Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

സുനിൽ ഛേത്രി : ദേശിയ ടീമിന് വേണ്ടി കളിക്കാൻ പറ്റുന്നത്ര സന്തോഷം വേറൊന്നിനുമില്ല

Published at :April 18, 2020 at 6:31 PM
Modified at :April 19, 2020 at 12:11 AM
Post Featured Image

Gokul Krishna M


തന്റെ പ്രൊഫഷണൽ ജീവിതത്തിന്റെ തുടക്ക ഘട്ടത്തെ കുറിച്ച് സുനിൽ ഛേത്രി ഓർമ്മകൾ പങ്കുവെച്ചു.

"ഹായ്, ഞാൻ സുനിൽ ഛേത്രി, ബെംഗളൂരു ഫ്‌.സിയുടെയും ഇന്ത്യൻ നാഷണൽ ടീമിന്റെയും കളിക്കാരനാണ്. എനിക്കത് ഒന്ന് കൂടി പറയണം. ഹായ്, ഞാൻ സുനിൽ ഛേത്രി, ബെംഗളൂരു ഫ്‌.സിയുടെയും ഇന്ത്യൻ നാഷണൽ ടീമിന്റെയും കളിക്കാരനാണ്."

കുട്ടികാലം

"എന്റെ അമ്മ നേപ്പാൾ നാഷണൽ ടീമിന് വേണ്ടി കളിച്ചിരുന്നു. അച്ഛൻ ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോർപസ് ബറ്റാലിയന് വേണ്ടി കളിച്ചു. അതുകൊണ്ട് തന്നെ സ്പോർട്സിലേക്ക് വരുന്നത് തന്നെ സ്വാഭാവികമായ കാര്യമായിരുന്നു. എന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത് 17-ആം വയസ്സിൽ മോഹൻ ബഗാനിൽ എത്തിയതോടെയാണ്. അതിന് മുൻപ് ഡൽഹിയിൽ സിറ്റി ഫ്‌.സി ക്ലബ്ബിനായി 2 മാസം കളിച്ചിരുന്നു."

"ഞാനൊരുപാട് സ്പോർട്സിൽ ചെറുപ്പത്തിൽ കളിച്ചിട്ടുണ്ട്. അതെന്റെ ഹാൻഡ് -ഐ കോഓർഡിനേഷൻ വളർത്തിയെടുക്കാൻ വളരെയധികം ഗുണം ചെയ്തു. "

"എന്റെ ഏറ്റവും വലിയ എതിരാളി എന്റെ അമ്മയായിരുന്നു. ചൈനീസ് ചെക്കർസിലും ചെസ്സിലും കാരംസിലും വോളിബോളിലും ഫുട്ബോളിലും വരെ അമ്മയെ തോൽപ്പിക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു. "

മോഹൻ ബഗാനെ കുറിച്ച്

"എനിക്ക് മോഹൻ ബഗാനിൽ നിന്ന് ഒരു ഫോൺ കാൾ വന്നു. ഞാൻ ഇന്ത്യക്ക് വേണ്ടി കളിച്ചതിനാൽ , ഒരു 70 ശതമാനം മാർക്ക്‌ 12-ആം ക്ലാസ്സിൽ നേടിയാൽ പോലും, എന്റെ സ്വപ്നമായ സെന്റ് സ്റ്റീഫൻസിൽ കേറാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. റിസൾട്ട്‌ വന്നതോടെ എനിക്ക് 74 ശതമാനം മാർക്ക്‌ ലഭിക്കുകയും സ്വപ്നം സാക്ഷാത്കരിക്കുമെന്ന് അതോടെ കൂടുതൽ ഉറപ്പുമായി. എന്നാൽ റിസൾട്ട്‌ വന്നു നാലോ അഞ്ചോ ദിവസമായത്തോടെ മോഹൻ ബഗാനിൽ നിന്ന് എനിക്ക് വിളി വന്നു. "

"ഡൽഹിയിലെ സിറ്റി ക്ലബിന് വേണ്ടി ഡ്യുറാൻഡ് കപ്പിൽ കളിച്ച പ്രകടനം കണ്ടിട്ടായിരുന്നു അവർ വിളിച്ചത്. "നിങ്ങളെ ഞങ്ങൾക്ക് ഇവിടെ വേണം "ഇത്തരത്തിലായിരുന്നു അവർ ഫോൺ വിളിച്ചപ്പോൾ പറഞ്ഞത്. വിളി വന്നതോടെ ബഗാനിലെ സെയിൽ അക്കാഡമിയിലേക്കാണെന്നാണ് കരുതിയത്. അവിടെ കേറാൻ സാധിച്ചാൽ, മറ്റു വലിയ ക്ലബ്ബ്കളിലേക്ക് കേറാൻ അത് വഴിയൊരുക്കുമെന്ന് ഞാൻ കരുതി. "

"എന്നാൽ മോഹൻ ബഗാനു വേണ്ടി തന്നെയാണ് എന്നെ വിളിച്ചതെന്ന് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ലായിരുന്നു. അവിടെ അന്ന് എത്തിയപ്പോൾ എന്റെ ഭാര്യയുടെ അച്ഛനായ സുബ്രത ഭട്ടാചാര്യ ആയിരുന്നു അവിടത്തെ പരിശീലകൻ. ബരെറ്റോയും റെനഡി സിങ്ങും ഭൈചുങ് ബുട്ടിയയും ഉൾപ്പെടുന്ന പ്രധാന ടീം പത്തു ദിവസത്തിനകം വരുമെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക കളിക്കാർക്കൊപ്പം ഞാൻ പരിശീലനം തുടങ്ങിയിരുന്നു. എന്നെ ട്രിയൽസിന് കൊണ്ടുപോവാൻ പോവുന്നു എന്ന കാര്യം നേരെത്തെ അറിഞ്ഞിരുന്നുവെങ്കിൽ എനിക്ക് ഏറെ സമ്മർദ്ദമുണ്ടായേനെ. ഇതറിയാതെ,കൂടെയുള്ളവരോടൊപ്പം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പരിശീലനം തുടർന്നു "

"ഒരാഴ്ച കഴിഞ്ഞതോടെ എന്റെ അച്ഛനെ അങ്ങോട്ട് വിളിക്കാൻ ബഗാൻ അധികൃതർ ആവശ്യപ്പെട്ടു. 17 വയസ്സ് മാത്രം പ്രായമായാൽ, ഒരു പ്രൊഫഷണൽ കരാർ ഒപ്പിടാൻ എനിക്ക് സാധിക്കുമായിരുന്നില്ല, മാത്രമല്ല അന്ന് ഒരു ഏജന്റുമാരും ഉണ്ടായിരുന്നില്ല. അച്ഛൻ വന്നിട്ടും എനിക്ക് കാര്യങ്ങളിൽ ഒരു വ്യക്തത കിട്ടിയില്ല. ഒരു കരാറിനുള്ള തയ്യാറെടുപ്പായിരുന്നു അതെല്ലാം എന്ന് എനിക്ക് ഒരു തോന്നലുമുണ്ടായില്ല. തൊട്ടടുത്ത ദിവസം, ട്രെനിങ്ങിന് ശേഷമുണ്ടായ കളിയിൽ രണ്ടു ഗോളുകൾ എനിക്ക് നേടാനായി. അത് കഴിഞ്ഞതോടെ എന്നെയും അച്ഛനെയും ഒരു റൂമിൽ കൊണ്ടുപോയി അവര് പറഞ്ഞതിങ്ങനെ "മൂന്നു വർഷത്തെ കരാറിതാ ". ഇത് കേട്ടതോടെ ഞങ്ങള് രണ്ടു പേരും എന്ത്‌ ചെയ്യണെമെന്നറിയാത്ത അവസ്ഥയിലായി. പണത്തിന്റെ കാര്യത്തിൽ ഞങ്ങൾ ഗൗരവം കൊടുത്തില്ല, കാരണം ഇതു തന്നെ ഏറ്റവും വലിയ അവസരമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അത്തരത്തിൽ കളി തുടങ്ങി ബഗാനു വേണ്ടി നല്ല പ്രകടനം നടത്താനായി. "

"ഞാൻ മുൻപ് ഡൽഹിയിൽ വെച്ച് അക്കാഡമിയിൽ ഒന്നും പോകാത്തതിനാൽ, ഫുട്ബോൾ ബാല പാഠങ്ങൾ എനിക്ക് വ്യക്തമല്ലായിരുന്നു. ഫുട്ബോൾ വെറും സന്തോഷം തരുന്ന ഒരു പ്രവർത്തിയായാണ് ഞാനന്ന് കണ്ടത്. കുറെയധികം ഡ്രിബിൽ ചെയ്തും, നട്ട്മെഗുകൾ ചെയ്തും ജഗ്ഗലിംങ്ങും ഒക്കെ ചെയ്ത് ചെറുപ്പത്തിൽ ആനന്ദം കണ്ടത്തിയിരുന്നു. എന്നാൽ പ്രൊഫഷണൽ ഫുട്ബോളിൽ മികച്ചതാവാനുള്ള കഠിന പരിശ്രമം പിന്നീടാണ് തുടങ്ങിയത്. "

ദേശിയ ടീമിലേക്കുള്ള വരവ്

"ക്യാമ്പിലെത്തിയതോടെ ഒരു 50-50 ചാൻസ് മാത്രമേ എനിക്ക് ഞാൻ കണ്ടിരുന്നുള്ളൂ. എന്റെ ഓർമ ശെരിയാണെങ്കിൽ, 40 കുട്ടികളും 40 പയ്യന്മാരും 40 മുതിർന്ന കളിക്കാരുമായിരുന്നു അന്ന് ഉണ്ടായിരുന്നത്. സുഖ്‌വിന്ദർ സിംഗ് ആയിരുന്നു അന്നത്തെ പരിശീലകൻ. പാകിസ്താനിലെ ബലൂചിസ്ഥാനിലേക്കുള്ള 20 അംഗ ടീമിൽ, യുവ നിരയിൽ നിന്ന് ഞാനും സയ്ദ് റഹീമും തിരഞ്ഞെടുക്കപ്പെട്ടു. ബെഞ്ചിലായിരിക്കും ഞങ്ങളുടെ സ്ഥാനം എന്ന് ഏകദേശ ധാരണ ഞങ്ങൾക്കുണ്ടായിരുന്നു. എന്നാൽ കളിയുടെ തലേന്ന് സുഖ്‌വിന്ദർ വന്നു രണ്ടു പേരും ആദ്യ 11ൽ ഉണ്ടാവുമെന്ന് പറഞ്ഞതോടെ ഞങ്ങൾ ഞെട്ടി. അന്ന് ദേശിയ ജേഴ്‌സി 20 തവണ മടക്കി, അതിൽ പ്രെർഫ്യൂം അടിച്ചതൊക്കെ ഞാൻ ഓർക്കുന്നു. "

"ജീവിതത്തിൽ എന്തൊക്കെ സന്തോഷങ്ങൾ ഉണ്ടായാലും, ദേശിയ ടീമിന് വേണ്ടി കളിക്കുന്ന സന്തോഷം വേറൊന്നും തരില്ല. തൊട്ടടുത്ത ദിവസത്തെ കളിയിൽ എന്റെ ഒരു ഗോളിന്റെ പിൻബലത്തിൽ 1-0 ഗോൾ നിലയിൽ മുന്നിലായി. ഗോൾ നേടിയ ആഹ്ലാദത്തിൽ, കാണികളുടെ അടുത്തേക്ക് ചാടിയടുത്ത ഞാൻ, പിന്നോട്ടു നോക്കിയതോടെ മറ്റു കളിക്കാരെ എന്റെ കൂടെ കണ്ടില്ല. സ്റ്റേഡിയം മൊത്തം ശാന്തമാകുകയും, എന്താണ് സംഭവിച്ചെന്നറിയാതെ ഞാൻ തിരിച്ചു പോകുകയും ചെയ്തു. എന്നാൽ അവസാന 10 മിനിറ്റിൽ ഒരു ഗോൾ വഴങ്ങിയതോടെ സമനിലയിൽ കളി അവസാനിച്ചു. ആ കളിയും ആ ഗോളും എന്റെ ജീവിതത്തിലുടനീളം മറക്കാൻ സാധിക്കില്ല "

താരതമ്യപ്പെടുത്തലിനെ കുറിച്ച്

"ഞാനതൊന്നും ഒരിക്കലും കാര്യമായി എടുത്തിട്ടില്ല. എന്റെ സുഹൃത്തുക്കളും കുടുംബവും എന്നോട് എപ്പഴും സത്യസന്ധതയോടെ എല്ലാ കാര്യങ്ങളും തുറന്ന് പറയാറുണ്ട്. ഒരു തരത്തിലുള്ള താരതമ്യപ്പെടുത്തലിലും ഞാൻ വിശ്വസിക്കുന്നില്ല, അതെന്നെ ബാധിക്കുന്ന വിഷയമല്ല. ബൈച്ചുങ് ഭായ്, മഹേഷ്‌ ഗൗളി, ദീപക് മൊണ്ഡൽ, റെൻഡി സിംഗ്, സമീർ നായ്ക്, സുർകുമാർ, ക്ലൈമാക്സ്‌ ലോറെൻസ് തുടങ്ങിയ മികച്ച താരങ്ങളുടെ കൂടെ കളിക്കാൻ എനിക്കന്ന് കഴിഞ്ഞു. എല്ലാവർക്കും ഞാൻ ഗോളടിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സാധാരണയായി ദേശിയ ടീമിൽ പോലും സ്ഥിരമായി ഒരു കളിക്കാരൻ മാത്രം ഗോളടിക്കുന്നത് കാണാൻ ആർക്കും താല്പര്യമുണ്ടാകാറില്ല. "

"എനിക്ക് 19-20 വയസ്സുള്ളപ്പോൾ സംഭവിച്ച ഒരു കാര്യം എനിക്ക് ഓർമ വരുന്നു. ഒരു 5-6 കളികൾ ഇന്ത്യൻ ടീമിന് വേണ്ടി അന്ന് കളിച്ചിട്ടുണ്ടാവും. സാധാരണയായി റെൻഡി സിങ്ങും ബൈചുങ് ബുട്ടിയയുമാണ് പെനാൽട്ടി കിക്ക് എടുക്കാറുള്ളത്. എന്നാൽ ഒരു കളിയിൽ പെനാൽറ്റിക്ക് അവസരം ലഭിച്ചപ്പോൾ, ഞാൻ കിക്ക് എടുക്കാൻ തയ്യാറാണെന്ന് പറഞ്ഞു ചെന്നു. സുരേഷ് സിംഗോ അമർജിതോ അത്തരത്തിൽ ഇന്ന് എന്നോട് പറയില്ലെങ്കിലും, പറഞ്ഞാൽ എന്തായിരിക്കും ഞാൻ പറയുകയെന്ന് അവർക്കറിയാം. "

"ഒരു ടീമിന് മുന്നിലെത്താനുള്ള അവസരമാണ് പെനാൽറ്റി. അതിനാൽ ഗോളാക്കാൻ സാധിക്കുമെന്ന് ഉറപ്പുള്ള കളിക്കാർ മാത്രമേ കിക്ക് എടുക്കാവു. ഞാൻ അന്ന് കിക്ക് എടുക്കാൻ ഉറപ്പിച്ചായിരുന്നു ചെന്നത്. റെൻഡി സിങ്ങും ബൈച്ചുങ് ബുട്ടിയയും എനിക്ക് കിക്ക് എടുക്കാൻ അവസരം നൽകി. എന്നിൽ അവർക്കുണ്ടായ വിശ്വാസവും സ്നേഹവുമാണ് അന്ന് അങ്ങനെ സംഭവിച്ചതിന് കാരണമെന്ന് ഞാൻ വിശ്വസിക്കുന്നു. ദേശിയ ടീമിൽ ഒരു 19 വയസ്സുകാരന് പെനാൽറ്റി എടുക്കാൻ സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. "

"2005ൽ മുതൽ ഇപ്പോൾ വരെ 70 ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്. അതിന്റെ പ്രധാന കാരണം എന്റെ സഹകളിക്കാരുടെ പിന്തുണ തന്നെയാണ്. ഞാൻ ഗോളടിച്ചു മുന്നേറണം എന്ന് അന്നും ഇന്നും എന്റെ സഹ കളിക്കാർക്ക് താല്പര്യമുണ്ട്. ഇത്രയധികം ഗോൾ നേടിയതിന് കാരണവും അതുതന്നെയാണ്. "

ഇന്ത്യക്ക് വേണ്ടി ഏറ്റവും ഗോൾ നേടിയ സുനിൽ ഛേത്രി, രാജ്യാന്തര തരത്തിൽ ഒരു ദേശിയ ടീമിന് വേണ്ടി ഏറ്റവും ഗോൾ നേടിയ താരമെന്നതിൽ രണ്ടാമതാണ്. മെസ്സിയെക്കാൾ 2 ഗോളിന് മുന്നിലാണ് ഛേത്രി. 72 തവണ ഇന്ത്യക്ക് വേണ്ടി ഛേത്രി വല കുലുക്കിയിട്ടുണ്ട്. "എന്റെ യാത്ര " എന്ന സുനിൽ ഛേത്രിയുടെ ഓർമകളുടെ തുടർച്ച രണ്ടാം ഭാഗത്തിൽ.

Advertisement