കരോലിസ് സ്കിൻകിസ്: കപ്പ് നേടിയെടുക്കാൻ ക്ലബ്ബ് എല്ലാവിധത്തിലും ശ്രമിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നു
(Courtesy : KBFC Media)
കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ് ഖേൽ നൗവിന് വേണ്ടി നൽകിയ പ്രേത്യേക ഇന്റർവ്യൂവിൽ അദ്ദേഹത്തിന്റെ പദ്ധതികളെ കുറിച്ചും വരും സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും വിശദീകരിച്ചു
സുഡുവയിൽ ഏകദേശം അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള അദ്ദേഹത്തിനെ കുറച്ചു മാസങ്ങൾക്ക് മുൻപാണ് ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത്. അദ്ദേഹത്തിന്റെ കീഴിൽ ലിത്വാനിയൻ ഫസ്റ്റ് ഡിവിഷനിൽ ആദ്യ സ്ഥാനം കരസ്ഥമാക്കിയ സുഡുവയെ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് വരെ അദ്ധേഹം നയിക്കുകയുണ്ടായി. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന് അദ്ദേഹത്തിന്റെ വരവ് വൻ ശുഭസൂചനയാണ് ക്ലബിന് നൽകുന്നത്.കഴിഞ്ഞ എട്ട് വർഷമായി യൂറോപ്യൻ ഫുട്‍ബോളിൽ സജീവ സാന്നിധ്യമായ ഈ ലിത്വാനിയകാരൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പോലുള്ള ഒരു ക്ലബ്ബിന്റെ ഉയർച്ചയ്ക്ക് സഹായം നൽകുവാൻ കഴിവുള്ള വ്യക്തിയാണ്.
സ്പോർട്ടിങ് ഡയറക്ടർ എന്ന പദവി ഇന്ത്യൻ ഫുട്ബാളിൽ സുപരിചിതമല്ല. കേരള ബ്ലാസ്റ്റേഴ്സിൽ സ്പോർട്ടിങ് ഡയറക്ടർ എന്ന നിലയിൽ ചെയ്യുന്ന ജോലിയെ കുറിച്ച് കരോലിസ് വിശദീകരിച്ചു - " പരിശീലകരുടെയും കളിക്കാരുടെയും റിക്രൂട്ട്മെന്റ്, സ്‌കൗട്ടിങ്, യൂത്ത് ഡെവലൊപ്മെന്റ് തുടങ്ങി ക്ലബ്ബിന്റെ സ്പോർട്സ് സംബന്ധമായ എല്ലാ ഓപ്പറേഷൻസിന്റെയും ചുമതല സ്പോർട്ടിങ് ഡയറക്ടർക്കാണ്. ഈ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഉടമകളെയും ബന്ധിപ്പിക്കുന്ന കണ്ണിയായി സ്പോർട്ടിങ് ഡയറക്ടർ പ്രവർത്തിക്കുന്നു. കുറച്ചു കൂടി സിമ്പിൾ ആയി പറഞ്ഞാൽ, ക്ലബ്ബിന് പ്രതീക്ഷിച്ച റിസൾട്ട് കിട്ടാതിരിക്കുമ്പോഴോ, മുൻപ് പറഞ്ഞ പ്രവർത്തങ്ങൾ വേണ്ട വിധത്തിൽ നടക്കാതിരുന്നാലോ, അതിനെല്ലാം ഉത്തരം നൽകേണ്ടത് സ്പോർട്ടിങ് ഡയറക്ടരാണ്. " കരോലിസ് പറഞ്ഞു.
ഫ് കെ സുഡുവയെ യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാളിഫയിങ് ഘട്ടത്തിൽ എത്തിക്കുന്നതിൽ മുഘ്യ പങ്കു വഹിച്ചയാളാണ് കരോലിസ് സ്കിൻകിസ്. സുഡുവയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിലേക്ക് മാറാനുള്ള കാരണത്തിനെ കുറിച്ച് കരോലിസ് പറഞ്ഞതിങ്ങനെ - "സുഡുവയാണ് എന്റെ ഹോം. ഞാൻ വളർന്നത് ഈ ക്ലബ്ബിലാണ്, മികച്ചതല്ലാത്ത ഒത്തിരി സീസണുകൾ എനിക്ക് അവിടെ കാണാനായി. 2015ൽ വർക്ക് ചെയ്യാൻ ഞാൻ തുടങ്ങിയപ്പോൾ എനിക്ക് തീരെ പരിചയസമ്പത്ത് ഇല്ലായിരുന്നു. ആ സമയത്താണ് ഞാൻ കൂടുതൽ കാര്യങ്ങൾ പഠിച്ചത്. ക്വാളിറ്റി താരങ്ങൾ ക്ലബ്ബിന് വേണ്ടി കളിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ ഒക്കെ മാറാൻ തുടങ്ങി. അത് പെട്ടെന്ന് ഒന്നും ശെരിയായതല്ല, സമയമെടുത്ത് ഞങ്ങൾ സെറ്റ് ചെയ്ത പ്രവർത്തനങ്ങളിൽ പൂർണ്ണ വിശ്വാസത്തോടെ പ്രവർത്തിച്ചത് കൊണ്ടാണ് അങ്ങനെ നടന്നത്. ശരിയായ പ്രൊഫഷണൽ കളിക്കാരെയും സ്റ്റാഫിനെയും തിരഞ്ഞെടുത്തതോടെ 2017ൽ ഞങ്ങൾ ചാമ്പ്യന്മാരായി.
അതിന് ശേഷം തുടർച്ചയായ 3 ചാംപ്യൻഷിപ്പുകൾ അവർ നേടി. അവരുടെ ഇപ്പോഴത്തെ ക്വാളിറ്റി കണ്ടിട്ട് ഇനിയും ഇതിൽ കൂടൂതൽ അവർക്ക് നേടാൻ സാധിക്കുമെന്നതിൽ എനിക്ക് സംശയമില്ല. എന്റെ കരിയറിന്റെ ഈയൊരു ഘട്ടത്തിൽ ഒരു പുതിയ പ്രൊജക്റ്റും ഫ്രഷായിട്ടുള്ള ഒരു ചാലഞ്ചും വേണമെന്ന് എനിക്ക് തോന്നി. സുഡുവയിൽ നേടിയെടുത്ത വിജയത്തിനേക്കാൾ കൂടുതലായി നേടിയെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്‌സുമായി സംസാരിക്കാൻ എനിക്ക് വളരെ സന്തോഷമേ ഉണ്ടായിരുന്നുള്ളു. ക്ലബ്ബിന് മികച്ച കാഴ്ചപ്പാടുണ്ട്, അത് പ്രാവർത്തികമാക്കാൻ എന്നിൽ വിശ്വാസമർപ്പിച്ചതിന് ക്ലബ് മാനേജ്മെന്റിനോട് എന്റെ നന്ദി അറിയിക്കുന്നു".
ഇന്ത്യൻ സൂപ്പർ ലീഗ് മുൻപ് കണ്ടിരുന്നുവെന്നും കേരളത്തെ കുറിച്ച് മികച്ച ധാരണയുണ്ടെന്നും കരോലിസ് പറഞ്ഞു. "ഇന്ത്യൻ സൂപ്പർ ലീഗിലെ കുറച്ചു മത്സരങ്ങൾ ഞാൻ കണ്ടിരുന്നു. ലോക ഫുട്ബോൾ മാപ്പിൽ ഇടം പിടിക്കാൻ ഈ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ തന്നെ ഏറെ പഴക്കമുള്ള ഫുട്ബോൾ പവർഹൗസുകളിൽ ഒന്നാണ് കേരളം. വർഷങ്ങൾ കഴിയും തോറും കേരളത്തിന് ഈ കായിക ഇനത്തോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്. സ്റ്റേഡിയം അറ്റന്റൻസിന്റെ കാര്യത്തിലും, ടീവി വ്യൂർഷിപ്പിലും, ഡിജിറ്റൽ ഫോള്ളോവെഴ്സിന്റെ കാര്യത്തിലും കേരള മുന്പിട്ട് നിൽക്കുന്നു. കേരളത്തിലെ യുവ തലമുറയ്ക്ക് ഫുട്ബോളിനോടുള്ള അഭിനിവേശമാണ് ഫുട്ബോളിൽ അവിടെ ഇത്രയധികം വളർച്ചയുണ്ടാകാൻ കാരണമായത്. യുവ താരങ്ങളെ വളർത്തി, ദേശിയ തലത്തിൽ മാത്രം ഒതുങ്ങാതെ, ഇന്റർനാഷണൽ തലത്തിൽ എത്തിച്ചുകൊണ്ട് ഇന്ത്യയിലെ ഒന്നാം നമ്പർ ഫുട്ബോൾ ക്ലബ്ബാകാനാണ് കേരള ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. കേരളത്തിന്റെ ഫുട്ബോൾ പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടു ഇന്റർനാഷണൽ ക്വാളിറ്റിയുള്ള ഇന്ത്യൻ താരങ്ങളെ സൃഷ്ടിക്കാനാണ് ക്ലബ് ലക്ഷ്യമിടുന്നത്." - കരോലിസ് പറഞ്ഞു.
ക്ലബ്ബ് മാനേജ്മെന്റിൽ നിന്നുള്ള പിന്തുണയെകുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം മറുപടി നൽകിയതിങ്ങനെ -" കെ ബി ഫ് സി മാനേജ്‌മെന്റുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ കേരള ഫുട്ബോളിനെ വളർത്താനും അതിലൂടെ മികച്ച ഫസ്റ്റ് ടീം താരങ്ങളെയും യുവ താരങ്ങളെയും സൃഷ്ഠിക്കണമെന്ന മികച്ച കാഴ്ചപ്പാടാണ് അവർ മുൻപോട്ട് വെച്ചത്. കെ ബി ഫ് സിയിൽ ഫുട്ബോൾ എന്നാൽ വെറുമൊരു ഗെയിം അല്ല, ശാക്തീകരണത്തിനു കൂടിയുള്ള ഒരു മാധ്യമമായാണ് അതിനെ കാണുന്നത്. ഈ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ മാനേജ്മെന്റ് ഉൾപ്പെടുന്ന ടീം പൂർണമായി പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ട്, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉതകുന്ന രീതിയിൽ എന്റെ സംഭാവനകൾ നൽകാൻ ഞാൻ തയ്യാറെടുക്കുകയാണ്. "
കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെ പല താരങ്ങളോടും വേതനത്തിൽ കുറവ് വരുത്താൻ മാനേജ്മെന്റ് ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. അതിനെ കുറിച്ചും കരോലിസ് വിശദീകരിച്ചു. " ഏതൊരു ബിസിനസ്സും പോലെ കോവിഡ് ഫുട്ബോൾ ബിസിനസിനേയും ബാധിച്ചിട്ടുണ്ട്, ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും ഇത് തന്നെയാണ് അവസ്ഥ. ഫുട്ബോൾ ബിസിനസിനെ പിന്തുണയ്ക്കാനും ഇത്രയും വേഗം ഫുട്ബോളിനെ പഴയത് പോലെ തിരിച്ചു കൊണ്ടുവരാനും എല്ലാവരുടെയും കൂട്ടായ ശ്രമം ആവശ്യമാണ്. അതിനാൽ ലോകമെമ്പാടുമുള്ള ക്ലബ്ബുകൾ ഇത്തരത്തിൽ ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുത്തുട്ടുണ്ട്. ", കരോലിസ് പറഞ്ഞു.
സന്ദേശ് ജിങ്കൻ ക്ലബ്ബ് വിട്ടത് ആരാധകരുൾപ്പെടെ ഏവരെയും ഞെട്ടിച്ച വാർത്തയായിരുന്നു. വിദേശ ക്ലബ്ബ്കളിൽ നിന്ന് ഓഫറുകൾ ഉണ്ടെന്ന കാരണത്തിലാണ് അദ്ദേഹം ക്ലബ് വിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. അതിനെക്കുറിച്ചു അഭിപ്രായം പറയാൻ കരോലിസ് തയ്യാറായി. "ജിങ്കൻറെ വേർപിരിയൽ എനിക്കും വളരെ വിഷമമുണ്ടാക്കി. പക്ഷെ ജീവിതത്തിൽ ഇത്തരത്തിലുള്ള സന്ദർഭങ്ങളിൽ ഉണ്ടാവും, സ്വാഭാവികമായി നടക്കേണ്ട കാര്യങ്ങളെ നിർബന്ധിച്ചു നടത്തിപ്പിക്കുന്നതിൽ കാര്യമില്ല. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, ഞങ്ങൾ തമ്മിലുള്ള മികച്ച ബന്ധം ഇപ്പോഴും സൂക്ഷിക്കുന്നു.", കരോലിസ് പറഞ്ഞു.
പുതിയ സ്പോർട്ടിങ് ഡയറക്ടർ വരുന്നതിന് മുൻപ് തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിന് വേണ്ടി കുറച്ചു കളിക്കാരുമായി കരാറിലെത്തിയിരുന്നു. ഇതെല്ലാം കഴിഞ്ഞു ക്ലബ്ബിൽ ചേർന്ന കരോലിസ് എങ്ങനെ ഈ നീക്കങ്ങളോട് പൊരുത്തപ്പെട്ടു എന്ന് വിശദീകരിച്ചു. "റിക്രൂട്ട്മെന്റ് എന്നത് ഫുട്ബോളിൽ തുടർച്ചയായി നടക്കുന്ന ഒന്നാണ്. ഔദ്യോഗികമായി ഏപ്രിൽ ഒന്നുമുതലാണ് ക്ലബ്ബിന്റെ ഭാഗമായതെങ്കിലും 2020 ഫെബ്രുവരി മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഞാൻ സജീവമായിരുന്നു. ഇനിയങ്ങോട്ട് ടീമിനകത്ത് മികച്ച രീതികൾ പ്രാവർത്തികമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ സ് ല്ലിന് വേണ്ടിയുള്ള ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉതകുന്ന ഒരു മികച്ച ടീമിനെ തയ്യാറാക്കുക , ഫസ്റ്റ് ടീമിലേക്ക് കടന്നു വരാൻ അക്കാദമി താരങ്ങളെയും തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.", കരോലിസ് പറഞ്ഞു.
ഇതും വായിക്കൂ : കേരള ബ്ലാസ്റ്റേഴ്‌സ് ഓൾ ടൈം ഐ.സ്.ൽ 11 : ജിങ്കാനും ഹ്യൂമും പിന്നെ ആര്?
കോവിഡ് മൂലം എല്ലാ ഫുട്ബോൾ ക്ലബ്ബ്കളും ബുദ്ധിമുട്ടുകയാണ്. പ്രീ സീസണിന്റെ കാര്യത്തിലും വിദേശ താരങ്ങളെ എത്തിക്കുന്നതിലുമെല്ലാം ടീമുകൾ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. " കോവിഡിന്റെ വരവ് എല്ലാ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ലീഗ് തുടങ്ങുന്ന തിയ്യതിയെ കുറിച്ചു പോലും ഞങ്ങൾക്ക് ധാരണയില്ല. റിക്രൂട്ടിട്മെന്റിനെയും സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെയും ഇത് ബാധിച്ചിട്ടുണ്ട്. ഈ സമയത്ത് ഞാൻ കേരളത്തിൽ ഇല്ലാത്തതും മറ്റൊരു കടമ്പയാണ്. എന്നാൽ എല്ലാ പ്രതിസന്ധികളെയും മറി കടക്കാൻ എന്റെ ടീമിന് കഴിയുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. നിലവിൽ ഓൺലൈൻ കമ്മ്യൂണിക്കേഷനിലൂടെ തയ്യാറെടുപ്പുകൾ നടത്തുന്നതിലാണ് ശ്രദ്ധിക്കുന്നത്. " കരോലിസ് വിശദമാക്കി.
"നിലവിലെ സാഹചര്യം മൂലം നേരിൽ കാണാൻ ഞങ്ങൾക്ക് (ടീം ) കഴിയുന്നില്ല. അതുകൊണ്ട് ദിവസേന ഡിജിറ്റൽ പ്ലാറ്റുഫോമുകൾ ഉപയോഗിച്ച് ഞങ്ങൾ തമ്മിൽ ബന്ധപ്പെടാറുണ്ട്. പുതിയ ടീമിനെ തയ്യാറാക്കുന്ന കാര്യത്തിൽ ഞാൻ പോസിറ്റീവാണ്, എല്ലാ കാര്യങ്ങളും ഓൺലൈനിൽ ചെയ്യാൻ സാധിക്കും. കളിക്കാരെയും, കോച്ചിങ് സ്റ്റാഫിനെയും, ക്ലബ്ബിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളെയെല്ലാം നേരിൽ കണ്ട് കരുത്തുറ്റ ബന്ധങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. " - കരോലിസ് പറഞ്ഞു.
ഇന്ത്യൻ ഫുട്ബോൾ നിലവിൽ മാറ്റത്തിന്റെ പാതയിലാണ്. ഐ സ് ൽ ക്ലബ്ബ്കളിലെ വിദേശ താരങ്ങളുടെ എണ്ണത്തിലും, ഐ സ് ൽ മത്സരങ്ങളുടെ എണ്ണത്തിലും മാറ്റങ്ങൾ വരുത്തണമെന്ന് പല കോണുകളിൽ നിന്നും ആവശ്യപ്പെടുന്നുണ്ട്. ഐ സ് ല്ലിൽ 3+1 നിയമം നടപ്പിലാക്കുന്നതിനെ കുറിച്ച് കരോലിസിന് പറയാനുള്ളത് ഇപ്രകാരമാണ് - "സീസണിന്റെ 2 വർഷം മുൻപ് തന്നെ പ്രൊഫഷണൽ ക്ലബ്ബുകൾ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തണം. എന്നാൽ 3+1 പോലെയുള്ള വലിയ മാറ്റങ്ങൾ ക്രമേണ ഉണ്ടാവേണ്ടതാണ്. പ്രാദേശിക താരങ്ങൾക്ക് പഠിക്കാനും വളരാനും ഉതകുന്ന രീതിയിൽ തുടർച്ചയായ മത്സരങ്ങൾ നടത്തി ഇന്ത്യൻ ഫുട്ബാളിന്റെ മുഴുവനായുള്ള വളർച്ചയ്ക്ക് അത് കാരണമാകുന്നതിലൂടെയാണ് ഈ പ്രവർത്തനം നടപ്പിലാക്കേണ്ടത്."
കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ താരങ്ങളിൽ മാത്രമല്ല സ്പോർട്ടിങ് ഡിറക്ടറിലും പുതിയ പരിശീലകനിലും മികച്ച പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. കിബു വികുന തന്റെ ആശയങ്ങൾ മുൻപ് ആരാധകരുമായി പങ്കു വെച്ചിരുന്നു. കിബുവുമായുള്ള തയ്യാറെടുപ്പുകൾ എത്തരത്തിലാണെന്ന് കരോലിസ് വിശദീകരിച്ചു. "അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ഞാൻ പൂർണമായി വിശ്വസിക്കാറുണ്ട്. കിബു വളരെ പ്രൊഫഷണൽ ആയിട്ടുള്ള പരിശീലകനാണ്, മികച്ച വ്യക്തിത്വവും മത്സരബുദ്ധിയുമുള്ള വ്യക്തി കൂടിയാണ്. അദ്ദേഹം ജയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്, വേണ്ട റിസൾട്ടുകൾ നേടിയെടുക്കാനുള്ള മികച്ച ഫുട്ബോൾ ജ്ഞാനം അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ മികച്ച പരിചയസമ്പത്ത് ടീമിന്റെ വളർച്ചയ്ക്ക് ഗുണം ചെയ്യും. അദ്ദേഹത്തോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ച് എനിക്കൊരു സംശയവുമില്ല ", കരോലിസ് പറഞ്ഞു.
യുവ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് പ്രാധാന്യം നൽകുന്നുണ്ടെന്ന് കഴിഞ്ഞ സീസണുകളിൽ നിന്ന് തന്നെ നമുക്ക് മനസിലാക്കാം. എന്നാൽ യുവത്വവും പരിചയസമ്പത്തും പാകത്തിൽ ചേർന്ന ടീമിനെ പടുത്തുയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല എന്ന അഭിപ്രായത്തോട് കരോലിസ് പ്രതികരിച്ചതിങ്ങനെ - " ക്വാളിറ്റി എന്നതാണ് എപ്പോഴും എന്റെ കീവേർഡ്. പല രീതിയിൽ നോക്കിയാൽ അതിന് പല അർഥങ്ങൾ ഉണ്ടാവാം. എന്നാൽ ക്ലബ്ബ് അതിൽ ഒരു ബാലൻസ് കണ്ടത്തേണ്ടിയിരിക്കുന്നു. യുവ താരങ്ങൾക്ക് ഞങ്ങൾ പ്രാധാന്യം നൽകുന്നുണ്ടെന്നത് ശരിയാണ്, എന്നാൽ പ്രായമോ മറ്റെന്തെങ്കിലുമോ ക്വാളിറ്റിയുടെ മുകളിൽ നിൽക്കില്ല. മികച്ച ക്വാളിറ്റിയിൽ ഒരുക്കിയ ടീമിന് വിജയിക്കാൻ സാധ്യത വളരെ കൂടുതലാണ്. യുവ താരങ്ങളുടെ പേഴ്സണാലിറ്റിയും കഴിവുകളും കണക്കിലെടുത്തുകൊണ്ട് ഞങ്ങൾ അവർക്ക് അവസരം നൽകും. എന്നാൽ പ്രായത്തിനതീതമായി കളിക്കളത്തിൽ കളിക്കാർ നടപ്പിലാക്കുന്ന കാര്യങ്ങളെ ക്വാളിറ്റി ഉറപ്പ് വരുത്തുന്ന ഘടകങ്ങൾ ഉപയോഗിച്ച് വിലയിരുത്തും. "
കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച റിസൾട്ടുകൾ നേടിയെടുക്കാൻ കൃത്യമായിടുള്ള ടൂൾസും മികച്ച വളർച്ചയ്ക്കുള്ള സാഹചര്യവും ഒരുക്കുന്നതിനെ കുറിച്ച് കരോലിസ് മുൻപ് പറഞ്ഞിരുന്നു. " പ്രൊഫഷണൽ പരിശീലകർ, മികച്ച കളിക്കാർ, പരിചയസമ്പത്തുള്ള സ്റ്റാഫുകൾ തുടങ്ങിയവരെ റിക്രൂട്ട് ചെയ്യുക, ടീമിനകത്ത് തന്നെ മികച്ച മത്സരാന്തരീക്ഷം തയ്യാറാക്കുക, അക്കാദമി താരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്കുള്ള വഴി ഒരുക്കുക എന്നീ കാര്യങ്ങൾ ഈ പറഞ്ഞ ടൂളുകളിലും സാഹചര്യത്തിലുമെല്ലാം ഉൾപ്പെടും. തിയറി പോലെ പറയുമ്പോൾ ഇത് എളുപ്പമാണെങ്കിലും ഇത് പ്രാവർത്തികമാക്കുന്നത് വെല്ലുവിളിയാണ്. ഏതൊരു ഫുട്ബോൾ ക്ലബ്ബിനും ഇത് പ്രധാനമായതിനാലാണ് കേരള ബ്ലാസ്റ്റേഴ്സിലും ഇത് നടപ്പിലാക്കാൻ ഞാൻ ലക്ഷ്യമിടുന്നത്. ", കരോലിസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിലെ അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ചും വരാൻ പോകുന്ന സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും അദ്ദേഹം വ്യക്തമാക്കാൻ തയ്യാറായി. "പ്രവർത്തനങ്ങളും പ്രോട്ടോകോളുകളും ക്ലബ്ബിൽ നടപ്പിലാക്കുക എന്നത് ഒരു ലോങ്ങ് ടെം പ്രൊജക്റ്റാണ്. മുൻപ് പറഞ്ഞ പോലെ വരുന്ന സീസണിന് വേണ്ടി മികച്ച താരങ്ങളെയും മികച്ച സ്റ്റാഫുകളെയും ടീമിലെത്തിച്ച് ആരാധകർക്ക് ആസ്വദിക്കാൻ പറ്റുന്ന കളി കളിക്കളത്തിൽ നടപ്പാക്കുകയെന്നതാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം.", കരോലിസ് വിശദമാക്കി.
കഴിഞ്ഞ 3 സീസണുകളിലായി പ്ലേയോഫിൽ കടക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല. തുടർച്ചയായ പരിശീലകരുടെ മാറ്റവും മറ്റു പലതും അതിന്റെ കാരണങ്ങളായി പല വിദഗ്ധരും പറഞ്ഞിരുന്നു. ഈ വിഷയത്തെ കുറിച്ച് കരോലിസ് സ്കിൻകിസ് പ്രതികരിച്ചതിങ്ങനെ -"അത്തരം കാര്യങ്ങളെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നതിൽ കാര്യമില്ല. ഇപ്പോൾ ഭാവിയെ കുറിച്ച് വേണം പ്ലാൻ ചെയ്യാൻ. ചില മാറ്റങ്ങൾ ഇപ്പോൾ തന്നെ നടപ്പിലാക്കി കഴിഞ്ഞു. ഇഞ്ചുറി തടയാനുള്ള പ്രവർത്തനങ്ങൾ, വേഗത്തിൽ പരിക്കിൽ നിന്ന് മോചിതനാകാനുള്ള പ്രവർത്തനങ്ങൾ, ദൈർഘ്യമേറിയ പ്രീ സീസൺ, കളിക്കാരുടെ ഫിറ്റ്നസ്, ഡയറ്റ് തുടങ്ങി പല കാര്യങ്ങളും നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. പരിശീലകന് തന്റെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതത്തോടെയും പ്രൊഫഷണലായും നടപ്പിലാക്കാനും വിദഗ്ധർക്ക് അവർക്ക് പ്രാവീണ്യമുള്ള കാര്യങ്ങളിൽ ചുമതല ഏൽപിക്കുന്നതിലും ഇത്തരം കാര്യങ്ങൾ സഹായിക്കും."
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹം വ്യക്തമാക്കി -"മുൻപ് പറഞ്ഞതുപോലെ മികച്ച ടീമിനെയും സ്റ്റാഫുകളെയും ഒരുക്കുകയെന്നതാണ് എന്റെ ലക്ഷ്യം. കപ്പ് നേടിയെടുക്കാൻ ക്ലബ്ബ് എല്ലാവിധത്തിലും ശ്രമിക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നു. " കരോലിസ് പറഞ്ഞവസാനിപ്പിച്ചു.
- Top five footballers to play for both Manchester United and Manchester City
- List of all countries to host FIFA World Cup
- Ballon d’Or 2025: Top five favourites as of December 2024
- Oscar Bruzon angry at refereeing standards after Jeakson Singh red card & Madih Talal injury in ISL
- ISL 2024-25: Full fixtures, schedule, results, standings & more