2020-21 ഗോവ പ്രൊ ലീഗിൽ വാസ്കോ എസ്‌സിയുടെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു അനിൽ.

ഗോവ പ്രൊ ലീഗ് ക്ലബ്ബായ വാസ്കോ എഫ്‌സിയിൽ നിന്ന് വിങ്ങർ അനിൽ ഗോയങ്കറിനെ കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യാൻ ശ്രമിക്കുന്നതായി ഖേൽ നൗ സ്ഥിരീകരിക്കുന്നു. ഒന്നിലേറെ വർഷത്തേക്കുള്ള കരാറിലാണ് താരം ക്ലബ്ബിലേക്ക് എത്തുന്നത് എന്നും ഞങ്ങൾ മനസിലാക്കുന്നു.

“കേരള ബ്ലാസ്റ്റേഴ്‌സുമായി ഒന്നിലേറെ വർഷത്തെക്കുള്ള കരാറിൽ അനിൽ ഗോയങ്കർ ഒപ്പിടും. ” – ഈ കരാറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ ഖേൽ നൗവിനെ അറിയിച്ചു. കഴിഞ്ഞ സീസണുകളിൽ ഗോവ പ്രൊ ലീഗിൽ വാസ്കോയുടെ അവിഭാജ്യ ഘടകമായിരുന്നു അനിൽ ഗോയങ്കർ. 2020-21 സീസണിൽ ക്ലബ്ബിന്  വേണ്ടി മൂന്ന് ഗോളുകൾ നേടി മികച്ച പ്രകടനം ആയിരുന്നു താരം കാഴ്ചവെച്ചത്. സീസണിൽ ജോക്വിം അബ്രാഞ്ചസിനൊപ്പം ലീഗിൽ ക്ലബ്ബിന്റെ ടോപ് ഗോൾ സ്കോറർ ആയിരുന്നു.

ഈ സീസണിൽ വിൻസി ബാരേറ്റോക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്യുന്ന രണ്ടാമത്തെ ഗോവൻ താരമാണ് അനിൽ ഗോയങ്കർ. 25 കാരനായ വിങ്ങർ തന്റെ പേസ്, ഡ്രിബ്ലിംഗ് എന്നിവയിലൂടെ കളിക്കളത്തിൽ തന്റെതായ സ്ഥാനം ഉറപ്പിച്ചവനാണ്. വിങ്ങർ ആയും ആവശ്യമെങ്കിൽ സ്ട്രൈക്കർ ആയും കളിക്കാൻ കഴിയും എന്ന് മുൻ സീസണുകളിൽ  അവൻ തെളിയിച്ചിട്ടുണ്ട്. ബോക്സിനുള്ളിൽ വളരെ അപകടകാരിയായ താരം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയ പുതിയ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിന് കീഴിൽ കൂടുതൽ മികച്ച പ്രകടനം കാഴ്ച വെക്കും എന്ന് വിശ്വസിക്കാം.

കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ

2020-21 ഇന്ത്യൻ സൂപ്പർ ലീഗിൽ നിരാശജനകമായ പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ച വെച്ചത്. മുഖ്യ പരിശീലകൻ കിബു വിക്യൂനയുടെ കീഴിൽ നിരാശജനകമായ പ്രകടനം പുറത്തെടുത്ത ക്ലബ് ഇരുപത് ലീഗ് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. തുടർന്ന് സീസൺ തീരുന്നതിന് മുൻപ് കിബു ക്ലബ്ബുമായി വഴിപിരിഞ്ഞു.

നിലവിൽ, സെർബിയൻ പരിശീലകൻ ഇവാൻ വുക്കോമാനോവിച്ചിനെ ക്ലബ്ബിന്റെ മുഖ്യ പരിശീലകനായി നിയമിച്ചിട്ടുണ്ട്. മുൻ സീസണുകളിൽ നടത്തിയ മോശം പ്രകടനങ്ങളിൽ നിന്ന് ഒരു തിരിച്ചുവരവിന്റെ ഭാഗമായി നിലാവിൽ ക്ലബ് സഞ്ജീവ് സ്റ്റാലിൻ, റുയിവ ഹോർമിപാം എന്നിവരുടെ സൈനിങ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, ഖേൽ നൗ റിപ്പോർട്ട് ചെയ്ത പോലെ പ്രതിരോധ താരം ധനചന്ദ്ര മീറ്റിയുടെ കരാർ മൂന്ന് വർഷത്തേക്ക് കൂടി ക്ലബ് പുതുക്കിയതായും ക്ലബ് അറിയിച്ചിട്ടുണ്ട്.

അതിനൊപ്പം, വിൻസി ബാരേറ്റോ, ഹർമൻജോത് ഖബ്ര എന്നിവരെയും ക്ലബ് ടീമിൽ എത്തിച്ചിട്ടുണ്ട്. ഒപ്പം സന്ദീപ് സിങ്ങിന്റെ കരാർ മൂന്ന് വർഷത്തേക്ക് പുതുക്കിയിട്ടും ഉണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സൈനിങ്ങുകളും അന്നൗൺസ്‌മെന്റുകളും ക്ലബ്ബിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.