കേരള ബ്ലാസ്റ്റേഴ്‌സുമായി 2021/22 സീസൺ വരെയുള്ള മൂന്ന് വർഷത്തെ കരാറാണ് അർജുൻ ജയരാജിന് ഉണ്ടായിരുന്നത്.

അറ്റാക്കിങ് മിഡ്‌ഫീൽഡർ ആയ അർജുൻ ജയരാജ്‌ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ പരസ്പര സഹകരണത്തോടെ അവസാനിപ്പിച്ചതായി ഖേൽ നൗ മനസിലാക്കുന്നു. ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന് വേണ്ടി ഗോവയിലെ ബയോ ബബിളിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിന്റെ ഭാഗമാണ് നിലവിൽ അർജുൻ.

“കേരള ബ്ലാസ്റ്റേഴ്സും അർജുൻ ജയരാജും കരാർ അവസാനിപ്പിക്കുന്നതിന് പരസ്പര ധാരണയിൽ എത്തി.” ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. 2022/21 സീസണിന്റെ അവസാനം വരെയുള്ള മൂന്ന് വർഷത്തെ കരാറിലാണ് അർജുൻ ജയരാജ്‌ 2019 ജൂലൈയിൽ ഒപ്പ് വെച്ചത്. എന്നാൽ ക്ലബ്ബിൽ നിന്നും താരം കരാർ അവസാനിപ്പിച്ച് പുറത്ത് പോകുന്നതിൽ താല്പര്യം കാണിക്കാതിരുന്ന ക്ലബ് താരത്തെ വായ്പാടിസ്ഥാനത്തിൽ മറ്റു ക്ലബ്ബുകൾക്ക് നൽകാനായിരുന്നു ശ്രമിച്ചിരുന്നത്. ചില ഐഎസ്എൽ ക്ലബ്ബുകൾക്കും ഐ ലീഗ് ക്ലബ്ബുകളിൾക്കും അർജുനിനെ നൽകാൻ ശ്രമിച്ചതായും ഖേൽ നൗ മനസിലാക്കുന്നു. എന്നാൽ കളിക്കളത്തിൽ കൂടുതൽ കളിസമയം ലഭിക്കുന്നതിന് വേണ്ടി സ്വന്തം താല്പര്യത്തിലാണ് അർജുൻ ജയരാജ്‌ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കാൻ ഉള്ള തീരുമാനത്തിൽ എത്തിയത്.

അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ് നേടിയ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിലൂടെയാണ് അർജുൻ ജയരാജ്‌ തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. യൂണിവേഴ്സിറ്റിക്ക് വേണ്ടി ഗോകുലം കേരള എഫ്‌സിക്ക് എതിരെ നടന്ന സൗഹൃദമത്സരത്തിലെ താരത്തിന്റെ ഒരു ഗോൾ കൂടി ഉൾപ്പെട്ട പ്രകടനം അർജുനിനെ 2017ൽ ഗോകുലം കേരള എഫ്‌സിയിൽ എത്തിച്ചു. 2017/18 സീസണിൽ ഗോകുലം കേരള എഫ്‌സിക്ക് വേണ്ടി കേരള പ്രീമിയർ ലീഗിൽ അരങ്ങേറിയ താരം ഫൈനലിൽ ഒരു ഗോൾ നേടി ടീമിനെ ടൂർണമെന്റ് ജേതാക്കളാക്കി.

തുടർന്ന് അതേ സീസണിൽ തന്നെ ഡിസംബറിൽ ഇന്ത്യൻ ആരോസിന് എതിരെ ഐ ലീഗിലും താരം അരങ്ങേറ്റം നടത്തി. ഒരു മാസത്തിന് ശേഷം ഷില്ലോങ്ങ് ലാജോങ്ങിന് എതിരെ 90 ആം മിനുട്ടിൽ നേടിയ വിജയഗോളിലൂടെ അർജുൻ ഐ ലീഗിൽ തന്റെ ആദ്യ ഗോൾ കണ്ടെത്തി.അതേ വർഷം തന്നെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് എതിരെയും ബംഗളുരു എഫ്‌സിക്ക് എതിരെയും സൂപ്പർ കപ്പിൽ താരം കളിക്കളത്തിൽ ഇറങ്ങി. തുടർന്ന് 2018/19 സീസണിൽ ഗോകുലം കേരള എഫ്‌സിയുടെ ആദ്യ പതിനൊന്നിലെ സ്ഥിരം സാന്നിധ്യമായി. എ വർഷം നവംബറിൽ ചർച്ചിൽ ബ്രദർസിന് എതിരെ അർജുൻ മറ്റൊരു ഗോൾ കൂടി നേടി.

സീസണിന്റെ അവസാനം 21 ലക്ഷം രൂപയുടെ കൈമാറ്റതുകയിൽ അർജുൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗം ആയിത്തീർന്നു. എന്നാൽ പ്രീസീസണിൽ ഉണ്ടായ ഇഞ്ചുറി അർജുനിന്റെ കരിയർ മാറ്റിമറിച്ചു. തുടർന്ന് അന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യപരിശീലകൻ ആയിരുന്ന ഏൽക്കോ ഷട്ടോരി താരത്തെ ക്ലബ്ബിന്റെ ഐഎസ്എൽ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി. എന്നാൽ സീസണിന്റെ അവസാനം ഉണ്ടായ കോവിഡ് 19 പ്രതിസന്ധി അർജുനിന്റെ തിരിച്ചുവരവ് വൈകാൻ കാരണം ആയെങ്കിലും ഈ വർഷം സീസണ് മുന്നോടിയായി പൂർണമായ ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ചുവന്നു. തുടർന്ന് ക്ലബ്ബിന്റെ ഗോവയിലേക്ക് പോകുന്ന പ്രീസീസൺ ടീമിന്റെ ഭാഗമായ അർജുൻ ഒരു മാസത്തിന് ശേഷം ക്ലബ്ബിന്റെ 2020/21 സീസണിലേക്കുള്ള അവസാന സ്‌ക്വാഡിൽ ഇടം നേടി.

എന്നാൽ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മൂന്ന് മത്സരങ്ങളിലും അർജുനിന് ആദ്യ പതിനൊന്നിലോ പകരക്കാരുടെ നിരയിലോ അവസരം ലഭിച്ചിരുന്നില്ല. ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം അർജുൻ ടീം വിടാനും പുതിയ അവസരങ്ങൾ തേടാനുമാണ് ആഗ്രഹിക്കുന്നത്. ഐ ലീഗിലും രണ്ടാം ഡിവിഷനിലുമുള്ള ക്ലബ്ബുകളിലേക്ക് ആകാം അർജുൻ മാറാൻ സാധ്യത. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ വിവരങ്ങൾ ക്ലബ്ബിൽ നിന്നും കളിക്കാരനിൽ നിന്നും വരും ദിവസങ്ങളിലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ മൂന്ന് മത്സരങ്ങളിൽ നിന്നായി രണ്ട് സമനിലകളും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്ത് ആണ്. ഡിസംബർ 6ന് ഫാട്രോട സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിൽ ലീഗിൽ ആദ്യ വിജയത്തിനായി ശ്രമിക്കുന്ന എഫ്‌സി ഗോവ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.

For more updates, follow Khel Now on Twitter and join our community on Telegram.