മാസങ്ങൾക്ക് മുൻപ് തന്നെ നിഷുവിന്റെ ഈ  നീക്കത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടെ  ഖേൽ നൗ റിപ്പോർട്ട്‌ ചെയ്തിരുന്നു.

4 വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്ന കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. 5+ കോടിയുടെ കരാർ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറിയ കാര്യം മാർച്ച്‌ 12ന് തന്നെ ഖേൽ നൗ പുറത്തു വിട്ടിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള 22 വയസ്സുകാരനായ നിഷു കുമാർ ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ നിന്നാണ് ഫുട്ബാളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. 2011ൽ എ.ഐ.ഫ്.ഫ് അക്കാഡമിയിലേക്ക് അദ്ദേഹം തിരഞ്ഞടുക്കപ്പെടുകയും പിന്നീട് 4 വർഷത്തോളം അവിടെ പരിശീലനം നടത്തുകയും ചെയ്തു. പതിനെട്ടാം വയസ്സിൽ ബെംഗളൂരു ഫ് സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതാണ് നിഷുവിന്റെ ഫുട്ബോൾ കരിയറിലെ വഴിത്തിരിവായത്.

കഴിഞ്ഞ 2 സീസണുകളിലും ബംഗളുരു ഫ് സി പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്താനും ഇരു സീസണുകളിലും ഓരോ ഗോൾ വീതം നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയുടെ U-19, U-23, സീനിയർ ടീമുകളിൽ കളിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഫുൾ ബാക്ക് പൊസിഷനിൽ തുടർച്ചയായ മികച്ച പ്രകടനങ്ങൾ മൂലം  ഇന്ത്യൻ സീനിയർ ടീമിലേക്ക് 2018ൽ അദ്ദേഹം തിരഞ്ഞെടുക്കപ്പെടുകയും തന്റെ അരങ്ങേറ്റ മത്സരമായ ജോർദാനെതിരെ 1 ഗോൾ നേടിയെടുക്കാനും അദ്ദേഹത്തിന് സാധിച്ചു.

ലെഫ്റ്റ് ബാക്കിലും റൈറ്റ് ബാക്കിലും ഒരു പോലെ കളിക്കാൻ കഴിവുള്ള താരമാണ് നിഷു. ബെംഗളുരുവിൽ കളിക്കാൻ തുടങ്ങിയപ്പോൾ മുതൽ മികച്ച പ്രകടനം നടത്തിയ നിഷുവിന് 2018 ൽ സുബാഷിഷ് ബോസ് മുംബൈയിലേക്ക് ചേക്കേറിയതോടെയാണ് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയത്. എന്നാൽ ഈ അവസരങ്ങളിലെല്ലാം തന്റെ കഴിവ് തെളിയിച്ച് ടീമിന്റെ അഭിവാജ്യ ഘടകമാകാൻ നിഷു കുമാറിന് കഴിഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നു കൊണ്ട് എന്റെ ഫുട്ബോൾ ജീവിതത്തിലെ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഞാൻ ഒരുങ്ങുകയാണ്. എന്റെ പുതിയ ക്ലബ്ബിനായി എന്റെ മുഴുവൻ പരിശ്രമവും ഞാൻ നൽകും. ക്ലബ്ബിന് വേണ്ടി ട്രോഫികൾ നേടിയെടുക്കാനും അതുവഴി വർഷങ്ങളായി ടീമിന്റെ കൂടെയുള്ള ആരാധകർക്ക് സന്തോഷം പകരാനും ഞാൻ അധ്വാനിക്കും. ദൈവത്തിന്റെ സ്വന്തം നാട്ടിലെ ക്ലബ്ബിന്റെ ആരാധക കൂട്ടത്തിന്റെ മുൻപിൽ കളിക്കുവാൻ വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. ഇനി എന്നും യെല്ലോ !”, കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിന് ശേഷം നിഷു കുമാർ പറഞ്ഞു.

ഈ നീക്കത്തെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ ഇപ്രകാരം പറഞ്ഞു – “ക്ലബ്ബിൽ ചേർന്ന നിഷുവിനെ ഞാൻ അഭിനന്ദിക്കുന്നു. ക്വാളിറ്റി കൊണ്ടും അധ്വാനം കൊണ്ടും അദ്ദേഹം ടീമിന് മുതൽകൂട്ടാവുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെയും ക്ലബ്ബിന്റെയും ഉയർച്ചയ്ക്ക് വേണ്ടി പോരാടാൻ താൽപ്പര്യപ്പെടുന്ന യുവ താരമാണ് നിഷു. അദ്ദേഹത്തിന്റെ ആഗ്രഹം നേടിയെടുക്കാനും ഇഷ്ട  പൊസിഷനിൽ തന്നെ ഇന്ത്യൻ ടീമിലെ  സ്ഥിരം സാന്നിധ്യമാവുന്നതിലും  അദ്ദേഹത്തിന് വേണ്ട നിർദ്ദേശങ്ങൾ നൽകുവാൻ  ഞാൻ കാത്തിരിക്കുകയാണ്. അദ്ദേഹം ടീമിലുള്ളതിൽ  വളരെ സന്തോഷവും അഭിമാനവും തോന്നുന്നു.”

For more updates, follow Khel Now on Twitter, Instagram and join our community on Telegram.