Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സി കെ വിനീത്: ചെന്നൈയിൻ ഫ്.സിയിൽ പോകുകയല്ലാതെ മറ്റു മാർഗ്ഗമില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് എന്നെ അറിയിച്ചത്

Published at :May 9, 2020 at 7:07 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Gokul Krishna M


ഷൈജു ദാമോദരനുമായി ഐ.സ്.ൽ ഒരുക്കിയ ലൈവിൽ സി.കെ വിനീത് മനസുതുറന്നു.

ലോക്ക് ഡൌൺ കാലമായതിനാൽ സ്ഥിരമായി ഫുട്ബോൾ  താരങ്ങളുമായി ഐ.സ്.ൽ ഇത്തരത്തിൽ ലൈവ് അഭിമുഖം നടത്താറുണ്ട്. ഇതുവരെയുള്ള ഫുട്ബോൾ ജീവിതത്തെ കുറിച്ചു മുതൽ  ഇടയ്ക്കുണ്ടായ വിവാദങ്ങളെ കുറിച്ചു വരെ  വിനീത് തന്റെ അഭിപ്രായങ്ങൾ വ്യക്തമാക്കി.

ലോക്ക്ഡൌൺ കാലത്ത് സി.കെ വിനീത് നടത്തിയ സാമൂഹിക സേവനം ഏറെ പ്രശംസ നേടിയിരുന്നു.

ലോക്ക്ഡൌൺ കാലത്ത് സമയം ചിലവഴിക്കുന്നതിനെ കുറിച്ച് വിനീത് പറഞ്ഞതിങ്ങനെ "ലോക്കഡോൺ തുടങ്ങുന്നതിന്റെ രണ്ട് ദിവസം മുൻപാണ് ഞാൻ നാട്ടിൽ എത്തിയത്. വീട്ടിൽ മാത്രം ഇരിക്കുന്നത് ആദ്യത്തെ കുറച്ചു ദിവസം പാടായിരുന്നു. പിന്നെ മകനുള്ളതുകൊണ്ട് സമയം പോയി, പിന്നെ അച്ഛന്റെ കുറച്ചു കൃഷിയിലും സഹായിച്ചു. അതിന് ശേഷം കൊറേ ദിവസങ്ങളായിട്ട്  രാവിലെ മുതൽ വൈകിട്ട് വരെ കോവിട് കാൾ സെന്ററിൽ ആയിരുന്നു ഞാൻ.

പ്രൊഫഷണൽ ഫുട്ബോൾ  ചിന്താഗതി തുടങ്ങിയതിനെ കുറിച്ച് വിനീത് ഇങ്ങനെ പറഞ്ഞു "എസ്. ൻ  കോളേജിൽ പഠിക്കുമ്പോഴാണ് കളി തന്നെയാണ്  എന്റെ  ജീവിതം എന്ന് എനിക്ക് മനസിലായത്. കോളേജിന് വേണ്ടി കളിച്ചതിന് ശേഷം വിവ കേരളയ്ക്ക് വേണ്ടി കളിച്ചു, പിന്നെ പ്രയാഗിന് വേണ്ടിയും, അവിടെ നിന്ന് ബെംഗളൂരു ഫ്.സിയിലേക്കും അങ്ങനെ സ്റ്റെപ് ബൈ സ്റ്റെപ്പായാണ് കേറിവന്നത്. "

"ഐ ലീഗ് നടന്നു കൊണ്ട് ഇരിക്കുമ്പോഴാണ് ഐ.സ്.ല്ലിനെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്. അപ്പോഴും അത് നടക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഒരുറപ്പും ഇല്ലായിരുന്നു. ആദ്യ വർഷം ബെംഗളൂരു ഫ്.സിയ്ക്ക് വേണ്ടി ഐ ലീഗ് കളിക്കുന്നതിനാൽ ഐ.സ്.ൽ കളിക്കാൻ കഴിഞ്ഞില്ല. രണ്ടാം വർഷമാണ് ലേല പ്രക്രിയയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ഞാനുമായി കരാർ ഒപ്പിടുന്നത്. ഐ.സ്.ല്ലിന്റെ പബ്ലിസിറ്റി ജനങ്ങളിൽ മികച്ച രീതിയിൽ എത്തി നിന്ന സമയമായിരുന്നു അപ്പോൾ. ഐ.സ്.ല്ലിൽ കളിക്കുക എന്നത് ഒരാഗ്രഹമായിരുന്നു, അത് നടന്നു. "

പിന്നീട് കേരള ബ്ലാസ്റ്റേഴ്സിലെ കളിയനുഭവത്തെ വിനീത് വാചാലനായി "എന്റെ കരിയറിൽ എന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ അറിയാൻ തുടങ്ങിയത് കേരള ബ്ലാസ്റ്റേഴ്സിൽ വന്നതിന് ശേഷമാണ്.  രണ്ടാമത്തെ ഐ.സ്.ൽ സീസണിൽ ഞാൻ ഉണ്ടായിരുന്നെങ്കിലും, മൂന്നാം സീസൺ ആയിരുന്നു എനിക്ക് ടേർണിങ് പോയിന്റ് അയി മാറിയത്. അന്ന് ഫൈനലിൽ എത്തുകയും, ഒരുപാട് കാര്യങ്ങൾ  അന്നത്തെ കാലത്തെ കുറിച്ച് ഓർമയിലുണ്ട്. ഫുട്ബോൾ നല്ലവണ്ണം ഇഷ്ടപെടുന്ന ചിലർക്ക് മാത്രം അറിയാവുന്ന എന്നെ, കേരളത്തിലെ സാധാരണക്കാർക്ക് പോലും അറിയാൻ സാധിച്ചത് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത് കൊണ്ടാണ്. എപ്പോഴും എന്റെ  മനസ്സിനോട് ചേർന്ന് നിൽക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള ആവേശത്തെക്കുറിച്ച് വിനീത് തന്റെ അഭിപ്രായം പറഞ്ഞു " ഫാൻസിന്റെ റൈവാൾറിയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പിടിച്ചു നിൽക്കാൻ എല്ലാ ക്ലബ്ബുകൾക്കും പറ്റണമെന്നില്ല. എന്നാൽ കളിയാണെങ്കിൽ അന്നത്തെ ദിവസമനുസരിച്ച് അങ്ങോട്ടേക്കും ഇങ്ങോട്ടേക്കും മാറാവുന്നതേയുള്ളു. "

സോഷ്യൽ മീഡിയയിൽ ഫാൻസുമായുള്ള തർക്കത്തെകുറിച്ചുള്ള  ഷൈജുവിന്റെ ചോദ്യത്തോട്  വിനീത് പ്രതികരിച്ചതിങ്ങനെ"ഫാൻസ്‌ അബ്യുസ് ചെയുന്ന സമയത്ത് അത് പാടില്ലെന്ന് ഞാൻ പല പ്രാവിശ്യം പറഞ്ഞിട്ടുണ്ട്. ചെന്നയിൻ ഫ്.സി ക്ക് വേണ്ടി  നാട്ടിൽ കളിക്കാൻ എത്തിയപ്പോഴാണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. മഞ്ഞപ്പട എക്സിക്യൂട്ടീവ് എറണാകുളം വിംഗ് എന്നാണ് തോനുന്നു ഗ്രൂപ്പിന്റെ പേര്, ആ 19 മെംബേർസ്  മെമ്പേഴ്‌സുള്ള ഗ്രൂപ്പിൽ നിന്നാണ് ആ വോയിസ്‌ ക്ലിപ്പ് പുറത്തേക്ക് വന്നത്.

അവിടെ നിന്ന് അത് പല ഗ്രൂപ്പുകളിലേക്ക് പടർന്നു. ആ ഗ്രൂപ്പിലുള്ള  19 ആൾക്കാർക്ക് എതിരെ മാത്രമേ ഞാൻ സംസാരിച്ചിട്ടുള്ളു, അതെങ്ങനെയാണ് മൊത്തം മഞ്ഞപ്പടയ്ക്ക് എതിരായി മാറിയതെന്ന് എനിക്ക് അറിയില്ല. അതിന് ശേഷം അവർ ക്ഷമ ചോദിച്ചു കത്ത് നൽകിയതോടെ കേസ് അവിടെ അവസാനിപ്പിച്ചു.

പിന്നീട് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് പോയപ്പോൾ ഇത്തരം കാര്യങ്ങളോട് തല്ലു കൂടാൻ പോയിട്ടില്ല. ഇവിടെ നിന്നപ്പോൾ എന്റെ ടീമിന്റെ ഫാൻസ്‌ ഇത്തരത്തിൽ പെരുമാറാൻ പാടില്ല എന്നതുകൊണ്ടാണ് ഞാൻ അങ്ങനെ പ്രതികരിച്ചത്. മഞ്ഞപ്പട നമ്പർ 1 അല്ല എന്നത് മുൻപൊരിക്കൽ ഒരു ഇന്റർവ്യൂയിൽ ഞാൻ പറഞ്ഞിട്ടുണ്ട്. ആ സമയത്ത്  കേരള ബ്ലാസ്റ്റേഴ്സിന്റെ കളികാണാൻ സ്റ്റേഡിയത്തിൽ വന്നത് രണ്ടായിരത്തിഅഞ്ഞൂറ് പേരാണ്. അതിനേക്കാൾ കൂടുതൽ കണികളുള്ള സ്റ്റേഡിയങ്ങളുണ്ട്. സോഷ്യൽ മീഡിയയിലാണ് ഫുട്ബാൾ ഫാൻസ്‌ ഉണ്ടാവുന്നതെന്ന് ഞാൻ വിശ്വസിക്കുന്നില്ല.

ഗ്യാലറിയിലുണ്ടാവുന്നവരാണ് യഥാർത്ഥ ഫുട്ബോൾ ഫാൻസ്‌. 60, 000 പേർ കളികാണാൻ വന്നപ്പോൾ മഞ്ഞപ്പട നമ്പർ 1 ആണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്, അല്ലാതെ അവരെ ഞാൻ അടച്ചാക്ഷേപിച്ചിട്ടില്ല. പറയാനുള്ളത് എന്നും പറഞ്ഞു തന്നെയാണ് എന്റെ ശീലം."

ഒരു നല്ല ഫാൻ എന്നാൽ ആരാണ് എന്ന ചോദ്യത്തോട് വിനീത് ഇപ്രകാരം പ്രതികരിച്ചു "ഗാല്ലറിയിൽ വന്നിട്ട് കളിക്കിടെ ചീത്ത പറയുന്നത് നമ്മൾ ചിലപ്പോ കാര്യമായി എടുക്കില്ല. കാരണം, ഗാല്ലറിയിൽ അപ്പോൾ ഉണ്ടാകുന്ന ഇമോഷൻ എന്താണെന്ന് നമുക്ക്  മനസിലാവും. പക്ഷെ അടുത്ത കളിയ്ക്കു വരുമ്പോഴും ഇതേ കാര്യങ്ങൾ ഓർത്തു വെച്ച്, "നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല " തുടങ്ങിയ കാര്യങ്ങൾ പറയുന്നതിനെ കുറിച്ച് എനിക്ക് വല്യ താല്പര്യമില്ല. ഓരോ കളിയും ഓരോ ദിവസങ്ങളാണ്, ഓരോ ദിവസവും കളി മാറി മറഞ്ഞേക്കാം. ഓരോ കളിയിലും ജയിക്കാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസത്തോടെയാണ് ഇറങ്ങുന്നത്.

ഞങ്ങൾ കളിക്കാനിറങ്ങുന്നത് ജയിക്കാൻ മാത്രമാണ്. ഞാൻ ലിവർപൂൾ ഫാനാണ്. അവരുടെ ഓരോ ജയവും ഞങ്ങൾ ആഘോഷിക്കാറുണ്ട്, എന്നാൽ ഓരോ തോൽവി കഴിയുമ്പോഴും വല്ലാണ്ട് അബ്യുസിവ് ഒന്നും അവാറില്ല. തോൽക്കാനായി ആരും കളിക്കാറില്ല.അതെ പോലെ തന്നെയാണ് ഇവിടെയും. വിമർശനം എന്ന് പറയുന്നത് എന്റെ  അച്ഛനെയോ അമ്മയെയോ  തെറി പറയുന്നത് അല്ല.എന്റെ കളിയെ കുറിച്ച് മോശം പറയുന്നതെങ്കിൽ ഞാൻ അത് നന്നാക്കാൻ ശ്രമിക്കും, അതല്ലാതെ അബ്യുസിവ് ആയിട്ട് കാര്യങ്ങൾ പറയുന്നത് വിമർശനമല്ല."

അഞ്ചാം സീസണിന്റെ അവസാനം പെട്ടെന്നു ചെന്നൈയിൻ ഫ് സിയിലേക്കുള്ള മാറ്റത്തിന്റെ കാരണത്തെക്കുറിച്ച് വിനീത് വിശദീകരിച്ചു "സത്യം പറഞ്ഞാൽ എന്താണ് സംഭവിച്ചതെന്ന് എനിക്കും അറിയില്ല. അഞ്ചാം സീസണിൽ ഡിസംബറിൽ ബ്രേക്ക്‌ ഉണ്ടായിരുന്നു. ബ്രേക്ക്‌ കഴിഞ്ഞ് തിരിച്ചു പോകാൻ ഇരിക്കെ എനിക്ക്  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിൽ നിന്ന് ലഭിച്ച നിർദേശം ചെന്നയിനിലേക്ക് പോകണം എന്നുള്ളതാണ്.

ചെന്നയിനിലേക്ക് പോകാൻ എനിക്ക് താല്പര്യമില്ലെന്നും, ഇവിടെ തുടരാനാണ് എനിക്ക് താത്പര്യമെന്ന് ഞാൻ എന്റെ ഏജന്റിനെ അറിയിച്ചു. എന്നാൽ മറ്റൊരു ഓപ്ഷൻ ഇല്ല, ചെന്നയിനിലേക്ക് പോയെ പറ്റൂ എന്നാണ് പിന്നീട് എനിക്ക് അറിയാൻ കഴിഞ്ഞത്. അതിനാൽ ബ്ലാസ്റ്റേഴ്‌സുമായുള്ള 2 വർഷ കരാറിന്റെ അവസാന  സമയത്ത്  ചെന്നൈയിലേക്ക് പോകേണ്ടി വന്നു. കരാർ തീർന്നതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് നിന്ന് എനിക്ക് പിന്നീട് ഓഫർ ലഭിച്ചില്ല, അതുകൊണ്ട് ജംഷെഡ്പൂരിലേക്കാണ് പിന്നീട് പോയത്. "

ജംഷെഡ്പൂരിന് വേണ്ടി കൊച്ചിയിൽ വന്നു ബ്ലാസ്റ്റേഴ്സിനെതിരെ നേടിയ ഗോളിനെ കുറിച്ച് വിനീത് പറഞ്ഞതിങ്ങനെ "ആ ഗോൾ ഞാൻ കൊറേ സ്വപ്നം കണ്ടതായിരുന്നു. എന്നാൽ അത് സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഒരു ഗോളടിച്ചാൽ ഉണ്ടാവുന്ന ഫീൽ എന്താണെന്ന് കളിക്കുന്നവർക്ക് അറിയാം. ഗോളടിച്ചു ആദ്യത്തെ  കുറച്ചു നിമിഷം എന്താണ് പറ്റിയത് എന്ന് മനസിലാവാത്ത  അവസ്ഥയിലായിരുന്നു. ആദ്യത്തെ 2-3 സെക്കൻഡിൽ ഗോളടിച്ചത് സെലിബ്രേറ്റ് ചെയ്യാൻ  തുടങ്ങിയിരുന്നു, പിന്നെ ഒരു ബോധം വന്നപ്പോഴാണ് ഇത് എന്റെ നാടാണ് എന്ന് ഓർമ വന്നത്. ഒരു അപ്പോളജി  ആരാധകർ അർഹിക്കുന്നു എന്ന് വിചാരിച്ചതു കൊണ്ടാണ് അത്തരത്തിൽ അന്ന് ചെയ്തത്. "

"ആരെക്കാളും മുൻപിൽ എത്തണം എന്ന് മാത്രമേ അന്ന് ഗോളടിക്കുന്നതിന് മുൻപ് വിചാരിച്ചിരുന്നുള്ളു. റെഹനേഷ് സേവ് ചെയ്യുമെന്നായിരുന്നു ഞാൻ വിചാരിച്ചത്, പക്ഷെ അന്ന് ഭാഗ്യം എനിക്കായിരുന്നു. "

ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടിയ പ്രിയപ്പെട്ട ഗോളിനെ കുറിച്ച് വിനീത് മനസ്സ് തുറന്നു "മൂന്നാമത്തെ സീസണിൽ നോർത്ത് ഈസ്റ്റ്‌ യൂണൈറ്റഡിനെതിരെ സെമി ഫൈനലിൽ പ്രവേശിക്കാൻ നിർണ്ണായകമായ ഗോൾ നേടിയതാണ്  എനിക്ക് ഏറെ പ്രിയപ്പെട്ടത്. അന്ന് സെമിയിൽ കേറാൻ നോർത്ത് ഈസ്റ്റിന് വിജയവും, ബ്ലാസ്റ്റേഴ്സിന് സമനിലയും മതിയായിരുന്നു.ടീമിന് ഏറ്റവും ഗുണം ചെയ്തത് ആ ഗോളായിരിക്കാം എന്ന് തോന്നുന്നു , എന്നെ സംബന്ധിച്ചു എല്ലാ ഗോളും എനിക്ക് ഒരേപോലെയാണ് "

പിന്നീട് ഐ.സ്.ൽ കഴിഞ്ഞ ആറു വർഷങ്ങൾ കൊണ്ട് ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് ചോദിച്ചപ്പോൾ വിനീത് ഇങ്ങനെ പറഞ്ഞു "പബ്ലിസിറ്റി നല്ലപോലെ നൽകാൻ ഐ.സ്.ല്ലിന് കഴിഞ്ഞു.  ഫുട്ബോളിനെ  താഴെതട്ടിലുള്ള ജനങ്ങൾക്കിടയിൽ വരെ  എത്തിക്കാൻ ഐ.സ്.ല്ലിന് സാധിച്ചു. പണ്ട് വീടുകളിൽ സീരിയൽ വെച്ചു കൊണ്ടിരുന്ന സമയത്ത് ഇപ്പോൾ കളി കാണുന്ന അവസ്ഥയാണ് ഉള്ളത്.

എല്ലാ ലോക്കൽ ചാനലിലും നാഷണൽ ചാനലിലും കളി കാണാൻ സാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനമായി എനിക്ക് തോന്നിയത്.വേൾഡ് ഫുട്ബോൾ മാർക്കറ്റ് ഇന്ത്യയിലേക്ക് നോക്കുന്ന തരത്തിൽ വളരാൻ ഐ.സ്.ൽ സഹായിച്ചിട്ടുണ്ട്. മികച്ച വിദേശ കളിക്കാരുമായുള്ള കളി കാരണം, ഒത്തിരി മെച്ചപ്പെടാൻ ഇന്ത്യൻ കളിക്കാർക്ക് സാധിക്കുന്നു. ഇന്ത്യൻ നാഷണൽ ടീമിന്റെ പ്രകടനം നോക്കിയാൽ തന്നെ അത് വ്യക്തമാകും. ഒത്തിരി പുതിയ താരങ്ങൾ ഉയർന്നു വരുന്നു, പുറത്ത് നിന്നുള്ള പല ക്ലബ്ബുകളും ഇന്ത്യയിൽ പാർട്ണർഷിപ്പിനും ശ്രമിക്കുന്നുണ്ട്. ഇതെല്ലാം ഐ.സ്.ൽ വന്നതിന് ശേഷം നടന്ന കാര്യങ്ങളാണ്. "

ഇന്ത്യൻ ടീമിലേക്ക് തിരിച്ചു പോകാൻ താൽപര്യമില്ലെ എന്ന ചോദ്യത്തിന് ഇപ്രകാരം വിനീത് ഉത്തരം പറഞ്ഞു "കുറച്ചു കൂടി നല്ല കളികൾ കളിക്കുക എന്നതാണ് എനിക്ക് ഇപ്പോൾ പ്രധാനം. നല്ല കളി കളിക്കുകയും, എനിക്ക്  ക്വാളിറ്റി ഉണ്ടെന്നു അവർക്ക്  തോന്നുകയുമാണെങ്കിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ  അവസരം ലഭിക്കും. പക്ഷെ കഴിഞ്ഞ ഒന്നോ രണ്ടോ കൊല്ലമായിട്ട് എന്റെ കഴിവിന് ഉതകുന്ന പ്രകടനം കാഴ്ചവെക്കാൻ എനിക്ക്  സാധിച്ചിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. "

ഈസ്റ്റ്‌ ബംഗാളിലേക്കുള്ള മാറുന്നതായിയുള്ള റൂമേഴ്സിനെ കുറിച്ച്  വിനീത് പറഞ്ഞതിങ്ങനെ "ഈസ്റ്റ്‌ ബംഗാൾ ഉൾപ്പെടെ പല ക്ലബ്ബുകളുമായും സംസാരിക്കുന്നുണ്ട്. അവർ ഐ.സ്.ല്ലിലേക്ക് വരുമെന്ന് പറയുന്നു. "

തന്റെ ഇഷ്ട ഫുട്ബോൾ താരങ്ങൾ ആരൊക്കെയാണെന്ന് വിനീത് വെളിപ്പെടുത്തി " വേൾഡ് ഫുട്ബോളിൽ ഏറ്റവും ഇഷ്ടം സ്റ്റീഫൻ ജർറാർഡിനെയാണ്. ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും ഇഷ്ടം വിജയേട്ടനെയാണ്. "

പിന്നീട് ഇഷ്ട പരിശീലകരെ കുറിച്ച് വിനീത് ഇങ്ങനെ പറഞ്ഞു  "എന്നെ കോച്ച് ചെയ്തിട്ടില്ലെങ്കിലും, ഈല്ക്കോയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പിന്നെ കോപ്പലാശാനെ വല്യ ഇഷ്ടമാണ്. അങ്ങനെ കൊറേ പേരുണ്ട്, പേരെടുത്തു പറയുക ബുദ്ധിമുട്ടായിരിക്കും "

സ്വന്തം അച്ഛനാണ് തനിക്ക് ജീവിതത്തിൽ ഏറ്റവും പ്രചോദനമായതെന്ന് വിനീത് പറഞ്ഞു. "ഞാൻ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ, അത് തെറ്റല്ലെന്ന് ബോധിപ്പിക്കേണ്ട ബാധ്യത  എനിക്ക് എന്റെ അച്ഛനോട്‌ മാത്രമേ ഉള്ളു. "

ഫോട്ടോഗ്രഫിയോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ചും വിനീത് തുറന്ന് പറഞ്ഞു "ഫുട്ബോളിൽ നിന്ന് ബ്രേക്ക്‌ എടുക്കോമ്പോഴാണ് ഫോട്ടോഗ്രഫി ചെയ്യാറുള്ളത്. ഫോട്ടോ എടുത്തു മാത്രമേ മികച്ചതാവാൻ കഴിയു, അതുകൊണ്ട് ഫോട്ടോ എടുത്ത് പഠിക്കുകതന്നെയാണ്. വൈൽഡ് ലൈഫ് ഫോട്ടഗ്രഫിയോട് ഒരു പ്രത്യേക താല്പര്യമുണ്ട്. "

ജീവിതത്തിൽ കണ്ടു മുട്ടിയ തന്റെ ഏറ്റവും കടുത്ത  ആരാധകനെ കുറിച്ച് വിനീത് പറഞ്ഞതിങ്ങനെ "കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്നാമതോ നാലാമതോ സീസൺ കളിച്ചുകൊണ്ടിരുന്ന സമയമാണ്.അന്നൊരിക്കൽ കൊച്ചിയിൽ മാരിയറ്റ് ഹോട്ടലിൽ റൂമിൽ ഇരിക്കുമ്പോൾ റിസപ്ഷനിൽ നിന്ന് എന്നെ ആരോ കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഒരു ഫോൺ വിളി വന്നു.

താഴെ പോയി നോക്കിയപ്പോൾ, ഒരു കുട്ടി വന്നു നേരെ എന്റെ കാലിൽ വീണു. എന്താണ് സംഭവിക്കുന്നെയെന്ന് എനിക്ക്  അറിയില്ലായിരുന്നു.പെട്ടെന്നു ഞാൻ അവനെ എഴുന്നേൽപ്പിച്ചു, കാര്യങ്ങൾ ചോദിച്ചറിഞ്ഞു.എന്നെ കാണാനായിട്ട് കൊല്ലത്ത് നിന്ന് വന്നതായിരുന്നു. എന്നെ ഭയങ്കര ഇഷ്ടമാണെന്ന് അവൻ പറഞ്ഞു. അവൻ പിന്നെയും എല്ലാ കൊല്ലവും വന്നു കാണാറുണ്ട്. ഇടക്ക് എന്നെ ഫോണിൽ വിളിക്കാൻ ശ്രമിക്കാറുമുണ്ട്. അവനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. "

Advertisement