Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ബിനോ ജോർജ്: ജെസ്സല്‍ കാര്‍നെറോയെ ഗോകുലം ക്ലബിന് വേണ്ടി സൈൻ ചെയ്യാൻ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഇരുന്നതാണ് എനിക്ക് സംഭവിച്ച പിഴവായി ഞാൻ സ്വയം കരുതുന്നത്

Published at :September 23, 2020 at 12:22 AM
Modified at :September 23, 2020 at 12:22 AM
Post Featured Image

Dhananjayan M


കേരള കളിക്കളം ഇൻസ്റ്റാഗ്രാം പേജിൽ സംഘടിപ്പിച്ച ലൈവിൽ സംഘടകർ കേരളത്തിൽ നിന്നുള്ള ഏക എഎഫ്‌സി പ്രൊ കോച്ചിങ് ലൈസൻസ് ഉടമയായ, ഗോകുലം കേരള എഫ്‌സിയുടെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജുമായി അഭിമുഖം നടത്തി.

പുതിയ സീസണിലെ ഗോകുലം കേരള എഫ്‌സിയുടെ ഐ ലീഗിലെ പ്രതീക്ഷകളെ കുറിച്ചു സംസാരിച്ചു തുടങ്ങിയ ബിനോ ജോർജ് പുതിയ സീസണിലെ ടീമിന്റെ മുഖ്യ പരിശീലകൻ ആയ വിൻസെൻസോ ആൽബർട്ടോ ആനിസിനെ പറ്റിയുള്ള ചിന്തകൾ പങ്കുവെച്ചു.

"കഴിഞ്ഞ സീസണിനോടുവിൽ കോച്ചായിരുന്ന സാന്റിയാഗോ വരേല ടീം വിടുകയുണ്ടായി. പുതിയ സീസണിലേക്കായി ഇറ്റലിയിൽ നിന്നുള്ള ഒരു യുവകോച്ചിനെയാണ് ക്ലബ്‌ സൈൻ ചെയ്തിരിക്കുന്നത്. ടീമുമായി കരാറിലെത്തിയ ശേഷം കോച്ച് ആദ്യം ചെയ്തത് കരാറിലുള്ള കളിക്കാരുടെ ഒരു ഗ്രൂപ്പ്‌ ഉണ്ടാക്കുകയും അതിൽ ഫിസിക്കൽ ടെസ്റ്റിന്റെ കാര്യങ്ങളും താരങ്ങൾക്ക് പന്തിന്റെ മുകളിൽ വേണ്ട ടെക്നിക്കൽ വശങ്ങളും അദ്ദേഹം അയച്ചുകൊടുക്കുകയും ചെയ്യുന്നു. കൂടാതെ ഫിസിക്കൽ ഫിറ്റ്നസ് കോച്ചായാ ഗാർഷ്യ അന്നീസിനൊപ്പം താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്താൻ കൂടെയുണ്ട്."

" സാന്റിയാഗോ വരേലയിൽ നിന്ന് വ്യത്യസ്തമായി ധാരാളം ക്ലബ്ബുകളിൽ നിന്നും വളരെയധികം അനുഭവസമ്പത്ത് ലഭിച്ച പരിശീലകൻ ആണ് ആന്നീസ്. അദ്ദേഹത്തിന്റെ കളിശൈലി ക്ലബ്ബിന്റെ ഫിലോസഫിയുമായി വളരെയധികം ചേർന്നുപോകുന്നുണ്ട്. ഒരു പക്ഷെ ഈ കോവിഡ് കാലത്ത് കേരളത്തിന്റെ സ്വപ്നമായ ഐ ലീഗ് കിരീടം കേരളത്തിൽ എത്തിക്കാൻ വിൻസെൻസോ അന്നീസിന് സാധിക്കും എന്ന് വിശ്വാസിക്കുന്നു. "

ബിനോ ജോർജ് കൂട്ടിച്ചേർത്തു.കോവിഡ് 19 വൈറസ് ഭീതി കാരണം കഴിഞ്ഞ സീസണിൽ 4 മത്സരങ്ങൾ ബാക്കി നിൽക്കെ ഐ ലീഗ് അവസാനിപ്പിക്കുകയായിരുന്നു. അന്ന് പോയിന്റ് ടേബിളിൽ 15 മത്സരങ്ങളിൽ നിന്നായി 22 പോയിന്റ് ആയിരുന്നു ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ വർഷം ലീഗിലെ ക്ലബ്ബിന്റെ പ്രകടനത്തെ പറ്റിയും ബിനോ ജോർജ് സംസാരിച്ചു.

" കഴിഞ്ഞ വർഷം ഐ ലീഗ് സീസണിന്റെ പകുതിക്ക് വെച്ച് നിന്നുപോയി. ചാമ്പ്യൻമാരാകുന്നതിനായിരുന്നു കഴിഞ്ഞ വർഷം ക്ലബ്‌ മുൻ‌തൂക്കം നൽകിയിരുന്നത്. അതിന് വേണ്ടി കഴിഞ്ഞ കൊല്ലം ക്ലബ്ബിന്റെ ബഡ്ജറ്റ് കാര്യമായി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ ടീമിന്റെ എല്ലാ ഭാഗങ്ങളിലും പ്രൊഫഷണൽ ആയിട്ടുള്ള മാറ്റങ്ങളും കൊണ്ട് വന്നിരുന്നു. സീസണിലെ എല്ലാ മത്സരങ്ങളും പൂർത്തിയായിരുന്നേൽ ക്ലബ്‌ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നേനെ. "

കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്‌സിയുടെ പ്രധാന കിരീടനേട്ടം ഇന്ത്യൻ വനിത ലീഗിൽ ആയിരുന്നു. ചരിത്രത്തിൽ ആദ്യമായി കേരളത്തിലേക്ക് ദേശീയ ഫുട്ബോൾ ലീഗ് എത്തിച്ച ഗോകുലം കേരളയുടെ വനിത നിരയെപ്പറ്റിയും ടീമിന്റെ മുഖ്യപരിശീലക പ്രിയ പിവിയെ പറ്റിയും ബിനോ ജോർജ് സംസാരിച്ചു.

" ഗോകുലം വനിത ഫുട്ബോൾ ടീം ഇന്ത്യൻ വിമെൻസ് ലീഗ് ജേതാക്കളായതിന്റെ എല്ലാ ക്രെഡിറ്റും ടീമിന്റെ മുഖ്യപരിശീലക പ്രിയക്ക് നൽകുന്നു. പ്രിയ കോച്ച് ദേശീയ വനിത ഫുട്ബോൾ ടീമിന്റെ മുൻ പരിശീലക ആയിരുന്നതിനാൽ ഏതെല്ലാം താരങ്ങളെ ടീമിൽ നിർബന്ധമായും എത്തിക്കണം, ആരെയെല്ലാം പരിഗണിക്കണം എന്നെല്ലാം കൃത്യമായി അറിയാമായിരുന്നു. കൂടാതെ വനിത ലീഗിന്റെ മൂന്നാം സീസണിൽ ആയിരുന്നു ഗോകുലം കേരളയുടെ വനിത ടീം ആദ്യമായി അരങ്ങേറ്റം നടത്തിയത്. അന്ന് ഗ്രൂപ്പ്‌ ഘട്ടത്തിൽ എല്ലാ മത്സരവും വിജയിച്ചു ടീം അടുത്ത റൗണ്ടിലേക്ക് കടന്നെങ്കിലും സെമി ഫൈനലിൽ മണിപ്പൂർ പോലീസിനെതിരെ തോൽക്കുകയായിരുന്നു. അതിനാൽ തന്നെ ഈ സീസണിൽ പ്രിയ എന്നോട് ആദ്യം ആവശ്യപ്പെട്ടത് ക്ലബ്‌ പ്രസിഡന്റിനോട് സംസാരിച്ചു ടീമിന്റെ ബഡ്ജറ്റിൽ നേരിയ ഒരു വർധന ഉണ്ടാക്കി തരണം എന്നായിരുന്നു. ആ ബഡ്ജറ്റ് ഉപയോഗിച്ചുള്ള  പ്രിയയുടെ കൃത്യമായ വീക്ഷണത്തിന്റെയും പ്രവർത്തനത്തിന്റെയും ഫലമാണ് ഈ കിരീടനേട്ടം.  പ്രിയ കോച്ച്, അസിസ്റ്റന്റ് കോച്ചായ ഷെരിഫ്, മാനേജർ ഫെബിൻ, ടീം അംഗങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. കേരളത്തിലേക്ക് ആദ്യമായി ഒരു ഐ ലീഗ് കിരീടം ഗോകുലം കൊണ്ടുവന്നത് അഭിമാനിക്കേണ്ട കാര്യമാണ്. "

ഇന്ത്യൻ ഫുട്ബോളിന് ഗോകുലം കേരള എഫ്‌സിക്ക് നൽകാൻ കഴിയുന്ന സംഭാവനകളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരം ആയിരുന്നു.

എക്സ്ക്ലൂസീവ്: ഗോകുലത്തെ ഒരു ‘ആഗോള’ ടീമാക്കി മാറ്റും: വിൻസെൻസോ ആൽബർട്ടോ ആന്നീസ്

" എന്റെ പ്രധാനപെട്ട ചുമതലയെ കുറിച്ച് ക്ലബ്‌ പ്രസിഡന്റ്‌ പ്രവീൺ സർ പറഞ്ഞിരിക്കുന്നത്, ഒരു നല്ല കളിക്കാരനും നമുക്ക് നഷ്ട്ടപെട്ടു പോകരുത് എന്നായിരുന്നു. എന്നാൽ അതിൽ എനിക്ക് എതിരെ ഏറ്റവും വലിയ വിമർശനം ആയി ഞാൻ സ്വയം കരുതുന്നത് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ് ബാക്ക് കളിക്കുന്ന ജെസ്സിലിനെ ഗോകുലത്തിന് വേണ്ടി സൈൻ ചെയ്യാതെ ഇരുന്നതാണ്. ഞങ്ങൾ മുൻപ് എവിയസ് കപ്പ്‌ കളിക്കാൻ ഗോവയിൽ പോയപ്പോൾ അന്ന് ചെറിയൊരു ക്ലബ്ബിൽ കളിക്കുന്ന ജസ്സലിനെ കണ്ടിരുന്നു. ആ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു ജെസ്സൽ.അന്ന് ഗോകുലം പ്രസിഡന്റ്‌ പ്രവീൺ എന്നോട് ചോദിച്ചത് ആ താരത്തെ സൈൻ ചെയ്തുകൂടെ എന്നായിരുന്നു. ക്ലബ്‌ അന്ന് താരവുമായി ചർച്ചകൾ നടത്താനിരുന്ന സമയത്ത് ' അവൻ വലിയ താരമൊന്നും അല്ല, വേണ്ട' എന്നായിരുന്നു ഞാൻ പറഞ്ഞത്. അത് ഞാൻ ചെയ്ത വലിയൊരു തെറ്റായിരുന്നു. അവൻ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഒരു താരമായി മാറിയിരിക്കുന്നു. പിന്നീട് ഞാൻ എടുത്ത ആ തെറ്റായ തീരുമാനത്തിൽ ക്ലബ്‌ പ്രസിഡന്റിനോട് പലതവണ ക്ഷമ ചോദിച്ചിട്ടുണ്ട്. "

ഗോകുലം കേരള എഫ്‌സി സ്ഥാപിക്കപെടുമ്പോൾ മുതൽ ക്ലബ്ബിലുള്ള വ്യക്തിയാണ് ബിനോ ജോർജ്. അങ്ങനെ നോക്കുമ്പോൾ ടീമിന്റെ ഇതുവരെയുള്ള പ്രവർത്തങ്ങളെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം.

" ഒരു കോച്ച് എന്ന നിലയിൽ വിദേശ രാജ്യങ്ങളിൽ പ്രൊഫഷണൽ കോഴ്സ് പഠിച്ച ശേഷം ഇന്ത്യയിൽ എത്തുമ്പോൾ അവിടെ നിലവിലുള്ള ധാരാളം കാര്യങ്ങൾ ഇവിടെ കൊണ്ട് വരണം എന്ന് ആഗ്രഹിക്കും. എന്നാൽ അതിന് സാധിക്കുകയില്ല. കാരണം ഇന്ത്യൻ ഫുട്ബോൾ എന്നത് ലാഭം നൽകാത്ത ഒരു മേഖലയാണ്. കേരളത്തിൽ ആദ്യമായി ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്‌ എന്ന രീതിയിൽ പിറവിയെടുത്ത എഫ്‌സി കൊച്ചിൻ, തുടർന്ന് രൂപീകരിക്കപ്പെട്ട വിവാ കേരള, മലബാർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾ എല്ലാം പിന്നീട് വരുമാനമില്ലാതെ അടച്ചുപൂട്ടുന്നതായാണ് കണ്ടത്. അങ്ങനെ ഉള്ള സമയത്ത് ഗോകുലം കേരള എഫ്‌സി പുരുഷ - വനിത താരങ്ങൾക്ക് അവസരം നൽകുന്നത് ശ്രദ്ധേയമാണ്. "

" നമ്മൾ ചിന്തിക്കുന്ന രീതിയിലുള്ള സൗകര്യങ്ങളും അക്കാദമികളും ഇന്നും ഇന്ത്യയിലെ ഏത് ക്ലബ്ബിലും ഉണ്ടായിട്ടില്ല. ഒരു ക്ലബ്ബിന്റെ ആദ്യ സ്റ്റാഫ്‌ എന്ന നിലയിൽ ഇത് പറയേണ്ടി വരുന്നത് ഖേദകരമാണ്. എന്നിരുന്നാലും കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ഗോകുലം കേരളക്ക് ഉണ്ടായത് വലിയ മുന്നേറ്റമാണ്. ടീം ഡ്യുറാൻഡ് കപ്പ്‌ നേടി. ദേശീയ വനിതാ ലീഗ് നേടി. ഇന്റർനാഷണൽ ടൂർണമെന്റുകളിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിക്കുന്നു. ഗോകുലം കേരള എഫ്‌സി എന്ന പേര് ലോകമെങ്ങും അറിയപെടുന്നു. ഇതെല്ലാം മികച്ച മുന്നേട്ടമാണ്. "അദ്ദേഹം തുടർന്നു.

ഗോകുലം കേരള എഫ്‌സി വളർച്ചയുടെയും വികസനത്തിന്റെയും പാതയിലാണ്. വരും വർഷങ്ങളിൽ ക്ലബിന് കീഴിൽ താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുക്കുമെന്ന് പറഞ്ഞ അദ്ദേഹം ക്ലബ്‌ മാനേജ്മെന്റിന്റെ ഭാവി തീരുമാനങ്ങളെ കുറിച്ചും സംസാരിച്ചു. " ഗോകുലം കേരള എഫ്‌സിയുടെ വികസനം ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെടും. നിലവിൽ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം വാടക കരാറിലാണ് ഗോകുലം കേരള എടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഭാവിയിൽ ടീമിന് സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കും. അതിന്റെ ചുറ്റുമായി ഒന്നോ രണ്ടോ പരിശീലന മൈതാനങ്ങളും നിർമ്മിക്കും. നല്ലൊരു യൂത്ത് ഡെവലപ്പ്മെന്റ് സംവിധാനം ഉണ്ടെകിൽ മാത്രമേ എല്ലാ ക്ലബ്ബിനും ഉയർന്നു വരാൻ കഴിയൂ. അതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും ഗോകുലം കേരള മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. കൂടാതെ വിദേശ കോച്ചുമാരുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാവിധ സൗകര്യങ്ങളും ഉള്ള റസിഡന്ഷ്യൽ അക്കാദമികൾക്ക് രൂപം കൊടുക്കാനും ക്ലബ്‌ മാനേജ്മെന്റ് ആലോചിക്കുന്നുണ്ട്. ഞാൻ ഭാവിയിൽ ടീമിനൊപ്പം ഇല്ലെങ്കിൽ പോലും ഇവയെല്ലാം കൃത്യമായി തന്നെ മുന്നോട്ട് പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. "

വരാൻ പോകുന്ന ഐ ലീഗ് സീസണിനെ കുറിച്ച് സംസാരിച്ച ബിനോ ജോർജ് ഈ സീസണിൽ ക്ലബ്ബിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ കരാറുകൾ പൂർത്തിയായെന്നും വിദേശതാരങ്ങളുടെത് വരും ദിവസങ്ങളിൽ പൂർത്തിയാകുമെന്നും സൂചിപ്പിച്ചു. ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് അനുസരിച്ച് ഒക്ടോബറോടുകൂടി ടീമിന്റെ പരിശീലനം പുനരാരംഭിക്കും എന്നും അദ്ദേഹം അറിയിച്ചു.

Advertisement