കേരളത്തിൽ നിന്നും ദേശീയ ഫുട്ബോൾ ലീഗ് നേടുന്ന ആദ്യത്തെ ക്ലബ്ബാണ് ഗോകുലം കേരള എഫ്‌സി.

കേരള ഫുട്ബോൾ ചരിത്രത്തിൽ മറക്കാനാവാത്ത ദിവസം ആയിരുന്നു മാർച്ച് 27. കേരളത്തിൽ നിന്നുള്ള ഫുട്ബോൾ ക്ലബ്ബായ ഗോകുലം കേരള എഫ്‌സി ചരിത്രം സൃഷ്ട്ടിച്ച ദിവസം. ഐ ലീഗിൽ ട്രാവു എഫ്‌സിയെ തോൽപ്പിച്ചു കേരളത്തിലേക്ക് ആദ്യമായി ഒരു ദേശീയ ഫുട്ബോൾ ലീഗ് എത്തിക്കാൻ അന്ന് ഗോകുലത്തിന് സാധിച്ചു. അവസാന മത്സരം വരെ നീണ്ടു നിന്ന കിരീട പോരാട്ടത്തിൽ ഗോകുലം കേരള എഫ്‌സിയോടൊപ്പം ട്രാവു എഫ്‌സിയും ചർച്ചിൽ ബ്രദർസും ഉണ്ടായിരുന്നു എങ്കിലും ഇരു ടീമുകൾക്കും എതിരെ നേടിയ ഹെഡ് ടു ഹെഡ് വിജയങ്ങളും കൂടാതെ അവസാന ദിവസം ട്രാവു എഫ്‌സിക്ക് എതിരെ നേടിയ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയവുമാണ് ഗോകുലത്തിനെ കിരീടത്തിന് അരികിൽ എത്തിച്ചത്.

കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു ക്ലബ് ഐ ലീഗ് നേടുന്നത് എന്നത് ആരാധകരുടെ സന്തോഷത്തെ ഇരട്ടിയാക്കുന്നു. കേരളത്തിൽ നിന്നുള്ള ടീമുകൾ ആയിരുന്ന കേരള പോലീസ്, എഫ്‌സി കൊച്ചിൻ തുടങ്ങിയ ടീമുകൾ ഫെഡറേഷൻ കപ്പ്, ഡ്യുറണ്ട് കപ്പ് തുടങ്ങിയവ വിജയിച്ചിരുന്നെങ്കിലും ഐ ലീഗോ അതിന് മുൻഗാമിയായിരുന്ന നാഷണൽ ഫുട്ബോൾ ലീഗോ നേടിയിരുന്നില്ല. എന്നാൽ അതിന് അറുതിയിട്ടാണ് ഗോകുലം കേരള എഫ്‌സിയുടെ ചരിത്ര നേട്ടം.

ഗോകുലം കേരളയുടെ ഈ വിജയത്തിന് പിന്നിലുള്ള മുഖ്യ പരിശീലകൻ വിൻസെൻസോ അന്നീസിന്റെയും മുഴുവൻ ടീമിന്റെയും മുഴുവൻ പ്രയത്നവും അടങ്ങിയിരിക്കുന്നു. ഗോകുലം കേരള എഫ്‌സിയുടെ കിരീടവിജയത്തിന് ചുക്കാൻ പിടിച്ച ആ ടീമിൽ നിന്ന് അഞ്ച് പ്രധാനപ്പെട്ട താരങ്ങളെ ഖേൽ നൗ തിരഞ്ഞെടുക്കുന്നു.

5. വിൻസി ബാരട്ടോ

ഐ ലീഗ് ആരംഭിക്കുന്നതിന് തൊട്ട് മുൻപായിരുന്നു വിൻസി ബാരട്ടോയെ ഗോകുലം കേരള എഫ്‌സി സൈൻ ചെയ്തത്. ഗോവൻ ക്ലബ്ബുകളായ ഡെമ്പോ എസ്‌സിക്ക്‌ വേണ്ടിയും എഫ്‌സി ഗോവക്ക് വേണ്ടിയും ഗോവൻ പ്രൊഫഷണൽ ലീഗിൽ അരങ്ങേറിയ ഈ വിങ്ങർ ഈ സീസൺ ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിയുടെ കുന്തമുന ആയിരുന്നു. ഗോകുലം കേരള എഫ്‌സിയോടൊപ്പം ഈ സീസണിൽ 13 മത്സരങ്ങളിൽ താരം കളിക്കളത്തിൽ ഇറങ്ങിയിട്ടുണ്ട്. ട്രാവു എഫ്‌സിക്ക്‌ എതിരായ അവസാന മത്സരത്തിൽ ടീമിന്റെ ശ്രദ്ധേയസാന്നിധ്യമായിരുന്ന വിൻസി ആ മത്സരത്തിൽ ഒരു അസ്സിസ്റ്റും നേടിയിട്ടുണ്ട്.

ഫൈനൽ തേർഡിലെ പ്രധാന മേഖലയിൽ കടന്ന് ഗോൾ അവസരങ്ങൾ ഉണ്ടാകുന്ന മുന്നേറ്റതാരമാണ് ബാരട്ടോ. ഗോകുലം കേരള എഫ്‌സി ടീമിന് ഇതുവരെ കണ്ടെത്തിയില്ലെങ്കിലും, കരിയറിൽ ഇതുവരെ ചില മികച്ച ഗോളുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മൈതാനത്തിൽ വിങ്ങർ പൊസിഷനോടൊപ്പം തന്നെ സ്ട്രൈക്കർ ആയും വിങ് ബാക്ക്, ഫുൾ ബാക്ക് പൊസിഷനിലും കളിച്ച വൈദഗ്ദ്ധ്യമുള്ളവനാണ് ഈ ഗോവൻ താരം.

4. സെബാസ്റ്റ്യൻ താങ്മുൻസങ്

മുൻ ഐഎസ്എൽ ക്ലബ് എഫ്‌സി പൂനെ സിറ്റിയിലൂടെ വളർന്നു വന്ന താരമാണ് സെബാസ്റ്റ്യൻ താങ്മുൻസങ്. 2017-18 സീസണിൽ ക്ലബ്ബിന്റെ സീനിയർ ടീമിൽ ഇടം കണ്ടെത്തിയ താങ്മുൻസങ്ങിനെ ആ സീസണിൽ തന്നെ ഐ ലീഗ് ക്ലബ്ബായിരുന്ന ചെന്നൈ സിറ്റി എഫ്‌സിയിലേക്ക് വായ്പാടിസ്ഥാനത്തിൽ അയക്കുകയും അവിടെ കുറച്ചു മത്സരങ്ങൾ കളിക്കുകയും ചെയ്തിരുന്നു ഈ ഇരുപത്തിരണ്ടുകാരൻ. തുടർന്ന് 2018ൽ താരം ഐ ലീഗിലെ തന്നെ നേറോക്ക എഫ്‌സിയുടെ ഭാഗമായി തീർന്നു. തുടർന്ന് 2019ലാണ് ഗോകുലം കേരള എഫ്‌സി താങ്മുൻസങ്ങിനെ സൈൻ ചെയ്തത്.

ഈ സീസണിൽ ഗോകുലം കേരളയുടെ ആക്രമണത്തിന് ചുക്കാൻ വഹിച്ച താരങ്ങളിൽ പ്രധാനിയാണ് സെബാസ്റ്റ്യൻ താങ്മുൻസങ്. അസാമാന്യമായ വേഗതക്കും പ്രയത്നത്തിനും പേര് കേട്ട താരം വിങ്ങിലൂടെ ഓവർലാപ്പ് ചെയ്ത് മുന്നോട്ട് കുതിക്കുന്നതിലും തിരികെ പ്രതിരോധത്തിൽ എത്തുന്നതിലും ഒരേ പോലെ ശ്രദ്ധ ചെലുത്തിയിരുന്നു. കൂടാതെ, വലത് വിങ് ബാക്ക് ആയ താരം ഇടത് വിങ് ബാക്ക് പൊസിഷനിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നതും ശ്രദ്ധേയമായിരുന്നു.

3. ദീപക് ദേവ്റാണി

” ഗോകുലത്തോടൊപ്പം ഞാൻ ഹാട്രിക്ക് ഐ ലീഗ് തികയ്ക്കാൻ ആഗ്രഹിക്കുന്നു. “

ഈ സീസണ് മുന്നോടിയായി ഗോകുലം കേരള എഫ്‌സിയുമായി കരാറിൽ എത്തിയപ്പോൾ ദീപക് ദേവ്റാണി പറഞ്ഞ വാക്കുകൾ ആണിത്. അദ്ദേഹം അത് നേടിയെടുക്കുക തന്നെ ചെയ്തു. ഈ സീസണിൽ ഗോകുലം കേരള എഫ്‌സിയുടെ പ്രതിരോധ നിരയുടെ നായകത്വം വഹിച്ച ദേവ്റാണിയുടെ മൂന്നാമത്തെ കിരീടനേട്ടത്തിന് ആയിരുന്നു ആരാധകർ സാക്ഷ്യം വഹിച്ചത്. ആഗ്രഹിച്ച തുടക്കമല്ല ടീമിന് ലീഗിന്റെ തുടക്കത്തിൽ ലഭിച്ചതെങ്കിലും ദേവ്റാണി പ്രതിരോധത്തിന്റെ നായകസ്ഥാനം ഏറ്റെടുത്തതോടെ ക്ലബ് ലീഗിൽ ശക്തമായി തന്നെ മുന്നോട്ട് കുത്തിക്കുകയായിരുന്നു. പ്രതിരോധ നിരയുടെ ഘടന നിലനിർത്തി കൊണ്ട് പോകാൻ കളിക്കളത്തിൽ പ്രയത്നിക്കുന്ന താരം ടീമിന്റെ ഉരുക്കുമതിൽ ആയി മാറുകയായിരുന്നു.

പ്രതിരോധ നിരയിൽ പല പൊസിഷനുകളിലും കളിക്കാൻ സാധിക്കുന്ന താരം പാലിയൻ ആരോസ് (നിലവിൽ ഇന്ത്യൻ ആരോസ്), സ്പോർട്ടിങ് ക്ലബ് ഡി ഗോവ, പൂനെ സിറ്റി, മോഹൻബഗാൻ, മിനർവ പഞ്ചാബ്, ട്രാവു ടീമുകളിൽ കളിച്ചിട്ടുണ്ട്. ഈ സീസണിന്റെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ താരം ടീമിന് വേണ്ടി 14 കളികളിൽ നിന്ന് നാല് അസ്സിസ്റ്റുകൾ നേടിയിട്ടുണ്ട്.

2. ഡെന്നിസ് ആന്റ്വി

ഗോകുലം കേരള എഫ്‌സി ഈ സീസണിൽ നടത്തിയ ഏറ്റവും മികച്ച വിദേശ സൈനിങ് ആയിരുന്നു ഘാന താരമായ ഡെന്നിസ് ആന്റ്വിയുടേത്. ഈ സീസണിൽ ഐ ലീഗിൽ സൈൻ ചെയ്യപ്പെട്ട ഏറ്റവും മികച്ച വിദേശതാരമായി ഇരുപതിയെട്ടുകാരനായ ആന്റ്വി മാറുകയായിരുന്നു. ലീഗിന്റെ ചാമ്പ്യൻഷിപ്പ് ഘട്ടത്തിലാണ് താരം ടീമിന് വേണ്ടി ഗോളുകളിൽ കൂടുതലും നേടിയതെങ്കിലും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആ ഗോളുകൾ ടീമിനെ വളരെയധികം സഹായിച്ചു.

സീസൺ അവസാനിക്കുമ്പോൾ ഐ ലീഗ് ടോപ് സ്കോർർ ആയ ട്രാവു എഫ്‌സിയുടെ ബിദ്യസാഗർ സിങ്ങിന് (12) തൊട്ട് പിന്നിൽ 11 ഗോളുകളോടെ താരം രണ്ടാം സ്ഥാനത്ത് എത്തി. 6 അസ്സിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്.

1.എമിൽ ബെന്നി

ഈ സീസൺ ഐ ലീഗിലെ എമെർജിങ് താരമായി തിരഞ്ഞെടുക്കപ്പെട്ട ഭാവിയുടെ താരമാണ് മലയാളിയായ എമിൽ ബെന്നി. ‘പുതുമുഖം’ എന്ന് കാണികൾ വിശേഷിപ്പിച്ച ഈ ഇരുപതുകാരൻ പക്ഷെ കേരള ഫുട്ബോൾ ആരാധകർക്ക് സുപരിചിതനാണ്.

മലപ്പുറത്തെ എംഎസ്പി അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് എമിൽ ബെന്നി. തുടർന്ന് 2018ൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ റിസർവ് ടീമിൽ താരം എത്തുകയും പിന്നീട് ഒരു വർഷത്തിന് ശേഷം ഗോകുലം കേരള എഫ്‌സിയുമായി കരാറിൽ എത്തിച്ചേർന്നു. ആ സീസണിൽ ടീമിന്റെ റിസർവ് നിരയിൽ അരങ്ങേറ്റം കുറിച്ച താരത്തിന്റെ മികച്ച പ്രകടനമാണ് ഈ സീസണിൽ സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടി കൊടുത്തത്. മാനേജ്മെന്റിന്റെ ആ ഒരു തീരുമാനം ടീമിനും താരത്തിനും ഒരേപോലെ നേട്ടമുണ്ടാക്കി.

മുന്നേറ്റ താരമായ എമിലിന്റെ മുന്നേറ്റങ്ങൾ പലതും എതിർ ടീമിൽ അപകടങ്ങൾ വിതക്കാൻ ശേഷിയുള്ളവയാണ്. ഫൈനൽ തേർഡിൽ കൃത്യമായ സമയത്ത് കൃത്യമായ സ്ഥലത്ത് പന്തിന് വേണ്ടി എത്തുന്ന എമിൽ എതിർ ടീമിന് എന്നും ഒരു തലവേദന ആയിരുന്നു. ഈ സീസണിൽ ഇതുവരെ മൂന്ന് ഗോളുകളും രണ്ട് അസ്സിസ്റ്റുകളും താരം നേടിയെടുത്തിട്ടുണ്ട്.

For more updates, follow Khel Now on TwitterInstagram and join our community on Telegram.