Khel Now logo
HomeSportsIPL 2024Live Score

Football in Malayalam

കിബു വിക്കൂന: ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്

Published at :January 16, 2021 at 4:49 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


മത്സരഫലത്തിൽ നിരാശനാണെങ്കിലും കളിക്കാരുടെ പ്രകടനത്തിൽ വിക്കൂന സതൃപ്തനായിരുന്നു.

ഈസ്റ്റ് ബംഗാളിന് സമനില സമ്മാനിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ ഇരുടീമുകളും ഒരു പോയിന്റ് വീതം പങ്കിട്ടു. 64-ആം മിനുട്ടിൽ ജോർദാൻ മുറേ നേടിയ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്, വിജയം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തിൽ ഈസ്റ്റ് ബംഗാൾ താരം സ്കോട്ട് നിവില്ലെ നേടിയ ഗോൾ വൻ തിരിച്ചടിയായി. വിജയം ഉറപ്പിച്ച മത്സരം സമനിലയിൽ അവസാനിപ്പിച്ചതിന്റെ വിഷമം കിബു വിക്കൂനയുടെ മുഖത്ത് വ്യക്തമായിരുന്നു. മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കിബു വിക്കൂന.

"ഈ മത്സരഫലം ഉൾകൊള്ളാൻ പ്രയാസമാണ്. ഇത് നിരാശാജനകമായ ഫലമാണ്, കാരണം ഞങ്ങൾക്ക് മൂന്ന് പോയിന്റുകൾ കിട്ടാനുള്ള സാദ്ധ്യതകൾ ഏറെയായിരുന്നു, പക്ഷെ ഞങ്ങൾക്ക് അവ നഷ്ടപ്പെട്ടു.” അദ്ദേഹം പറഞ്ഞു.

എസ്‌ സി ഈസ്റ്റ് ബംഗാളിന്റെ പ്രകടനത്തെക്കുറിച്ച്

“ഈസ്റ്റ് ബംഗാൾ പരമാവധി ശ്രമിച്ചുവെന്നത് സത്യമാണ്, പക്ഷേ അവർക്ക് സ്‌കോർ ചെയ്യാനുള്ള നല്ല അവസരങ്ങൾ ലഭിച്ചില്ല. അവസാന നിമിഷങ്ങളിൽ അവർക്ക് കൂടുതൽ നേരം പന്ത് കൈവശം ഉണ്ടായിരുന്നുവെങ്കിലും അവസാന അവസരത്തിൽ മാത്രമേ സ്കോർ ചെയ്യാൻ കഴിഞ്ഞോളു.” എതിരാളികളുടെ പ്രകടനത്തെക്കുറിച്ച് കിബു വിക്കൂനയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

“അവർക്കെതിരെ മൂന്ന് പോയിന്റുകൾ നേടുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം, എന്നാൽ അവസാനം ഞങ്ങൾക്ക് അവ ലഭിച്ചില്ല. ആദ്യ 45 മിനിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ച രീതിയിൽ കളിച്ചുവെന്ന് ഞാൻ കരുതുന്നില്ല, പക്ഷെ ഞങ്ങൾ കളിയുടെ രണ്ട് ഭാഗങ്ങളിലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. മൊത്തത്തിൽ, ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് ഞാൻ കരുതുന്നു.” കിബു വിക്കൂന കൂട്ടിച്ചേർത്തു.

സഹൽ അബ്ദുൾ സമ്മദിനെപ്പറ്റി

ഇന്നത്തെ കളിയിൽ മികച്ച രീതിയിൽ ഉള്ള പ്രകടനമാണ് മലയാളി താരമായ സഹലിൽ നിന്നും കാണാൻ സാധിച്ചത്, മത്സരത്തിന്റെ ‘ഹീറോ ഓഫ് ദ മാച്ച്’ ആയും താരം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തിനു ശേഷമുള്ള പത്രസമ്മേളനത്തിൽ സഹലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ടും കോച്ച് സംസാരിച്ചു.

“സഹൽ ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. ഓരോ ദിവസവും അദ്ദേഹം മികച്ച രീതിയിലുള്ള പ്രകടനം നടത്തുന്നു. പരിശീലനത്തിലും അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നു, അതിനാൽ ഞങ്ങൾ അദ്ദേഹത്തിന്റെ കളിയിൽ സന്തുഷ്ടരാണ്. കളിയുടെ തൊട്ടുമുമ്പ് ഞങ്ങൾ തമ്മിൽ സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് പറഞ്ഞതിന്റെ തന്ത്രപരമായ വശങ്ങൾ എനിക്ക് വെളിപ്പെടുത്താൻ കഴിയില്ലെങ്കിലും, ഇന്ന് രാത്രി പിച്ചിൽ മികച്ച പ്രകടനം നടത്താൻ അത് അദ്ദേഹത്തെ സഹായിച്ചിരിക്കണം.” അദ്ദേഹം അഭിപ്രായപ്പെട്ടു.

ആക്രമണ തന്ത്രം

രണ്ട് സ്‌ട്രൈക്കർമാരെയും (ഗാരി ഹൂപ്പറും ജോർദാൻ മുറെയും) ഒരുമിച്ച് കളിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കിബു വിക്കൂനയുടെ മറുപടി ഇതായിരുന്നു. "അവർക്ക് ഒരു പ്രത്യേക ആക്രമണ പദ്ധതി മനസ്സിൽ ഉണ്ട്, അതിൽ സഹലും ഫക്കുണ്ടോ പെരേരയും ഉൾപ്പെടുന്നു.“ "ഇന്ന് ഞങ്ങളുടെ ആക്രമണത്തിൽ ഞങ്ങൾക്ക് സഹൽ, ഫകുണ്ടോ, ഞങ്ങളുടെ രണ്ട് സ്ട്രൈക്കർമാരായ ഗാരി, ജോർദാൻ എന്നിവരുണ്ടായിരുന്നു. അവരെ കൂടാതെ ജെസ്സൽ (കാർനെറോ), നിഷു (കുമാർ) എന്നിവരും ഒഫൻസീവ് ഫുൾ ബാക്കുകളായി കളിച്ചു. ഞങ്ങളുടെ എല്ലാ ആക്രമണ ഓപ്ഷനുകളും പരമാവധി അവസരങ്ങൾ സൃഷ്ടിക്കുക എന്നതായിരുന്നു ഞങ്ങളുടെ പദ്ധതി.” അദ്ദേഹം വിശദീകരിച്ചു.

പരുക്കിനെത്തുടർന്ന് ജെസ്സലിനെയും ഫകുണ്ടോയെയും ഒഴിവാക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾക്ക് വിലങ്ങുതടിയായി. "ജെസ്സലിന് പരിക്കുണ്ടായത് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന് പിന്നെ പിച്ചിൽ തുടരാനാവില്ലായിരുന്നു, അതിനാലാണ് ഞങ്ങൾ അദ്ദേഹത്തെ പുറത്തേക്കുവിളിച്ചത്.” അദ്ദേഹം വെളിപ്പെടുത്തി.

പ്രതിരോധ പ്രകടനം

അവസാന നിമിഷം സമനില വഴങ്ങിയെങ്കിലും, പ്രതിരോധത്തിന്റെ പ്രകടനത്തിൽ വിക്കൂന സംതൃപ്തനായിരുന്നു.

“ശരിയാണ്, ഞങ്ങളുടെ പ്രതിരോധത്തിന്റെ ചില ഇടങ്ങളിൽ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ഈസ്റ്റ് ബംഗാളിനെ പോലെ ഒരു മികച്ച ടീമിനെതിരെ ഞങ്ങൾ ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു. ബ്രൈറ്റ് (എനോബഖാരെ), ആന്റണി (പിൽക്കിംഗ്ടൺ), (ജാക്വസ്) മഗോമ എന്നിവരെപ്പോലുള്ള മികച്ച കളിക്കാരെ പിടിച്ചുകെട്ടുന്നത് അത്ര എളുപ്പമല്ല, അതിനാൽ ഞാൻ സംതൃപ്തനാണ്, പക്ഷേ ടീമിനെ കൂടുതൽ മികച്ചതാക്കാൻ ടീമിനൊപ്പം കൂടുതൽ നേരം കഠിനമായി പ്രവർത്തിക്കും.” വിക്കൂന വാഗ്ദാനം നൽകി.

ജോർദാൻ മുറെയെക്കുറിച്ച്

ആറ് ഗോളുകളുമായി ഓസ്‌ട്രേലിയൻ ഫോർവേഡ് ജോർദാൻ മുറെ ഐ‌എസ്‌എൽ ഗോൾഡൻ ബൂട്ട് മൽസരത്തിൽ മൂന്നാം സ്ഥാനത്തെത്തി. 25 വയസുകാരന്റെ പ്രകടനത്തിൽ താൻ വളരെ സന്തുഷ്ടനാണെന്ന് കിബു വിക്കൂന വെളിപ്പെടുത്തി.

“ഞങ്ങളുടെ മികച്ച കളിക്കാർ മികച്ച ഫോമിലാണെന്ന് തെളിയിക്കേണ്ടത് അത്യാവശമാണ്. ജോർദാൻ അത് ചെയ്തു കാണിച്ചു.” അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.

'അണ്ടർഡോഗ്സ്' വിശേഷണം

ഇന്നത്തെ മത്സരത്തെ കൂടുതൽ വിശകലനം ചെയ്യുകയാണെങ്കിൽ റോബി ഫൗളറിന്റെ ഈസ്റ്റ് ബംഗാളിനെതിരെ വിജയിക്കുക എന്നത് മഞ്ഞപ്പടയ്ക്ക് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നിട്ടും ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ ആദ്യം ലീഡ് നേടുകയും മൂന്ന് പോയിന്റുകൾ നേടുമെന്ന ഘട്ടം വരെ എത്തുകയും ചെയ്തു.

സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ ‘അണ്ടർ‌ഡോഗ്സ്’ ടാഗ് അവരെ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് വിക്കൂന പത്രസമ്മേളനം അവസാനിപ്പിച്ചത്. “അതെ, ഇത് പലവിധത്തിൽ സഹായിച്ചിട്ടുണ്ട്. സമ്മർദ്ദം കുറവായതിനാൽ, ഞങ്ങൾ കൂടുതൽ കഠിനാധ്വാനം ചെയ്യുകയും നന്നായി പരിശീലിപ്പിക്കുകയും ചെയ്യുന്നു. അടുത്ത മത്സരത്തിൽ വിജയത്തിലേക്ക് മടങ്ങിവരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.” ഇത്രയും പറഞ്ഞുകൊണ്ട് കോച്ച് സൈൻ ഓഫ് ചെയ്തു. ജനുവരി 20-ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ.

Advertisement
Advertisement

TRENDING TOPICS

IMPORTANT LINK

  • About Us
  • Home
  • Khel Now TV
  • Sitemap
  • Feed
Khel Icon

Download on the

App Store

GET IT ON

Google Play


2024 KhelNow.com Agnificent Platform Technologies Pte. Ltd.