Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സ്പാനിഷ് മിഡ്‌ഫീൽഡർ വിസെന്റെ ഗോമസിനെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി

Published at :September 23, 2020 at 7:45 PM
Modified at :September 23, 2020 at 8:06 PM
Post Featured Image

Dhananjayan M


സ്പാനിഷ് ക്ലബ്ബുകളായ യുഡി ലാസ് പാൽമസിനും ഡിപ്പോർട്ടിവോ ഡി ല കൊറൂനക്ക് വേണ്ടിയും ലാലിഗയിൽ കളിച്ച താരത്തെ മൂന്ന് വർഷത്തേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് മുപ്പത്തിരണ്ടുകാരനായ സ്പാനിഷ് താരം വിസെന്റെ ഗോമസുമായി പുതിയ സീസണിലേക്കുള്ള കരാർ പൂർത്തിയാക്കിയതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. 2022-23 സീസൺ വരെയുള്ള മൂന്ന് വർഷത്തെ കരാറിൽ ഈ സ്പാനിഷ് മിഡ്ഫീൽഡർ ടീമിലെത്തും.

“ വിസെന്റെ ഗോമസ് കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടു. ” കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. ഡിഫെൻസീവ് മിഡ്ഫീൽഡർ ആയ താരത്തിന്റെ മൂന്ന് വർഷത്തെ കരാർ, ക്ലബ്ബിന്റെ പുതിയ ഹെഡ് കോച്ച് കിബു വികുനയുടെയും സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിങ്കിസിന്റെയും കീഴിൽ ക്ലബ്ബിന്റെ ദീർഘകാല പദ്ധതികളുടെ ഭാഗമാണെന്ന് മനസിലാക്കാവുന്നതാണ്.

സ്പെയിനിലെ സ്വയംഭരണാവകാശമുള്ള കാനറി ദ്വീപിന്റെ തലസ്ഥാനമായ ലാസ് പാൽമസിൽ ജനിച്ച വിസെന്റെ ഗോമസ് 2007ൽ പ്രാദേശിക ക്ലബ്ബായ എഡി ഹുറകാനിലൂടെയാണ് തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയർ ആരംഭിച്ചത്. തുടർന്ന് 2009ൽ താരം യുഡി ലാസ് പാൽമസിലേക്ക് ചേക്കേറി. തുടക്കത്തിൽ ക്ലബ്ബിന്റെ സി ടീമിൽ എത്തിയ താരം സീസൺ മുഴുവൻ സ്പെയിനിലെ മൂന്നാം ഡിവിഷനിൽ കളിച്ചു.

തൊട്ടടുത്ത സീസണിൽ ക്ലബ്‌ ഗോമസിനെ അവരുടെ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നൽകുകയും, 2010 സെപ്റ്റംബർ 1ന് താരം ക്ലബ്ബിനായി അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 2015-16 സീസണിൽ ലാസ് പൽമാസ് ലാലിഗ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി. ആ സീസണിൽ, സ്പാനിഷ് വമ്പന്മാരായ അത്ലെറ്റികൊ മാഡ്രിഡിനെതിരായി താരം ലാലിഗയിൽ അരങ്ങേറ്റം നടത്തി. ഡിഗോ ഗോഡിൻ, ഫെർണാണ്ടോ ടോറസ്, അന്റോയിൻ ഗ്രീസ്മാൻ തുടങ്ങിയ വമ്പൻ താരങ്ങൾ ഉൾപ്പെട്ട ടീമിനെതിരെ ഒരു ഗോളിന്റെ തോൽവി ലാസ് പാൽമാസ് ഏറ്റുവാങ്ങി. തുടർന്ന് മൂന്ന് വർഷം കൂടി ടീമിൽ തുടർന്ന ഗോമസ് 2018ൽ അന്ന് സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായിരുന്ന ഡിപോർടിവോ ഡി ലാ കൊറൂനയിൽ ചേർന്നു.

എക്സ്ക്ലൂസീവ്: ഗോകുലത്തെ ഒരു ‘ആഗോള’ ടീമാക്കി മാറ്റും: വിൻസെൻസോ ആൽബർട്ടോ ആന്നീസ്

കഴിഞ്ഞ രണ്ട് സീസണുകളിൽ, ലാ കൊറൂനക്ക് വേണ്ടി ഗോമസ് 60 മത്സരങ്ങൾ കളിച്ചു. എന്നാൽ കഴിഞ്ഞ സീസണിൽ ക്ലബ്‌ മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപെട്ടതിനെ തുടർന്നു ഒരു വർഷം കൂടി കരാർ ബാക്കി നിൽക്കെ താരം ക്ലബ്ബിനൊപ്പമുള്ള തന്റെ കരിയർ പരസ്പര സമ്മതത്തോടെ അവസാനിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച, വിസെന്റെ ഗോമസ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ്ബുമായുള്ള കരാറിൽ നിന്നും പിന്മാറുന്നതായി  പ്രഖ്യാപിച്ചു. ഇത് താരത്തിന്റെ കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള കൂടുമാറ്റത്തെ സൂചിപ്പിക്കുന്നു.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement