Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

പുതിയ സീസണിലേക്കുള്ള ഹോം, എവേ, തേർഡ് ജേഴ്‌സി കിറ്റുകൾ ഔദ്യോഗികമായി പുറത്തിറക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Published at :November 16, 2020 at 12:42 AM
Modified at :November 16, 2020 at 12:43 AM
Post Featured Image

Dhananjayan M


ഹോം കിറ്റ് കേരളത്തിന് ആദരവേകിയും എവേ കിറ്റ് ആരാധകർക്ക് വേണ്ടിയും മൂന്നാം കിറ്റ് മുൻനിര കോവിഡ് പോരാളികൾക്ക് ആദരവേകിയുമാണ് രൂപകല്പന ചെയ്തിരിക്കുന്നത്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗോവയിലെ ബയോ ബബിളിനുള്ളിൽ പുതിയൊരു ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് ഈ മാസം ഇരുപതിന് കൊടിയേറുമ്പോൾ എല്ലാ ടീമുകളും അവസാനവട്ട ഒരുക്കങ്ങളിലാണ്. എല്ലാ ടീമുകളും ടൂർണമെന്റിനുള്ള തങ്ങളുടെ സ്‌ക്വാഡുകൾ പ്രഖ്യാപിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ആകട്ടെ പുതിയ സീസണിലേക്കുള്ള ടീമിന്റെ ജേഴ്‌സി കിറ്റുകൾ ഔദ്യോഗികമായി പുറത്തിറക്കിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് ആദരവേകിയാണ് ഇത്തവണ ടീം ജേഴ്‌സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഞ്ഞയും നീലയും കലർന്ന ഒന്നാം ജേഴ്‌സി കേരളത്തെ പ്രതിനിധീകരിക്കുമ്പോൾ നീലനിറത്തിലെ എവേ ജേഴ്‌സി ആരാധകർക്ക് വേണ്ടിയുള്ളതാണ്. മുൻ നിര കോവിഡ് പോരാളികൾക്ക് ആദരവ് അർപ്പിക്കുന്നതാണ് വെള്ളയും മഞ്ഞയും കലർന്ന മൂന്നാം ജേഴ്‌സി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ ജേഴ്‌സി കിറ്റുകൾ പരിശോധിക്കാം.

ഹോം കിറ്റ്

കേരള ബ്ലാസ്റ്റേഴ്‌സിന്റെ തനതായ മഞ്ഞ, നീല നിറങ്ങളിലുള്ള ജേഴ്‌സി കേരളത്തിനോടുള്ള ആദര സൂചകമായാണെന്ന് ക്ലബ്ബ് അറിയിച്ചിരിക്കുന്നത്. മലയാളികളുടെ ദൈനംദിന ജീവിതത്തിൽ കാണപ്പെടുന്ന ചക്ക, വാഴക്ക ഉപ്പേരി, പഴംപൊരി, കണിക്കൊന്ന തുടങ്ങി കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ മഞ്ഞയാണ് ജേഴ്സിയിലെ പ്രധാനനിറം.

ജേഴ്സിയിൽ കാണപ്പെടുന്ന സമാന്തര വരകൾ കേരളത്തിന്റെ പരമ്പരാഗതമായ സാരികളിലും മുണ്ടുകളിലും കാണപ്പെടുന്ന കസവ് കരയെ സൂചിപ്പിക്കുന്നു. ജേഴ്‌സി അണിയുമ്പോൾ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും കേരളീയത്വം അനുഭവപ്പെടുന്ന രീതിയിലാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്.

എവേ ജേഴ്‌സി

ആരാധകർക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് രൂപകല്പന ചെയ്ത ജേഴ്സിയാണ് എവേ ജേഴ്‌സി. കഴിഞ്ഞ സീസണുകളിൽ ടീം അണിഞ്ഞ കറുപ്പ് ജേഴ്സിക്ക് പകരമാണ് ഇത്തവണ നീലയിലുള്ള കിറ്റ് ക്ലബ് അവതരിപ്പിച്ചിരിക്കുന്നത്.

ആരാധകരുടെ ക്ലബ്ബിനോടുള്ള ശക്തമായ വികാരത്തെയും ക്ലബ്ബിനോടുള്ള പ്രണയത്തെയും അവരുടെ ഊർജത്തെയും കണക്കിലെടുത്താണ് രണ്ടാം ജേഴ്‌സി പ്രഖ്യാപിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള ജേഴ്സിയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലോഗോ കൂടാതെ  ഓരോ പാറ്റേർണുകളിലും ക്ലബ്ബിന്റെ ക്രെസ്റ്റ്, ലോഗോയിലെ ആനയുടെ രൂപം, കേരളം എന്നിവ ഉൾകൊള്ളിച്ചിരിക്കുന്നു. ജേഴ്‌സി ധരിക്കുമ്പോള്‍ ടീമിനും ആരാധകര്‍ക്കും അഭിമാനബോധം പകരുന്ന തരത്തിൽ  സമകാലികമായാണ് ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

മൂന്നാം കിറ്റ്

മുൻനിര കോവിഡ് പോരാളികൾക്ക് ആദരവേകിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ മൂന്നാം കിറ്റ് അവതരിപ്പിച്ചത്. കോവിഡ് 19 പകർച്ചവ്യാധിക്ക് എതിരായുള്ള പോരാട്ടത്തിൽ നിരന്തരം പോരാടുന്ന യോദ്ധാക്കൾക്ക് ആദരവേകി ഈ വർഷം ആദ്യം ക്ലബ്ബ് ആരംഭിച്ച #SaluteOurHeroes ക്യാമ്പയിന്റെ തുടർച്ചയായാണ് ക്ലബ്ബിന്റെ മൂന്നാം കിറ്റ് കോവിഡ് പോരാളികൾക്ക് സമർപ്പിക്കാനുള്ള തീരുമാനം. കൂടാതെ ഈ ജേഴ്‌സി ഡിസൈൻ ചെയ്യാൻ ക്ലബ് ആരാധകർക്ക് അവസരം നൽകുകയായിരുന്നു. ജേഴ്‌സിയിലെ പാറ്റേൺ രൂപകൽപ്പന ചെയ്തത് ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ബിഎസ്‌സി വിദ്യാർത്ഥിയായ സുമന സായിനാഥായിരുന്നു.

ALSO READ: അഫ്ഗാൻ താരം ഷെരീഫ് മുഖമ്മദിനെ സ്വന്തമാക്കി ഗോകുലം കേരള എഫ്സി

വെള്ളയിൽ മഞ്ഞവരകളോടു കൂടിയ ഈ ജേഴ്‌സിയിൽ, ഇടത് വശത്ത് താഴെയായി ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ലോഗോയിലെ ആനയുടെ രൂപം നിർമിച്ചിരിക്കുന്നത് മുൻനിര കോവിഡ് പ്രവർത്തകരുടെ വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ്. പോലീസിനായി ബാഡ്ജ്, ശുചിത്വ തൊഴിലാളികൾക്കായി ചൂൽ, ഭൂഗോളത്തിന് മുകളിലായി കാണപ്പെടുന്ന സ്റ്റെതസ്കോപ്പും സുരക്ഷിതത്വത്തിന്റെ കൈകളും ഡോക്ടർമാറൂം നേഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകരെ സൂചിപ്പിക്കുന്നു. കൂടാതെ കേരളത്തിന്റെ ഭൂപടം, ഇന്ത്യയുടെ ഭൂപടം, ആനയുടെ കൊമ്പുകളായി വാളുകളും കാണാം. കൂടാതെ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ചിഹ്നമായ പ്രാവിനെയും ഉൾപെടുത്തിയിട്ടുണ്ട്.

കേരളം (ഹോം കിറ്റ്), ആരാധകര്‍ (എവേ കിറ്റ്), കമ്മ്യൂണിറ്റി (തേര്‍ഡ് കിറ്റ്) എന്നിങ്ങനെ ഈ സീസണില്‍ ക്ലബ്ബ് പുറത്തിറക്കിയ ജേഴ്‌സികള്‍, കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമായ മൂന്ന് പ്രധാന ഘടകങ്ങളെ അടിസ്ഥമാക്കിയും #WhyWePlay എന്ന ആശയത്തിൽ ഊന്നിയുമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement