കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ലിവിങ്സ്റ്റൺ ക്ലബ്ബിലേക്കാണ് മറ്റേജ് പോപ്ലാന്റിക് മാറിയത്.

കുറച്ചു വർഷങ്ങളുടെ കരാർ അടിസ്ഥാനത്തിൽ 2018 സീസണിലാണ് മറ്റേജ് പോപ്ലാന്റിക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. അദ്ദേഹത്തിന്റെ മുൻ പ്രകടനങ്ങൾ വെച്ചിട്ട് ഗോളടി യന്തമായിട്ടായിരുന്നു അദ്ദേഹത്തെ കണക്കാക്കിയിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ നേടാനെ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുള്ളു. അതിനാൽ 2019 സീസണിൽ കപോസ്വറി റാക്കോസി എന്ന ഹങ്കറി ക്ലബ്ബിലേക്ക് അദ്ദേഹത്തിന് ലോണിൽ പോകേണ്ടി വന്നു. ഒരു സ്റ്റാർട്ടിങ് ഗെയിം ഉൾപ്പെടെ 6 മത്സരങ്ങൾ കളിക്കാനുള്ള അവസരം  മാത്രമേ അദ്ദേഹത്തിന് അവിടെ ലഭിച്ചിരുന്നുള്ളു. അവിടെ അവസരങ്ങൾ ലഭിക്കാത്തതിന്റെ നിരാശ മറ്റേജ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

2020-21 സീസണിൽ അദ്ദേഹം തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം ആയിരുന്നില്ല. മറ്റേജും  മറ്റു താരങ്ങളോടൊപ്പവും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഓൺലൈനിൽ നടത്തുന്നതിന്റെ ചിത്രങ്ങൾ ഈയിടെ കിബു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനെല്ലാം അവസാനം നൽകിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സിൽ നിന്ന് അദ്ദേഹം വിടവാങ്ങിയ വാർത്ത വന്നത്.

2018 സീസണിലെ ആദ്യ മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സ് – എ ടി കെ മത്സരം ഒരു ബ്ലാസ്റ്റേഴ്‌സ് ആരാധകനും മറക്കാൻ കഴിയില്ല. മറ്റേജും സ്ലാവിസയും ഓരോ ഗോൾ വീതം നേടി കൊച്ചി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിപ്പിച്ച വിജയം ഏവർക്കും നല്ല പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് സീസൺ നല്ല രീതിയിൽ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.

കേരള ബ്ലാസ്റ്റേഴ്സിൽ നിന്നുള്ള  വിടവാങ്ങൽ അവസരത്തിൽ, മഞ്ഞപ്പടയോടുള്ള തന്റെ സ്നേഹത്തെ കുറിച്ച് പോപ്ലാന്റിക്ക് സോഷ്യൽ മീഡിയയിൽ ഇപ്രകാരം കുറിച്ചു “മഞ്ഞപ്പട, ഇതൊരു ഗുഡ് ബൈ അല്ല മറിച്ച് ലൈഫിലെ കൂടുതൽ അവസരങ്ങളും വെല്ലുവിളികളും നേരിടാനുള്ള സമയമാണ്. നിങ്ങളെയെല്ലാം ഞാൻ മിസ്സ്‌ ചെയ്യും,  ഞാൻ എല്ലാ ദിവസവും നിങ്ങളെ പറ്റി ഓർക്കും. ഇനി മുതൽ ഞാൻ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരനല്ല, ഇപ്പോൾ മുതൽ ഞാൻ മഞ്ഞപ്പടയുടെ ഭാഗമാണ്. ഓരോ സെക്കന്റിലും നിങ്ങൾ തന്ന പിന്തുണയ്ക്ക് എല്ലാ വിധ നന്ദിയും ഞാൻ അറിയിക്കുന്നു.  എന്റെ ഇന്ത്യയിലെ അനുഭവങ്ങൾ  വിസ്മയകരമായി മാറ്റിയത് നിങ്ങളാണ്. എല്ലാറ്റിനും ഒരിക്കൽ കൂടി നന്ദി. അടുത്ത് തന്നെ നിങ്ങളെ  കാണാം എന്ന് വിശ്വസിക്കുന്നു.”

കഴിഞ്ഞ സ്കോട്ടിഷ് പ്രീമിയർ ലീഗ് സീസണിൽ അഞ്ചാം സ്ഥാനത്താണ് ലിവിങ്സ്റ്റൺ ഫ് സി എത്തിയത്. മുൻ സ്ലോവേനിയ അണ്ടർ 21 താരമായിരുന്ന മറ്റേജ് പോപ്ലാന്റിക്കിന്  മികച്ച അവസരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന് പഴയ ഫോം വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സ്പോർട്ടിങ് ഡിറക്ടറായ ചുമതലയേറ്റ കരോലിസ് സ്കിൻകിസിന്റെ കീഴിൽ പല മാറ്റങ്ങളും ബ്ലാസ്റ്റേഴ്സിൽ നടക്കുണ്ട്. ഇന്ത്യൻ താരങ്ങളുൾപ്പെടെയുള്ളവരോട് ശമ്പളത്തിൽ കുറവ് വരുത്താൻ മുൻപ് മാനേജ്മെന്റ്  ആവശ്യപ്പെട്ടിരുന്നു. വെയിറ്റ് ആൻഡ് വാച്ച് പോളിസിയാണ് കരോലിസ് നടപ്പിലാക്കുന്നതെന്നാണ് സൂചന. ടീമിന്റെ ബഡ്ജറ്റിന് ഉതകുന്ന കളിക്കാരെ സമയമെടുത്തു കണ്ടുപിടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ആൽബിനോ ഗോമസ്, നിഷു കുമാർ, ഗിവ്‌സൺ തുടങ്ങിയ താരങ്ങൾ പുതുതായി കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നിട്ടുണ്ട്.

For more updates, follow Khel Now on Twitter and join our community on Telegram.