Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫറുകൾ: റോബി ഫൗളർ ഈസ്റ്റ്‌ ബംഗാൾ ഹെഡ്കോച്ച്, കോസ്റ്റ കേരള ബ്ലാസ്റ്റേഴ്‌സിൽ

Published at :October 12, 2020 at 3:02 AM
Modified at :October 12, 2020 at 3:02 AM
Post Featured Image

Dhananjayan M


വരും ആഴ്ചകളിൽ ട്രാൻസ്ഫർ ജാലകത്തിൽ സജീവമാകുന്ന മുൻനിര ഫുട്ബോൾ ക്ലബ്ബുകൾ ഈസ്റ്റ്‌ ബംഗാളും മുംബൈ സിറ്റി എഫ്‌സിയും ആയിരിക്കും.

ഇന്ത്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ ജാലകം ഏകദേശം പൂർത്തിയായികൊണ്ടിരിക്കുന്നു.ഫുട്ബോൾ ക്ലബ്ബുകൾ കരാർ പൂർത്തിയാക്കിയ താരങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഇന്ത്യൻ സൂപ്പർ ലീഗിലെ ക്ലബ്ബുകൾ ടീമിനൊപ്പം പ്രീസീസണ് വേണ്ടി ഗോവയിൽ എത്തിതുടങ്ങി. അതേസമയം, ലോകമാകെ ശക്തമായി വ്യാപിക്കുന്ന കോവിഡ് 19 രോഗഭീതിക്ക് ഇടയിൽ രാജ്യത്തെ കായികമേഖലയുടെ തിരിച്ചുവരവ് അടയാളപടുത്തികൊണ്ട് വരുന്ന സീസണിലെ ഐ ലീഗിലേക്കുള്ള യോഗ്യത മത്സരങ്ങൾ കൊൽക്കത്തയിൽ ആരംഭിച്ചു.

ഐഎസ്എല്ലിലേക്ക് പുതുതായി കടന്നു വന്ന കൊൽക്കത്തൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ കഴിഞ്ഞ ദിവസം തങ്ങളുടെ പുതിയ സീസണിലേക്കുള്ള പരിശീലകസംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മുംബൈ സിറ്റി എഫ്‌സി തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്ലബ്ബുമായി കരാറിലെത്തുന്ന താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾ വരുന്ന ദിവസങ്ങളിൽ ഉണ്ടാകുമെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ രണ്ടു ക്ലബ്ബുകളും ആയിരിക്കും വരുന്ന ആഴ്ചകളിൽ ട്രാൻസ്ഫർ ജാലകത്തിൽ ഏറ്റവും അധികം സജീവമായി പ്രവർത്തിക്കുക.

കേരള ബ്ലാസ്റ്റേഴ്‌സ്

ഗാരി ഹൂപ്പർ
https://twitter.com/KeralaBlasters/status/1313079453954826240

കഴിഞ്ഞ ഓഗസ്റ്റിൽ ഖേൽ നൗ റിപ്പോർട്ട്‌ ചെയ്ത മുൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മുന്നേറ്റതാരം ഗാരി ഹൂപ്പറിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് ഈ ആഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കുകയുണ്ടായി. മുപ്പത്തിരണ്ടുകാരനായ ഗാരി ഹൂപ്പർ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ നോർവിച്ച് സിറ്റി എഫ്‌സിക്ക് വേണ്ടിയും സ്കോട്ടീഷ് ക്ലബ്ബായ സെലിറ്റിക്ക് എഫ്‌സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ ഓസ്ട്രേലിയൻ ക്ലബ്ബായ വെല്ലിങ്ടൺ ഫീനിക്സിന്റെ താരമായിരുന്ന ഹൂപ്പർ ഈ സീസണ് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ബര്‍ത്തലോമ്യൂ ഓഗ്‌ബച്ചേക്ക് പകരക്കാരനായിട്ടാണ് ടീമിലെത്തുക. ഒരു വർഷത്തെക്കാണ് ഹൂപ്പറുമായുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ കരാർ.

കോസ്റ്റ നമോയിൻസു
https://twitter.com/KeralaBlasters/status/1315175562281807872

സിംബാബ്‌വൻ പ്രതിരോധതാരം കോസ്റ്റ നമോയിൻസുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീം വിട്ട സന്ദേശ് ജിങ്കന്റെ അഭാവം താരം നികത്തുമെന്ന് പ്രതീക്ഷിക്കുന്നു. കോസ്റ്റയുമായുള്ള കരാർ ക്ലബ് പൂർത്തിയാക്കിയതായി ഖേൽ നൗ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

ചെക്ക് ഫുട്ബാൾ ക്ലബായ സ്പാർട്ടാ പ്രാഗിൽ ഏഴ് വർഷം കളിച്ചതിന് ശേഷമാണ് കോസ്റ്റ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ടീമിന്റെ നായകസ്ഥാനം വഹിക്കാൻ ശേഷിയുള്ള, വളരെയധികം അനുഭവസമ്പത്തുള്ള ഈ സെന്റർ ബാക്ക് ഒരു വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്.

എടികെ മോഹൻബഗാൻ

അരിന്ദം ഭട്ടാചാര്യ

ക്ലബ്ബിന്റെ ഒന്നാം ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി നീട്ടി എടികെ മോഹൻബഗാൻ. കഴിഞ്ഞ സീസണിൽ 9 ക്ലീൻ ഷീറ്റുകളുമായി ഏറ്റവും അധികം ക്ലീൻഷീറ്റുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഗോൾവലക്ക് കീഴിൽ താരത്തെ നിലനിർത്തുന്നതോടെ മുൻനിര താരങ്ങൾ അണിനിരക്കുന്ന പ്രതിരോധത്തെ കൂടുതൽ ശക്തമാക്കുകയാണ് ക്ലബ്.

ചെന്നൈയിൻ എഫ്‌സി

ഇസ്മാൽ ഗോൺസൽവസ്
https://twitter.com/ChennaiyinFC/status/1315177876270936065

ഇസ്മ എന്നറിയപ്പെടുന്ന ഇസ്മാൽ ഗോൺസൽവസിനെ ടീമിലെത്തിച്ച് ചെന്നൈയിൻ എഫ്‌സി. 2020/21 സീസണിലേക്ക് ഫ്രീ ട്രാൻസ്ഫറിലൂടെയാണ് ഈ മുന്നേറ്റതാരം ടീമിൽ എത്തുന്നത്. ഇരുപത്തിയാൻപത്കാരനായ ഇസ്മ ഫ്രഞ്ച് ക്ലബ്ബായ ഒജിസി നീസ്, സൈപ്രസ് ക്ലബ്ബായ APOEL എഫ്‌സി, സൗദി ക്ലബ്ബായ അൽ - എത്തിഫാക്ക്, സ്കോട്ടീഷ് ക്ലബ്ബായ ഹാർട്സ് എഫ്‌സി എന്നിവക്ക് വേണ്ടി കളിച്ചിട്ടുണ്ട്.

പോർട്ടുഗീസ് വംശജനായ ഇസ്മ അവസാനം കളിച്ചത് ജപ്പാനീസ് ക്ലബ്ബായ മാറ്റ്സുമോട്ടോ യമാഗക്ക് വേണ്ടി ആയിരുന്നു. കഴിഞ്ഞ സീസണിന്റെ അവസാനം ജാംഷെഡ്പൂർ എഫ്‌സിയിലേക്ക് കൂടുമാറിയ സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയായ നെറിജസ് വാൽസ്കിസിനു പകരക്കാരൻ ആയാണ് ഇസ്മ ചെന്നൈയിൽ എത്തുന്നത്.

ഈസ്റ്റ്‌ ബംഗാൾ

റോബി ഫൗളർ

ഇന്ത്യൻ സൂപ്പർ ലീഗിലെ അരങ്ങേറ്റ സീസണിൽ ലിവർപൂൾ ഇതിഹാസം റോബി ഫൗളറിനെ മുഖ്യപരിശീലകനായി നിയമിച്ച് ഈസ്റ്റ്‌ ബംഗാൾ എഫ്‌സി. 2019/20 സീസണിൽ ഓസ്ട്രേലിയൻ എ - ലീഗ് ക്ലബ്ബായ ബ്രിസ്ബെൻ റോറിന്റെ പരിശീലകൻ ആയിരുന്നു ഫൗളർ. ആ സീസണിൽ 26 മത്സരങ്ങളിൽ നിന്നായി 10 വിജയങ്ങൾ ഫൗളർ ക്ലബ്ബിന് നേടി കൊടുത്തു. എന്നാൽ കോവിഡ് 19 രോഗഭീതി മൂലം ക്ലബ്ബിൽ തിരികെയെത്താൻ കഴിയാതെയിരുന്ന കോച്ച് ടീമിനെ സീസണിൽ നാലാമത് എത്തിച്ചു. ഈസ്റ്റ്‌ ബംഗാളിന്റെ ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു അധ്യായം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് കരുതുന്നു.

പരിശീലകസംഘം

റോബി ഫൗളറിനു കീഴിൽ സഹപരിശീലകനായി ചുമതല ഏൽക്കുന്നത് മുൻ പ്രീമിയർ ലീഗ് താരം ആന്റണി ഗ്രാന്റ് ആണ്. ഇംഗ്ലീഷ് ക്ലബ് ബ്ലാക്ക്പൂളിന്റെ മുൻ സഹപരിശീലകൻ ആയിരുന്ന ഗ്രാന്റ് കഴിഞ്ഞ സീസണിൽ ഫൗളറിനു കീഴിൽ ബ്രിസ്ബൻ റോറിലും സഹപരിശീലകൻ ആയിരുന്നു.

മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന റെനടി സിങ് ടീമിന്റെ ഇന്ത്യൻ സഹപരിശീലകൻ ആയി ചുമതലയെൽക്കും. ഗോൾകീപ്പർ കോച്ച് റോബർട്ട്‌ മിംസിനെ കൂടാതെ ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായി ഒരു ടീമിന്റെ സെറ്റ്പീസ് പരിശീലകനായി ടെറൻസ് മക്ഫിലിപ്സും സ്ഥാനമേല്ക്കും.

ദേബ്ജിത് മജുംദാർ

ഗോൾകീപ്പർ ഡെബ്ജിത് മജുംദർ ഈസ്റ്റ്‌ ബംഗാളുമായി കരാർ ഒപ്പുവെക്കാനുള്ള ചർച്ചകൾ നടത്തുകയാണെന്ന് ഖേൽ നൗ മനസ്സിലാക്കുന്നു. മുപ്പത്തിരണ്ടുകാരനായ താരം മോഹൻബഗാൻ, എടികെ, മുംബൈ സിറ്റി എഫ്‌സി എന്നീ മുൻനിര ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യൻ ലീഗുകളിൽ വളരെയധികം അനുഭവസമ്പത്തുള്ള താരത്തിന്റെ സാന്നിധ്യം ഈസ്റ്റ്‌ ബംഗാളിന് വളരെയധികം മുതൽക്കൂട്ടായിരിക്കും.

നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്

അശുതോഷ് മേത്ത
https://twitter.com/NEUtdFC/status/1313519662638854146

ഇന്ത്യയിലെ പരിചയസമ്പന്നനായ പ്രതിരോധതാരം അശുതോഷ് മേത്ത നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പുവെച്ചു. ഇരുപത്തിയൊൻപത്കാരനായ അശുതോഷ് കഴിഞ്ഞ സീസണിൽ മോഹൻ ബഗാനുനൊപ്പം ഐ-ലീഗ് കിരീടം നേടിയിരുന്നു.

ഈ ഒരു കൂടുമാറ്റത്തിലൂടെ താരം നോർത്ത് ഈസ്റ്റിന്റെ സഹപരിശീലകൻ ഖാലിദ് ജാമിലുമായി വീണ്ടും ഒന്നിക്കുകയാണ്. ഖാലിദ് ജാമിലിന്റെ കീഴിൽ 2016/17 സീസണിൽ ഐ ലീഗ് കിരീടം നേടിയ ഐസ്വാൾ എഫ്‌സിയുടെ അവിഭാജ്യ ഘടകമായിരുന്നു അശുതോഷ് മേത്ത.

ലാൽഖാവ്പുയ്മാവിയ & റൊച്ചാർസേല

കഴിഞ്ഞ വ്യാഴാഴ്ച ചർച്ചിൽ ബ്രദർസിൽ നിന്ന് ലാൽഖാവ്പുയ്മാവിയെയും റൊച്ചാർസേലയെയും കരാറുകൾ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിന്റെ ഐ-ലീഗ് ടീമിൽ അംഗമായിരുന്ന ലാൽഖാവ്പുയ്മാവിയ 13 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ ഞാൻ നേടിയിട്ടുണ്ട്. റൊച്ചാർസേലയാകട്ടെ 15 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളുമായി ലീഗിൽ ചർച്ചിൽ ബ്രദർസിന്റെ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി.

ട്രാവു എഫ്‌സി

ജോസഫ് മയോമ ഒലാലേ

നൈജീരിയൻ മുന്നേറ്റ താരവുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി ഐ - ലീഗിലെ മണിപൂരി ക്ലബ് ട്രാവു എഫ്‌സി. കഴിഞ്ഞ സീസണിൽ ഐ ലീഗിൽ 11 മത്സരങ്ങൾ കളിച്ച താരത്തിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞില്ല. എങ്കിലും വരുന്ന സീസണിൽ ക്ലബ്ബിന് വേണ്ടി താരം കളിക്കളത്തിൽ തിളങ്ങുമെന്ന് വിശ്വസിക്കാം.

സുദേവ എഫ്‌സി

കീൻ ലൂയ്‌സ്

മുൻ ബംഗളുരു എഫ്‌സി മുന്നേറ്റ താരം കീൻ ലൂയിസിനെ സൈൻ ചെയ്ത് വരുന്ന സീസണിൽ ഐ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഡൽഹി ക്ലബ്ബായ സുദേവ എഫ്‌സി. ഒരു വർഷത്തെ കരാറിലാണ് താരം സുദേവയിൽ എത്തിയത്. ഇന്ത്യയിലെ മുൻനിര ക്ലബ്ബുകളായ മോഹൻബഗാൻ, ഡൽഹി ഡയനാമോസ്, പൂനെ സിറ്റി എഫ്‌സി എന്നിവക്ക് കളിച്ചിരുന്ന ഈ ഇരുപതിയെട്ടുകാരൻ ഇന്ത്യൻ ഫുട്ബോളിലെ രണ്ടാം ഡിവിഷനിലെ സുദേവയുടെ അരങ്ങേറ്റത്തിന് മുഖ്യപങ്കു വഹിക്കും.

Advertisement