മിസോറാമിൽ നിന്നുമുള്ള മിഡ്ഫീൽഡറെ രണ്ടു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്.

പ്യുട്ടിയ എന്ന് അറിയപ്പെടുന്ന മിസോറം ഫുട്ബോൾ താരം ലാൽതാതങ്ക കാൽറിങ്ങിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. 22 വയസ്സുള്ള ഈ യുവതാരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ മധ്യനിരക്ക് ഒരു മുതൽക്കൂട്ടാണ്. മിഡ്‌ഫീൽഡർ ആയി കളിക്കുന്നതിനൊപ്പം ആവശ്യമനുസരിച്ചു താരത്തെ വിങ്ങർ ആയും ഉപയോഗിക്കാൻ സാധിക്കും.

മിസോറം പ്രീമിയർ ലീഗ് കളിക്കുന്ന ഐസ്‌വാളിലെ പ്രാദേശിക ക്ലബ്ബായ ബേത്ലേഹം വേങ്തലങ്ങിലൂടെ ഫുട്ബോൾ കരിയർ ആരംഭിച്ച പ്യുട്ടിയ ആ വർഷം ലീഗിലെ മികച്ച മധ്യനിര താരമായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2015-16 സീസണിൽ പൂനെയിലെ ഡിഎസ്കെ ശിവജിയൻസ് അക്കാദമിയിൽ ചേർന്നു. കാൽറിങ്ങ് ക്ലബ്ബിന്റെ യൂത്ത് ടീമിന്റെയും അതിന് ശേഷം സീനിയർ ടീമിന്റെയും ഭാഗമായി. 2017ൽ ഐ ലീഗിൽ മുംബൈ എഫ്‌സിക്ക് എതിരെ താരം പ്രഫഷണൽ കരിയറിനു തുടക്കം കുറിച്ചു. ടീമിന് വേണ്ടി നാല് മത്സരങ്ങളിൽ മാത്രമേ കാൽറിങ്ങിന് കളിക്കളത്തിൽ ഇറങ്ങാൻ സാധിച്ചിരുന്നുള്ളു. തുടർന്ന് ആ വർഷം തന്നെ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരത്തെ സൈൻ ചെയ്യുകയും ഐസ്വാൾ എഫ്‌സിയിലേക്ക് വായ്പാടിസ്ഥാനത്തിൽ വിട്ടു നൽകുകയും ചെയ്തു.

ഐസ്വാൾ എഫ്‌സിക്ക് വേണ്ടി കളിച്ച പതിനേഴോളം മത്സരങ്ങളിൽ നിന്ന് ലഭിച്ച അനുഭവസമ്പത്ത് താരത്തെ ഐഎസ്എല്ലിൽ മികവുറ്റതാക്കി മാറ്റി. 2018-19 സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്നു വേണ്ടി അരങ്ങേറ്റം കുറിച്ച ലാൽതാതങ്ക കാൽറിങ്ങ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ ഉണ്ടായ പരിക്കുമൂലം കുറച്ചു മത്സരങ്ങൾ മാത്രമേ കളിക്കാൻ സാധിച്ചുള്ളൂ എങ്കിലും മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തിട്ടുള്ളത്. ടീമിന്റെ ഏതു പൊസിഷനിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന പ്യൂട്ടിയയുടെ കഴിവും വേഗതയും താരത്തെ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടായി മാറും.

“ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ ഭാഗമായതിൽ എനിക്ക് അഭിമാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർക്ക് മുന്നിൽ കളിക്കുക എന്നത് എന്റെ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ്, ടീമുമായി കരാർ ഒപ്പ് വെച്ചതിന്റെ പ്രധാന കാരണവും അത് തന്നെ ആണ്. എന്നെപ്പോലെ തന്നെ ഈ ക്ലബ്ബും ആരാധകരും വിജയം ആഗ്രഹിക്കുന്നു. ഞങ്ങളുടെ കൂട്ടായ പ്രയത്നം, കേരളത്തിലെ ജനങ്ങളുടെ പിന്തുണ, ദൈവത്തിന്റെ കൃപ എന്നിവയാൽ, ഐ‌എസ്‌എൽ ട്രോഫി കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് വേണ്ടിയാണ് ഞാൻ ഇവിടെയുള്ളത്! എന്റെ പുതിയ ടീമംഗങ്ങൾ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരോടൊപ്പം ചേരാനും സീസൺ മുന്നോട്ട് കൊണ്ട്പോകാനും ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല. ഇനി എന്നും യെല്ലോ, ഇനി എന്നും ബ്ലാസ്റ്റേഴ്സ്! ” പുതിയ സീസണിനെ കുറിച്ച് ആവേശഭരിതനായ പ്യൂട്ടിയ പറഞ്ഞു.

ALSO READ: മലയാളി വിങ്ങർ പ്രശാന്ത് കറുത്തടുത്തുകുനിയുമായുള്ള കരാർ പുതുക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

“കാലിൽ പന്ത് കൊണ്ട് മുന്നേറുന്ന പുതുതലമുറയിലെ ഇന്ത്യൻ ഫുട്ബോൾ കളിക്കാരുടെ ഭാഗമാണ് പ്യൂട്ടിയ. ഇടം കാൽ ഫുട്ബോളർ ആയ അദ്ദേഹത്തിന് മിഡ്‌ഫീൽഡിലെ വിവിധ സ്ഥാനങ്ങളിൽ ഒരേ പോലെ കളിക്കാനാകും, മധ്യത്തിലൂടെ മാത്രമല്ല വിങ്ങുകളിലൂടെയും. അദ്ദേഹത്തിന് കൃത്യമായ വീക്ഷണവും സാങ്കേതികതയുമുണ്ട്. അദ്ദേഹം ടീമിന് ഒരു മുതൽക്കൂട്ടനെന്നും ക്ലബിനൊപ്പം തനിക്കും ഒരു മികച്ച ഭാവിയുണ്ടാക്കാമെന്നും അവൻ വിശ്വസിക്കുന്നു. ” കേരള ബ്ലാസ്റ്റേഴ്സ് അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു.

For more updates, follow Khel Now on Twitter and join our community on Telegram.