൾ താരവും ബംഗളുരു എഫ്‌സിയുടെ റിസർവ് ടീമിന്റെയും ഭാഗമായിരുന്ന, കേരള പ്രീമിയർ ലീഗിൽ എംഎ ഫുട്ബോൾ അക്കാദമിക്ക് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയ മുഹമ്മദ് റാഫിയുടെ സൈനിങ് കഴിഞ്ഞ ആഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. അടുത്ത സീസണിൽ ഐ ലീഗ് കിരീടം നിലനിർത്താൻ വേണ്ടി പൊരുതാൻ ഇറങ്ങുന്ന ടീമാണ് തങ്ങളുടേത് എന്ന് അടിവരയിടുകയാണ് ഈ സൈനിങ്ങുകളിലൂടെ.

For more updates, follow Khel Now on TwitterInstagram and join our community on Telegram.