തന്റെ മുന്നേറ്റ നിരക്കാർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെങ്കിൽ അവസരങ്ങൾ ഗോളാക്കാൻ കഴിയാത്തതാണ് പ്രശ്നം എന്നും ജെയിംസ് പറഞ്ഞു.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നിർഭാഗ്യകരമായി, സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്‌സ് നാളെ ജാംഷെഡ്പൂരിനെ അവരുടെ തട്ടകത്തിൽ നേരിടുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നുണ്ടാവില്ല.

മത്സരത്തിന് മുന്നോടിയായി പത്ര സമ്മേളനത്തിന് എത്തിയ കേരളാ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനോട് ജംഷഡ്‌പൂർ എഫ്‌സിയെ കുറിച്ച് ചോദിച്ചപ്പോൾ മുൻ ലിവർപൂൾ ഗോൾകീപ്പറുടെ മറുപടി ഇങ്ങനെ, “ജംഷെഡ്പൂർ എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ ടീമുകളിൽ ഒന്നാണ്. പക്ഷെ ഈ ചെറിയ കാലയളവിന് ഉള്ളിൽ തന്നെ ഒരു ശക്തമായി ടീമിനെ ഒരുക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. നാളെ ഞങ്ങൾ ഒരു കഠിനമായ മത്സരത്തിലാവും, അത് എന്തായാലും ആവേശകരവും ആവും “
 
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും അവസാന പത്ത് മിനുറ്റിൽ വഴങ്ങിയ ഗോളുകളാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിൽ നിന്നു അകറ്റിയത്. അതിനെ പാട്ടി ചോദിച്ചപ്പോൾ ജയിംസിന്റെ മറുപടി ഇങ്ങനെ, “ഞങ്ങൾക്ക് ആദ്യ ആഴ്ചയിൽ ഒരു മികച്ച തുടക്കം ആണ് ഉണ്ടായത്. പക്ഷെ അത് ഞങ്ങൾക്ക് തുടരാനായില്ല, അതിനാൽ തന്നെ കുറച്ച് പോയിന്റുകൾ നഷ്ടമായി.”
 
“ഇത് എല്ലാം സംയമനം പാലിക്കുന്നതിനെ ആശ്രയിച്ചാണ്. ഒരിക്കൽ ഞങ്ങൾ ശരിയായ പാതയിൽ വന്നാൽ, അത് ഞങ്ങൾ ചെയ്തിരിക്കും” ജെയിംസ് കൂട്ടിച്ചേർത്തു.
 

Read More:


ഇന്ത്യൻ സൂപ്പറിലെ ലീഗിലെ മത്സരങ്ങളുടെ ഫിക്സ്ചറിനെ പല കോച്ചുമാരും വിമർശിക്കുകയുണ്ടായി. തുടരെ തുടരെ മത്സരങ്ങൾ കളിക്കുന്നത് ടീമിനെ ബാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു കോച്ചിന്റെ മറുപടി.
 
“തുടരെ തുടരെയുള്ള മത്സരങ്ങൾ എനിക്ക് ഒരു രീതിയിലും കടമ്പയായി തോന്നിയിട്ടില്ല. നിങ്ങൾക്ക് പൂർണ്ണമായും ശാരീരികക്ഷമതയിൽ ഉള്ള ഒരു ടീമിനെ കിട്ടിയാൽ, ഒരു കോച്ചെന്ന നിലയിൽ എന്നെ ഏറ്റവും കുറവ് ആശങ്കപ്പെടുത്തുന്ന കാര്യമാണ് അത്.” ജെയിംസ് കൂട്ടിച്ചേർത്തു.
 
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കേരളാ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ നിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. മറുവശത്ത് മുന്നേറ്റ നിര പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയിട്ടില്ല. ഇതിനെ പറ്റി ചോദിച്ചപ്പോൾ മുന്നേറ്റ നിരക്കാർ അവസരങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഗോളാക്കാനാണ് കഴിയാത്തതെന്നും ജെയിംസ് പറഞ്ഞു.
 
“മുന്നേറ്റ നിരക്കാർ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്തിയിട്ടില്ല എന്ന് ഞാൻ പറയില്ല. അവർ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്, പക്ഷേ, അവ ഗോൾ ആക്കാൻ കഴിയാത്തതാണ് പ്രശ്‌നം” ജെയിംസ് പറഞ്ഞു.