ഈ സീസണിലെ ആദ്യ സതേൺ ഡെർബി നാളെ ; മത്സരത്തിന്റെ വസ്തുതകൾ പരിശോധിക്കാം.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസൺ ഗോവയിൽ നടക്കുന്നു. എല്ലാ ടീമുകളും ഏറ്റവും കുറഞ്ഞത് ഒരു മത്സരം എങ്കിലും കളിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി എടികെ മോഹൻബഗാൻ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. ഈസ്റ്റ്‌ ബംഗാൾ ആകട്ടെ ആദ്യത്തെ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങുകയും ടേബിളിൽ അവസാനവും ആണ്. ഒരു തോൽവിയും ഒരു സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്ത് ആണ്. ക്ലബ്ബിന്റെ അടുത്ത മത്സരം ഞായറാഴ്ച വൈകീട്ട് ചെന്നൈയിൻ എഫ്‌സിക്ക് എതിരെ ആണ്.

ചെന്നൈയിൻ എഫ്‌സി ലീഗിൽ ഇത് വരെ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെയായുള്ള ഒരു മത്സരം മാത്രമേ കളിച്ചിട്ടുള്ളു. ആ മത്സരത്തിലെ വിജയത്തോടെയാണ് ചെന്നൈ ലീഗ് ആരംഭിച്ചത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ ആദ്യത്തെ മത്സരത്തിൽ എടികെ മോഹൻബഗാനോട് തോൽവി ഏറ്റുവാങ്ങുകയും അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിനോട് സമനിലയിൽ കുരുങ്ങുകയും ചെയ്തു.

ഗോവയിലെ ജിഎംസി ബാംബോലിം സ്റ്റേഡിയത്തിൽ ആതിഥേയരായ ചെന്നൈയിൻ എഫ്‌സിക്ക് എതിരെ നവംബർ 29ന് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ മത്സരത്തിന്റെ വിവിധങ്ങളായ ഘടകങ്ങൾ പരിശോധിച്ച് നോക്കാം.

ടീം വിശകലനം

ചെന്നൈയിൻ എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് ഏഴാം സീസൺ ആരംഭിക്കുന്നതിന് മുൻപ് ഭൂരിഭാഗം ആരാധകരുടെയും പോയിന്റ് ടേബിളിലെ ആദ്യ നാലിന്റെ സാധ്യത പട്ടികയിൽ ഉൾപ്പെടാതെപോയ ടീം ആയിരുന്നു ചെന്നൈയിൻ എഫ്‌സി. എന്നാൽ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെയുള്ള മത്സരം ഈ ചിന്തകളെയെല്ലാം മാറ്റി എഴുതി. മത്സരത്തിൽ അനിരുദ്ധ് താപയുടെ ഗോൾ അടക്കം രണ്ട് ഗോളുകൾക്കാണ് ചെന്നൈ വിജയിച്ചത്.

ഈ സീസണിൽ ഏറ്റവും മികച്ച സൈനിങ്ങുകൾ നടത്തിയ ടീമാണ് ചെന്നൈയിൻ എഫ്‌സി എന്ന് നിസംശയം പറയാം. കാരണം കഴിഞ്ഞ സീസണിന്റെ അവസാനം ക്ലബ് വിട്ട നേരിജസ്സ് വാൽസ്കിസ്, ജെജെ ലാൽപെഖുല, ലൂസിയാൻ ഗോയൻ എന്നിവർക്ക് പകരം താരങ്ങളെ ടീമിൽ എത്തിക്കുക എന്നതായിരുന്നു ചെന്നൈയിൻ എഫ്‌സി മാനേജ്മെന്റിനു മുന്നിൽ ഉണ്ടായിരുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിനാൽ തന്നെ മുന്നേറ്റ നിരയിലേക്ക് എസ്മൽ ഗോൺസാൽവേസിനെയും ജാകുബ് സിൽവേസ്റ്ററിനെയും പ്രതിരോധത്തിലേക്ക് എനെസ് സിപോവികിനെയും എഡ്വിൻ സിഡ്നിയെയും എലി സാബിയെയും ക്ലബ് എത്തിച്ചു. കൂടാതെ കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായ മധ്യനിര താരം റാഫെൽ ക്രിവെരല്ലാരോയെ നിലനിർത്തുകയുണ്ടായി. പരിശീലകനായി ഓവൻ കോയ്‌ലിനു പകരം ക്‌സബ ലാസ്ലോയെയും ടീമിൽ പുതുതായി എത്തിച്ചു.

കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെയുള്ളത് ചെന്നൈയിൻ എഫ്‌സിയുടെ രണ്ടാമത്തെ മത്സരമാണ്. അതിനാൽ തന്നെ തങ്ങൾ ഈ ടൂർണമെന്റിലെ ശക്തരായ ടീം ആണെന്ന് ആരാധകർക്ക് മുന്നിൽ തെളിയിക്കാൻ തുടർച്ചയായ രണ്ടാമത്തെ വിജയം അവർക്ക് അനിവാര്യമാണ്. സത്യത്തിൽ, ഐഎസ്എല്ലിലെ ശക്തമായ മത്സരങ്ങൾ സൃഷ്ടിക്കാൻ ശേഷിയുത് ടീമാണ് ഞങ്ങൾ എന്ന് ചെന്നൈയിൻ എഫ്‌സി ആദ്യത്തെ മത്സരത്തിൽ തന്നെ തെളിയിച്ചിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

വളരെയധികം പ്രതീക്ഷകളോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിലേക്ക് കടന്നു വന്നത്. അതും ടീമിൽ വളരെയധികം മാറ്റങ്ങളുമായി. കൂടാതെ ടീം മാനേജ്മെന്റിലും വമ്പൻ അഴിച്ചുപണികൾ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ സീസണിലെ ടീമിന്റെ മുഖ്യപരിശീലകൻ ആയിരുന്ന എൽക്കോ ഷട്ടോരിക്ക് പകരം കിബു വിക്യൂനയെ ടീമിൽ എത്തിച്ചത്.

Watch: Kibu Vicuna’s pre-match press conference

കഴിഞ്ഞ സീസണിൽ ക്ലബ്ബിനെ പ്രതിനിധീകരിച്ച താരങ്ങളിൽ ആറ് വിദേശതാരങ്ങൾ ഉൾപ്പെടെയുള്ള പതിനഞ്ച് പേരെയാണ് ക്ലബ് ഇത്തവണ റിലീസ് ചെയ്തത്. അവർക്ക് പകരം പുതിയ താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കുകയും ചെയ്തു. മുൻപ് സൂചിപ്പിച്ചത് പോലെ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ വിജയത്തിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശ്രമിക്കുന്നത്. എടികെ മോഹൻബഗാനുമായുള്ള ആദ്യ മത്സരം തോൽക്കുകയും കഴിഞ്ഞ വ്യാഴാഴ്ച നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡുമായുള്ള രണ്ടാം മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തതോടെ വിജയത്തിന് വേണ്ടിയുള്ള സമ്മർദ്ദം ടീമിൽ രൂപപ്പെട്ട് കഴിഞ്ഞു.

കഴിഞ്ഞ മത്സരത്തിൽ ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾക്ക് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ നോർത്ത് ഈസ്റ്റ്‌ രണ്ട് ഗോളുകൾ നേടി മത്സരം തിരിച്ചു പിടിക്കുകയായിരുന്നു. തന്റെ ടീം രണ്ടാം പകുതിയിൽ മോശമായാണ് കളിച്ചതെന്ന് മത്സരശേഷം കിബു പ്രസ്താവിച്ചിരുന്നു.

ലീഗിന്റെ അവസാനം കേരള ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിൽ എത്താനുള്ള സാധ്യത കൂടണമെങ്കിൽ നാളത്തെ മത്സരത്തിൽ ഒരു വിജയം അനിവാര്യമാണ്. നിലവിൽ, രണ്ട് മത്സരത്തിൽ നിന്ന് ഒരു സമനിലയും ഒരു തോൽവിയും നേടി ഒരു പോയിന്റ് മാത്രമാണ് കേരളത്തിന്റെ സമ്പാദ്യം.

ടീം വാർത്ത

ജംഷെഡ്പൂരിനെതിരായ ആദ്യ മത്സരം വളരെ നന്നായിട്ട് തന്നെയാണ് ചെന്നൈയിൻ കളിച്ചത്. അതിനാൽ തന്നെ അടുത്ത മത്സരത്തിൽ കോച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയാലും അത്ഭുതപെടാനില്ല. മാത്രമല്ല, തെക്കേ ഇന്ത്യയിലെ രണ്ട് പ്രധാന ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടം ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപെട്ട മത്സരങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. അതിനാൽ ഏറ്റവും മികച്ച ടീമിനെ ആയിരിക്കും ഞായറാഴ്ച കോച്ച് കളത്തിൽ ഇറക്കുന്നത്.

ക്രിവെല്ലരോ, താപ, ചാങ്തെ, സാബിയ,എസ്മെൽ തുടങ്ങിയവർ ആദ്യ പതിനൊന്നിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എന്നാൽ ദീപക് താങ്കിറിയാകട്ടെ ആരാധകരെ അത്ഭുപെടുത്തിയാണ് ആദ്യ പതിനൊന്നിൽ ഉൾപ്പെട്ടത്. അതിനാൽ തന്നെ അടുത്ത മത്സരത്തിലും താരത്തിന് അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിൽ, ആദ്യത്തെ രണ്ട് മത്സരങ്ങളിൽ കളിക്കളത്തിൽ ടീമിന് ഏറ്റവും അധികം പ്രശ്നം സൃഷ്ട്ടിച്ചത് ടീമിന്റെ മുന്നേറ്റനിരയും മധ്യനിരയും ആയിരുന്നു. കൂടാതെ പരിക്കിന്റെ പിടിയിലായ രാഹുൽ കെപി, സഹൽ അബ്ദുൾ സമദ് എന്നിവർ അടുത്ത മത്സരം കളിക്കുന്ന കാര്യത്തിൽ സംശയമുണ്ട്. എന്നാൽ പ്രതിരോധത്തിൽ കാര്യമായ പ്രശ്നങ്ങൾ അദ്ദേഹം ഉന്നയിക്കാത്തതിനാൽ സെന്റർ ഡിഫെൻസിൽ കോസ്റ്റ നാമായിൻസുവിനും ബക്കരി കോനക്കും ഒപ്പം നിഷുകുമാറും ജെസ്സൽ കാർനെയ്‌രോക്കും ആയിരിക്കും വിങ് ബാക്കുകൾ ആയി ഇറങ്ങുക.

കൂടാതെ, ഗോൾകീപ്പർ ആൽബിനോ ഗോമസിനൊപ്പം വിസെന്റെ ഗോമസും സെർജിയോ സിഡോഞ്ചായുമാകും ആദ്യ പതിനൊന്നിൽ സ്ഥാനം ഉറപ്പിക്കുന്ന മറ്റു താരങ്ങൾ.

ഇഞ്ചോടിഞ്ച്

Watch: Kerala Blasters 3-6 Chennaiyin FC highlights

കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും ഇതുവരെ 14 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ മൂന്നെണ്ണം കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ ആറെണ്ണത്തിൽ ചെന്നൈ ജയിച്ചു. അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

ഈ പതിനാല് മത്സരങ്ങളിൽ നിന്നായി ചെന്നൈയിൻ എഫ്‌സി 22 ഗോളുകളും കേരള ബ്ലാസ്റ്റേഴ്‌സ് 18 ഗോളുകളും നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ രണ്ട് കളികളിലും വിജയം ചെന്നൈക്ക് ആയിരുന്നു. ഡിസംബർ 20 ലെ മത്സരം 3-1 ഉം ഫെബ്രുവരി 1ലേത് 6-3 ഉം ആയിരുന്നു.

ശ്രദ്ധിക്കേണ്ട താരങ്ങൾ

എസ്‌മേൽ ഗോൺസൽവേസ് ( ചെന്നൈയിൻ എഫ്‌സി )

കഴിഞ്ഞ മത്സരത്തിൽ അനിരുദ്ധ് താപ ആയിരുന്നു കളിക്കളത്തിലെ താരമെങ്കിലും വ്യക്തിപരമായി എസ്‌മേൽ ഗോൺസൽവേസ് ആണ് ആ കളി നിയന്ത്രിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. അദ്ദേഹം അടിച്ച ഗോൾ അടക്കം ചെന്നൈ നേടിയ രണ്ട് ഗോളിനും വഴിയൊരുക്കിയത് അദ്ദേഹമായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിന് ചില സമയങ്ങളിൽ ശ്രദ്ധ തെറ്റാമെന്നും നല്ലൊരു മുന്നേറ്റതാരത്തിന് ആ അവസരം മുതലെടുത്ത് ടീമിനെതിരെ ഗോൾ നേടാമെന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. ആദ്യ മത്സരത്തിൽ റോയ് കൃഷ്‌ണയും രണ്ടാമത്തെ മത്സരത്തിൽ ക്വസി അപ്പിയയും ഇദ്റീസ്സ സില്ലയും ഈ പിഴവ് കാണിച്ചു തന്നിട്ടുണ്ട്. അതിനാൽ തന്നെ എസ്മലിന്റെ കൃത്യതയോടെ ഗോൾ നേടാനുള്ള കഴിവ് ചെന്നൈക്ക് കേരളത്തിന്‌ മുകളിൽ ഒരു മുൻ‌തൂക്കം നൽകുന്നുണ്ട്.

സെർജിയോ സിഡോഞ്ച

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിൽ മതിപ്പുണ്ടാക്കിയ താരമാണ് സിഡോഞ്ച. ടീമിന്റെ ആക്രമണത്തിൽ തന്റെതായ മുദ്ര പതിപ്പിക്കുന്ന താരം നോർത്ത് ഈസ്റ്റിനെതിരെ ഒരു ഗോൾ നേടിയിരുന്നു. കൂടാതെ ഗാരി ഹൂപ്പർ ഗോൾപോസ്റ്റിനു മുന്നിൽ ലഭിച്ച ഒരു സുവർണവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ സിഡോഞ്ചക്ക് ഒരു അസ്സിസ്റ്റ്‌ കൂടി ലഭിക്കുമായിരുന്നു.

ഈ വർഷം കേരള ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയ ഏക വിദേശതാരമാണ് നിലവിൽ ക്ലബ്ബിന്റെ നായകന്മാരിൽ ഒരാൾ കൂടിയായ സിഡോ. ക്ലബ് മാനേജ്മെന്റിന് സിഡോയിലുള്ള വിശ്വാസം അദ്ദേഹം കളിക്കളത്തിൽ തെളിയിച്ചുകൊണ്ട് ഇരിക്കുകയാണ്.

സാധ്യത ലൈൻഅപ്പ്‌

ചെന്നൈയിൻ എഫ്‌സി

കൈത് (GK); സിങ്, സാബിയ, സിപോവിക്, ലാൽച്ചു‌നമാവിയ; താപ, താങ്‌രി; ഗോൺകാൽവേസ്, ക്രിവെല്ലരോ, ചാങ്തെ; സിൽവേസ്റ്റർ.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

ഗോമേസ് ( GK ); നിഷു, കോനെ, കോസ്റ്റ, ജെസ്സൽ; ഗോമസ്, ജീക്സൺ; സിഡോഞ്ച, റിഥ്വിക്, സെയ്ത്യാസെൻ; ഗാരി ഹൂപ്പർ.

ALSO READ: കോസ്റ്റയുടെയും, കോണിന്റെയും കാര്യത്തിൽ എനിക്ക് സംശയമില്ല; കിബു വികൂന

നിങ്ങൾക്ക് അറിയാമോ?

  • ആദ്യത്തെ മത്സരത്തിൽ ഒരു ഷോട്ട് എങ്കിലും എടുത്ത ഏറ്റവും അധികം താരങ്ങൾ (8) ഉള്ള രണ്ട് ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും.
  • ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ ഗോൾ ആണ് അനിരുദ്ധ് താപ ജംഷെഡ്പൂർ എഫ്‌സിക്ക് എതിരെ 47ആം സെക്കൻഡിൽ നേടിയത്.
  • കേരള ബ്ലാസ്റ്റേഴ്‌സ് ഷോട്ട് കൃത്യത (13.3%) ഈ സീസൺ ഐഎസ്എല്ലിൽ ഏറ്റവും കുറഞ്ഞതിൽ രണ്ടാമത്തേതാണ്. മുംബൈ സിറ്റിക്കാണ് ഏറ്റവും കുറവ് (12.5%). 15 ഷോട്ടുകളിൽ ലക്ഷ്യത്തിൽ എത്തിയത് രണ്ടെണ്ണം മാത്രമാണ്.

കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്‌സിയും തമ്മിലുള്ള മത്സരം സ്റ്റാർ സ്പോർട്സ് 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 2 എസ്ഡി, എച്ച്ഡി (ഇംഗ്ലീഷ്), സ്റ്റാർ സ്പോർട്സ് ഹിന്ദി 1 എസ്ഡി, എച്ച്ഡി, സ്റ്റാർ സ്പോർട്സ് 3, സ്റ്റാർ ഗോൾഡ് 2 (ഹിന്ദി) എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്യും, ഏഷ്യാനെറ്റ് പ്ലസിൽ മലയാളത്തിലും സ്റ്റാർ സ്പോർട്സ് പ്രാദേശിക ചാനലുകളിലും ( ബംഗ്ലാ, കന്നഡ, തമിഴ്, തെലുങ്ക്, മറാത്തി ), ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി, ജിയോ ടിവി എന്നിവയിലും മത്സരത്തിന്റെ തത്സമയം കാണാവുന്നതാണ്.

For more updates, follow Khel Now on Twitter and join our community on Telegram.