Advertisement

Football in Malayalam

അനാലിസിസ് : കേരള ബ്ലാസ്റ്റേഴ്സിലെ സന്ദേശ് ജിങ്കൻ

Published at :May 26, 2020 at 3:40 PM
Modified at :May 26, 2020 at 3:40 PM
Post Featured

ജിംഗനോടുള്ള ആദരസൂചകമായി ക്ലബ്ബിന്റെ 21ആം നമ്പർ ജേഴ്‌സി മാറ്റി വെച്ചു.

സന്ദേശ് ജിങ്കൻ കേരള ബ്ലാസ്റ്റേഴ്‌സുമായ് വേർപിരിയുകയാണെന്ന് വാർത്തയോട്  വലിയ ഞെട്ടലോടെയാണ് ആരാധകർ പ്രതികരിച്ചത്. ഒരുപക്ഷെ ക്ലബ്ബിന്റെ മുഖമായി പലപ്പോഴും ആരാധകർ അദ്ദേഹത്തെ കണ്ടിട്ടുണ്ട്. വൈകാരികമായി സന്ദേശ് ജിങ്കൻ തന്നെ വിടപറയൽ കുറിപ്പ് പങ്കുവെച്ചതോടെ, സന്ദേശ് ജിങ്കൻ എന്ന് വന്മതിൽ ബ്ലാസ്റ്റേഴ്സിൽ തുടരില്ലെന്ന സത്യം ആരാധകർ മനസ്സിലാക്കി.

ആരാധകർ നെഞ്ചിലേറ്റിയ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം കപ്പിത്താനായിരുന്നു അദ്ദേഹം. ഗാലറിയിൽ ആർത്തുല്ലസിച്ച് ജിങ്കനെ പിന്തുണയ്ക്കുന്ന മഞ്ഞപ്പടയ്ക്ക് ഇത്‌ വിഷമകരമായ വർത്തയാണെന്ന കാര്യത്തിൽ തര്ക്കമില്ല. കേരള ബ്ലാസ്റ്റേഴ്സിൽ സന്ദേശ് ജിങ്കൻറെ വളർച്ചയെ കുറിച്ച് ഒരു അവലോകനം നടത്തുന്നു.

കരിയറിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവാൻ സന്ദേശ് ജിങ്കന് കഴിഞ്ഞു. പല യുവ താരങ്ങൾക്കും, നല്ല അവസരങ്ങൾ ലഭിച്ചു, മുന്നേറാൻ കഴിയുന്ന ക്ലബ്ബ്കളാണ് ആവശ്യം, സന്ദേശ് ജിങ്കന്  അത് കേരള ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു.

ഐ ലീഗിൽ യുണൈറ്റഡ് സിക്കിമിന് വേണ്ടിയും രംഗ്ടാജിദ്‌ യുണൈറ്റഡ് ക്ലബ്ബിന് വേണ്ടിയും സന്ദേശ് മുൻപ് കളിച്ചിട്ടുണ്ട്. എന്നാൽ ഐ സ് ൽ പോലുള്ള വലിയ ലീഗിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം നലകിയത് കേരള ബ്ലാസ്റ്റേഴ്‌സാണ്. ഐ സ് ല്ലിന്റെ ആദ്യ സീസണിന് വേണ്ടിയുള്ള കളിക്കാരുടെ ലേലം വിളിയിൽ മെഹ്‌താബ് ഹുസൈന് ശേഷം രണ്ടാമത് ക്ലബ്ബ് വിളിച്ചത്  സന്ദേശ് ജിങ്കനെയായിരുന്നു.

തന്റെ ആദ്യ സീസണിൽ 14 മൽസരങ്ങൾ കളിച്ച ജിങ്കൻ, ടീമിന് വേണ്ടി 1252 മിനുട്ടുകൾ കളത്തിലിറങ്ങി. സഹതാരങ്ങളുമായ് താരതമ്യപെടുത്തിയാൽ ഏറ്റവും ടാക്കിളുകൾ നേടിയ താരവും അദ്ദേഹം തന്നെ. ഇയാൻ ഹ്യൂമ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അസ്സിസ്റ്റ്‌ ടീമിന് വേണ്ടി നൽകിയതും സന്ദേശ് തന്നെയായിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ ആദ്യ സീസണിന്റെ എമേർജിങ് പ്ലയെർ ഓഫ് ദി ഇയർ  പുരസ്‌കാരം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു.

രണ്ട് ഫൈനലുകളിൽ എത്തിയത് ഉൾപ്പെടെ ആദ്യ മൂന്നു സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബ്ലാസ്റ്റേഴ്സിനായി. എന്നാൽ അവസാന 3 സീസണുകളിൽ  ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തു വളരാൻ ടീമിന് സാധിച്ചില്ല. തുടർച്ചയായ പരിശീലകരുടെ മാറ്റവും, ചില തെറ്റായ തീരുമാനങ്ങളും ടീമിനെ തളർത്തി. എന്നാൽ കഴിഞ്ഞ 6 വർഷവും ജയത്തിലും തോൽവിയിലും കൂടെനിന്ന് ആരാധകരുടെ മനം കവർന്ന താരമാണ് സന്ദേശ് ജിങ്കൻ. പല സമ്മർദ്ദ ഘട്ടങ്ങളിലും ടീമിനെ ഒറ്റകെട്ടായി മുന്നിൽ നയിക്കാനും, പ്രതിരോധ നിരയിൽ ശക്തമായ സാന്നിധ്യമാകാനും അദ്ദേഹത്തിന് സാധിച്ചു. ആരാധകർ ഏറെ ഇഷ്ടപെടുന്ന അദ്ദേഹത്തിനെ നേതൃപാടവവും ഉർജ്ജസ്വലതയുമാവും അവർക്ക് ഏറ്റവും കൂടുതൽ  നഷ്ടപ്പെടാൻ പോകുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (76) കളിച്ച താരവും സന്ദേശ് തന്നെയാണ്. ടീം ലൈനപ്പിൽ സ്ഥിരം സാന്നിധ്യാമായി മാറിയ അദ്ദേഹം, തന്റെ മികച്ച പ്രകടനത്തോടെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർന്ന് ഇന്ത്യൻ സീനിയർ ടീമിൽ കയറുകയും, ടീമിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. നിലവിൽ ഏറ്റവും വിലയുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് സന്ദേശ് ജിങ്കൻ.

ഒരു യുവ താരം എന്ന നിലയിൽ നിന്ന് രാജ്യത്തിന്റെ പ്രധാന ഫുട്ബോളർമാരിൽ ഒരാളായി വളരാൻ കേരള ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് അവസരമൊരുക്കി. എന്നാൽ ഈ കാലയളവിൽ ടീമിന്  വേണ്ടി ഒരു കപ്പ് നേടിക്കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്നത് അദ്ദേഹത്തെ അലട്ടുന്നുണ്ടാകാം.

2014,2016 സീസണുകളിൽ ഫൈനലിൽ പതറിപ്പോയ കേരള ബ്ലാസ്റ്റേഴ്സിന്, പിന്നീടുണ്ടായ രണ്ട് സീസണുകളിൽ പ്ലേയോഫിൽ പോലും കയറാൻ സാധിച്ചില്ല. എന്നാൽ 2017ൽ 6 മാസത്തെ ലോൺ അടിസ്ഥാനത്തിൽ ബംഗളുരുവിൽ പോയ ജിങ്കൻ, അവരെ ഫെഡറേഷൻ കപ്പ്‌ ജേതാക്കളാക്കി.

ഏതു വിധേനയും കപ്പ്‌ നേടുക എന്ന ലക്ഷ്യം വെച്ചായിരുന്നു സന്ദേശും കേരള ബ്ലാസ്റ്റേഴ്സും 2019-20 സീസണിന് വേണ്ടി ഒരുങ്ങിയത്. എന്നാൽ സന്ദേശിന് സീസൺ നഷ്ടമാകുന്ന തരത്തിലുള്ള പരിക്കേൽക്കുകയും, ടീമിന് മറ്റു ചില പ്രശ്നങ്ങൾ നേരിടുകയും ചെയ്തു.

കേരള ബ്ലാസ്റ്റേഴ്സിന്റെ കൂടെയുണ്ടായിരുന്ന കാലയളവിൽ പല പരിക്കുകളും അദ്ദേഹത്തെ വേട്ടയാടിയിരുന്നു. കഴിഞ്ഞ 6 വർഷത്തിനിടെ അദ്ദേഹത്തിന്റെ ഇടത് കാൽമുട്ടിന്  3 ചെറുതും 3 വലുതുമായ പരിക്കുകൾ നേരിട്ടിരുന്നു.

അദ്ദേഹത്തിന്റെ കടുപ്പമേറിയ ടാക്കിളുകളും ഗോൾ ലൈൻ സേവുകളും ഒരു ആരാധകനും മറക്കാൻ സാധിക്കില്ല. തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനം ആയിരുന്നെന്നു ഇതെന്ന് സന്ദേശ് എഴുതിയിരുന്നു. ആരാധകർക്കും സന്ദേശ് ജിങ്കൻറെ കുറിപ്പിലെ അവസാന വരിയായിരിക്കാം വായിക്കാൻ ഇഷ്ടപ്പെടുന്നത് "ഒരായിരം നന്ദി, നമ്മൾ എന്നും ഒരു കുടുംബമായിരിക്കും".

For more updates, follow Khel Now on Twitter and join our community on Telegram.

Hi ther