Khel Now logo
HomeSportsPKL 11Live Score
Advertisement

ISL- Indian Super League

ഒഫീഷ്യൽ: ഇവാൻ വുക്കുമാനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ

Published at :June 18, 2021 at 12:24 AM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : KBFC Media)

Dhananjayan M


ബെൽജിയൻ ക്ലബ് സ്റ്റാൻഡേർഡ് ലെയ്ജിനെ യൂറോപ്പ ലീഗിൽ നയിച്ചിട്ടുണ്ട്.

ഐഎസ്എൽ 2022-22 സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി സെർബിയൻ പരിശീലകൻ ഇവാൻ വുക്കുമാനോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബെൽജിയം, സ്ലോവാകിയ, സൈപ്രൈസ് എന്നിവിടങ്ങളിലെ ടോപ് ലീഗുകളിൽ ക്ലബ്ബുകളിലെ പരിശീലന സമ്പത്തുമായാണ് ഇവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സെർബിയൻ പരിശീലകനായി ചുമതലയേൽക്കുന്നത്. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിൽ ക്ലബ്ബുമായി വേർപിരിഞ്ഞ കിബു വിക്യൂനക്ക് പകരക്കാരനായി ഇവാൻ വുക്കുമാനോവിച്ച് പരിശീലകനായി എത്തുന്നതായി ഖേൽ നൗ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. 

2013-14 സീസണിൽ ബെൽജിയം  പ്രൊ ലീഗ് ക്ലബ്ബായ സ്റ്റാൻഡേർഡ് ലെയ്ജിൽ മുഖ്യ പരിശീലകനായ ഗയ്‌ ലാസോണിന്റെ കീഴിൽ സഹപരിശീലകനായി ചുമതലയേറ്റു. ആ സീസണിൽ ടീം യോഗ്യത മത്സരങ്ങൾ എല്ലാം ആധികാരികമായി വിജയിച്ച് യൂറോപ്പാ ലീഗ് കളിച്ചു. തുടർന്ന് 2014 ഒക്ടോബറിൽ ലാസോൺ ക്ലബ് വിട്ടതിനെ തുടർന്ന് ഇവാൻ ക്ലബ്ബിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റു. രണ്ടു വർഷം തുടർച്ചയായി ക്ലബ്ബിന് യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്കുള്ള യോഗ്യത നേടികൊടുത്തിട്ടുണ്ട്. ബെൽജിയം ദേശീയ താരങ്ങളായ ബാറ്റ്ഷുവായി, ലോറൻറ് സിമോൺ എന്നിവരുടെ വളർച്ചയിൽ ഇവാൻ പ്രധാന പങ്ക് വഹിച്ചിരുന്നു. 2015ൽ ക്ലബ് വിടുന്നത് വരെ 19 മത്സരങ്ങളിൽ ടീമിനെ മുന്നോട്ട് നയിച്ചു.

[KH_ADWORDS type="4" align="center"][/KH_ADWORDS]

2016 ൽ അദ്ദേഹം സ്ലോവാക് സൂപ്പർ ലീഗ് ക്ലബ്ബായ സ്ലോവാൻ ബ്രേറ്റസ്ലവയുടെ പരിശീലകനായി ചുമതലയേറ്റു. ക്ലബ്ബിനൊപ്പം സ്ലോവക്യ നാഷണൽ കപ്പ് നേടിയിട്ടുണ്ട്. തുടർന്ന് രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം സൈപ്രസ് ടോപ് ഡിവിഷൻ ക്ലബ്ബായ അപ്പോളോൺ ലിമാസ്സോളിന്റെ പരിശീലകനായി സ്ഥാനമേറ്റു. ഏറ്റവും അവസാനം അദ്ദേഹം പരിശീലിപ്പിച്ച ക്ലബ് ആയിരുന്നു അപ്പോളോൺ.

സെർബിയൻ ക്ലബ്ബായ സ്ലോബോഡ യുസിസിലൂടെ ഒരു പ്രതിരോധ താരമായാണ് ഇവൻ തന്റെ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്. തുടർന്ന് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ ബോർഡസ്, സെർബിയൻ ക്ലബ് റെഡ് സ്റ്റാർ ബെൽഗ്രേഡ്, ജർമൻ ബുണ്ടേസ്‌ലിഗ ക്ലബ് എഫ്‌സി കോളിൻ, ബെൽജിയം ക്ലബ് റോയൽ ആന്റവെർപ്, റഷ്യൻ ക്ലബ് ഡൈനമോ മോസ്കോ എന്നീ മുൻ നിര ക്ലബ്ബുകൾക്ക് വേണ്ടി താരം കളിക്കളത്തിൽ ബൂട്ട് കെട്ടിയിരുന്നു. 2011 ൽ താരം തന്റെ പതിനഞ്ച് വർഷത്തെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.

 “കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഭാഗമായതിൽ ഇവാനെ അഭിനന്ദിക്കുന്നു. ക്ലബ്ബിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഒരാളെ തിരഞ്ഞെടുക്കുക എന്നത് ഒരു നീണ്ട പ്രക്രിയയായിരുന്നു. ക്ലബ്ബിന്മേലുള്ള സമ്മർദ്ദം കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എന്ത് കൊണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ വെല്ലുവിളികൾ നേരിടാനും ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാനും യോഗ്യതയുള്ള ഒരു കോച്ചാണ് അദ്ദേഹം. ഫുട്ബോളിനോടുള്ള താല്പര്യവും പരിജ്ഞാനവും വ്യക്തമായ ചിന്തകളും ഞാൻ അദ്ദേഹത്തിൽ കണ്ടു. കേരള ബ്ലാസ്റ്റേഴ്സിൽ തന്റെ ഫുട്ബോളുമായി ബന്ധപ്പെട്ട ആശയങ്ങൾ നടപ്പിലാക്കാൻ ഇവാന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ വളർച്ചക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു “ - കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സികിങ്ക്സ് പ്രതികരിച്ചു.

[KH_RELATED_NEWS title="Related News |Article Continues Below"][/KH_RELATED_NEWS]

 " ക്ലബ്ബിന്റെ ഡയറക്ടർമാർ ആദ്യം എന്നെ സമീപിച്ചത് മുതൽ ഞാൻ പോസിറ്റീവ് ആയാണ് പ്രതികരിച്ചത്. അവർ വളരെ പ്രൊഫഷണൽ ആയി അവരുടെ കാഴ്ചപാടുകളുമായി എന്നെ സമീപിച്ചത് എനിക്ക് ഇഷ്ട്ടപെട്ടു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരിൽ നിന്ന് ലഭിക്കുന്ന പിന്തുണ കൂടി കണ്ടപ്പോൾ ഞാൻ ഒരു നിമിഷം പോലും മടിച്ചു നിന്നില്ല. തുടർന്ന് ക്ലബ്ബിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസിലായി. ഇന്ന് അത് സംഭവിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഈ മനോഹരമായ ക്ലബിനെ സ്നേഹിക്കുന്ന എല്ലാവർക്കും സന്തോഷവും അഭിമാനവുമേകാൻ ഞങ്ങൾ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. യെന്നും യെല്ലോ! " - ഇവാൻ വുക്കുമാനോവിച്ച് പ്രതികരിച്ചു.

കൂടാതെ, 18 വർഷത്തെ പരിശീലന പരിചയമുള്ള ബെൽജിയൻ കോച്ച് പാട്രിക് വാൻ കെറ്റ്സും ഇവാന്റെ കോച്ചിംഗ് ടീമിന്റെ ഭാഗമാകും.  ഫ്രാൻസിലെയും ബെൽജിയത്തിലെയും വിവിധ ക്ലബ്ബുകളിൽ അസിസ്റ്റന്റ് കോച്ചായി ജോലി ചെയ്തിട്ടുള്ള പാട്രിക്കിന് യുവപ്രതിഭകളെ പരിപോഷിപ്പിക്കാനും വളർത്തിയെടുക്കാനുമുള്ള കഴിവ് ഉണ്ട്.   

കഴിഞ്ഞ സീസണിന്റെ അവസാനത്തിനുശേഷം ക്ലബ് ഒരു വ്യക്തിഗത പരിശീലന ക്യാമ്പ് നടത്തുകയും, അത് വഴി ഓഫ് സീസണിൽ കളിക്കാരുടെ ശാരീരികക്ഷമതയും കഴിവും മെച്ചപ്പെടുത്താൻ സഹായിച്ചിരുന്നു.  പ്രീ സീസൺ ആസൂത്രണവും തയ്യാറെടുപ്പുകളും ഇതിനകം നടക്കുന്നുണ്ട്, പരിശീലന ക്യാമ്പും ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇവാൻ വരും ആഴ്ചകളിൽ ഇന്ത്യയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement