Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

ഐഎസ്എൽ 2019-20: സീസണിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച താരങ്ങൾ

Published at :June 6, 2020 at 10:06 PM
Modified at :June 6, 2020 at 10:08 PM
Post Featured Image

Jouhar Choyimadam


കുറച്ച് താരങ്ങൾക്ക് അത്ര സുഖകരമല്ലാത്ത ഒരു സീസണായിരുന്നു ഇന്ത്യൻ ഫുട്ബോളിൽ കഴിഞ്ഞുപോയത്.

ഇന്ത്യൻ ഫുട്‌ബോളിന്റെ വലിയ വേദിയിൽ നിന്നും ഒരുപാട് യുവതാരങ്ങൾക്ക് ശോഭിക്കാനുള്ള അവസരമായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) 2019-20 സീസൺ. ഒട്ടനവധി പുതുതാരങ്ങൾക്ക് ശോഭിക്കാൻ അവസരം ലഭിച്ചെങ്കിലും ഒരുപിടി അറിയപ്പെടുന്ന താരങ്ങൾക്ക് പ്രതീക്ഷിച്ച നിലവാരം പുലർത്താനും സാധിച്ചിട്ടില്ല.

ശാരീരികക്ഷമതയുടെ കുറവ്, ധാരാളം പിഴവുകൾ സംഭവിക്കുന്നവർ അല്ലെങ്കിൽ കാര്യങ്ങൾ അവർ ആഗ്രഹിക്കുന്ന രീതിയിൽ നടക്കാതിരിക്കുക എന്നിവയെല്ലാമായിരിക്കും കാരണങ്ങൾ. ഒന്നിലധികം സീസണുകളിൽ മികച്ച പ്രകടനം നടത്തിയവരാണ് ഈ താരങ്ങൾ. കഴിഞ്ഞ സീസണിൽ ഇവരിൽ ചിലർക്ക് ഗോൾ സ്കോർ ചെയ്യാനും അവസരങ്ങൾ സൃഷ്ടിക്കാനും കഴിയാതെ വരികയും മറ്റുള്ളവർക്ക് ഗോളുകൾ വഴങ്ങുന്നതിൽ നിന്ന് തടയാൻ സാധിക്കാതെ വരികയുമായിരുന്നു. കഴിഞ്ഞ സീസണിലെ നിരാശാജനകമായ കളികളുടെ കണക്കുകൾ പുറത്തെടുത്തപ്പോൾ പ്രതീക്ഷിച്ച നിലവാരം പുലർത്താതെ പോയ കളിക്കാരെ 'ഖേൽ നൗ' നിരീക്ഷിക്കുന്നു.

ഗോൾകീപ്പർ: കമൽജിത് സിംഗ് (ഹൈദരാബാദ് എഫ്സി)

ഐ‌എസ്‌എല്ലിലെ പുതിയ ഫ്രാഞ്ചസിയായ ഹൈദരാബാദ് എഫ്‌സിയുടെ ആദ്യ സീസണിലെ ക്യാപ്റ്റനാകാനുള്ള വലിയ ഉത്തരവാദിത്തം ടീം നൽകിയത് കമൽജിത്തിനാണ്. പക്ഷെ, ആദ്യ മത്സരത്തിൽ തന്നെ എടി‌കെക്കെതിരെ അഞ്ച് ഗോളുകളാണ് അദ്ദേഹം വഴങ്ങിയത്. ഡിഫെൻസിങ്ങിലെ വലിയ പാളിച്ചകൾ തടയാൻ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.ചില മത്സരങ്ങളിൽ മികച്ച സേവുകൾ താരം നടത്തിയിട്ടുണ്ടെങ്കിലും 12 മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് കമൽജിത് വഴങ്ങിയത്! നിരന്തര പിഴവുകളും ക്യാപ്റ്റൻസിയിലെ കഴിവില്ലായ്മയും അവസാന മത്സരങ്ങളിൽ താരത്തെ ബെഞ്ചിലേക്കിരുത്തി. ക്യാപ്റ്റൻസിയിലെ നിരാശാജനകമായ പ്രകടനം മാത്രമായിരുന്നില്ല, ഗോൾ കീപ്പിങ്ങിലെ മോശം പ്രകടനവും മികച്ച ഷോട്ട് സ്റ്റോപ്പർ എന്ന താരത്തിന്റെ ഖ്യാതിക്ക് കളങ്കം വരുത്തി.

റൈറ്റ് ബാക്ക്: മുഹമ്മദ് റഫീഖ്(മുംബൈ സിറ്റി എഫ്‌സി)

സീസണിലുടനീളം ജോർജ്ജ് കോസ്റ്റയുടെ മുംബൈ സിറ്റി എഫ്‌സിയെ അസ്വസ്ഥമാക്കിയ പൊസിഷനായിരുന്നു റൈറ്റ് ബാക്ക്. സൗവിക് ചക്രബർതിക്ക് പൊസിഷനുമായി പൊരുത്തപ്പെടാൻ കഴിയാതെ വരികയായിരുന്നു. സർതക് ഗോല്യോവായിരുന്നു സെന്റർ ബാക്ക് പൊസിഷനിൽ താരതമ്യേന മികച്ചതായി അനുഭവപ്പെട്ടത്. അതിനാലാണ് ഈ പൊസിഷനിൽ തന്റെ കഴിവ് തെളിയിക്കാൻ റഫീക്കിന് അവസരം ലഭിച്ചത്. എന്നാലും, മുൻ ഐ‌എസ്‌എൽ ജേതാവായ താരത്തിന് ഈ പൊസിഷനെ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല, പലപ്പോഴും എതിർ ടീം വിംഗർ‌മാർ‌ താരത്തെ മറികടക്കുകയും ആ പൊസിഷൻ ടീമിന് ഒരു തലവേദനയായി മാറുകയും ചെയ്തു. എപ്പോഴും ഊർജ്ജസ്വലനായ വ്യക്തി ആയിരുന്നിട്ടും റഫീഖിന് ടീമിലെ തന്റെ സ്ഥാനം നിലനിർത്താൻ കഴിഞ്ഞില്ല. ടീമിന് വേണ്ടി 6 മത്സരങ്ങളിൽ മാത്രമാണ്‌ തന്റെ നിരാശാജനകമായ സീസണിൽ താരത്തിന് കളത്തിലിറങ്ങാൻ സാധിച്ചത്.

സെന്റർ ബാക്ക്: മാത്യു കിൽഗലോൺ (ഹൈദരാബാദ് എഫ്‌സി)

പരിചയസമ്പന്നനായ ഇംഗ്ലീഷുകാരൻ തന്റെ കരിയറിൽ ഷെഫീൽഡ് യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡ്, സണ്ടർലാൻഡ് തുടങ്ങിയ വലിയ ടീമുകൾക്ക് വേണ്ടി കളിച്ചാണ് ഇന്ത്യയിലേക്കെത്തുന്നത്. ഐ‌എസ്‌എല്ലിൽ മികച്ച പ്രകടനം നടത്താൻ കഴിയാത്തതിൽ 36-കാരന്റെ പ്രായമാണ് പ്രധാനമായും വിനയായത്. യുവതാരങ്ങളുടെ കൗണ്ടർ ബോളുകൾ തടയാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ഫൈനൽ തേഡിൽ പലപ്പോഴും അദ്ദേഹം പരാജിതനായിരുന്നു. ഹൈദരാബാദിന്റെ ബാക്ക്-ലൈൻ ഉറപ്പിക്കാൻ കിൽഗലോണിന് പലപ്പോഴും കഴിഞ്ഞില്ല. ടീമിന്റെ പ്രതിരോധ നായകൻ ആക്കുക എന്ന ഉദ്ദേശത്തോടെയാണ് താരത്തെ കൊണ്ടുവന്നതെങ്കിലും കൂടെക്കൂടെയുള്ള താരത്തിന്റെ പിഴവുകൾ ടീമിനെ താരത്തിൽ നിന്ന് പിന്നോട്ടടിപ്പിച്ചു. സീസണിൽ ഹൈദരാബാദിന് ലീഗിലെ ഏറ്റവും മോശം പ്രതിരോധ റെക്കോർഡാണ് ഉള്ളത്, കിൽഗലോണിന്റെ പിഴവുകൾ ഇതിൽ വലിയ പങ്കാണ് വഹിച്ചത്.

സെന്റർ-ബാക്ക്: കെയ് ഹീറിംഗ്സ് (നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)

അജാക്സ് യൂത്ത് അക്കാദമിയിൽ നിന്ന് കളി പഠിച്ച താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മികച്ച ഡിഫെൻസ് വക്താക്കൾ ആക്കുമെന്ന പ്രതീക്ഷകളോടെയാണ് ടീം താരത്തെ അവതരിപ്പിച്ചത്. എന്നാൽ, ഡച്ച് താരത്തിന് ടീം ആഗ്രഹിച്ച തലത്തിലേക്ക് തന്റെ പ്രകടനം കൊണ്ടെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ടീമിന് ഏറെ ആവശ്യമുണ്ടായിരുന്ന, സഹ പ്രതിരോധക്കാരെ നിയന്ത്രിക്കാൻ കഴിയുന്ന ഒരു താരം എന്ന നിലയിലേക്ക് താരത്തിന് എത്താൻ കഴിഞ്ഞിട്ടില്ല. ഹീറിംഗ്സ് ഇടയ്ക്കിടെ പിഴവുകൾ വരുത്തുകയും പലപ്പോഴും ഗോൾ സ്കോറിങ് ചാൻസുകൾ വഴങ്ങാൻ കാരണക്കാരനാവുകയും ചെയ്തു. ഇത് നോർത്ത് ഈസ്റ്റ് യുനൈറ്റഡിന് വലിയ രീതിയിൽ പ്രതികൂലമായി ബാധിച്ചു. മുപ്പതുകാരൻ ടീമിന് വേണ്ടി 11 മത്സരങ്ങൾ കളിച്ചു. എന്നാൽ അതിൽ അദ്ദേഹത്തിന് സ്ഥിരത നിലനിർത്താനും മികച്ച പ്രകടനം നടത്താനും സാധിച്ചിരുന്നില്ല.

ലെഫ്റ്റ്-ബാക്ക്: നരേന്ദർ ഗഹ്ലോട്ട് (ജംഷദ്‌പൂർ എഫ്‌സി)

കഴിഞ്ഞ വർഷം ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യൻ ദേശീയ ടീമിനുവേണ്ടിയുള്ള ശ്രദ്ധേയമായ പ്രകടനം നടത്തിയ ശേഷം നരേന്ദറിനെ ജംഷദ്‌പൂർ എഫ്‌സി ഫസ്റ്റ്-ടീമിലേക്ക് കൊണ്ടുവരികയായിരുന്നു. യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറെ ആത്മവിശ്വാസമുള്ള ജംഷെഡ്പൂർ ടീമിന് താരത്തെ ബാക്ക് ലൈനിലേക്ക് മാറ്റുന്നതിന് മറുത്താലോചിക്കേണ്ടി വന്നില്ല. എന്നാൽ അനുഭവസമ്പത്തില്ലായ്മക്ക് നരേന്ദറിന് പലപ്പോഴും തന്റെ അരങ്ങേറ്റ സീസണിൽ വലിയ വില നൽകേണ്ടി വന്നു.

ചില തിളക്കമാർന്ന പ്രകടനങ്ങൾ അദ്ദേഹം നടത്തിയെങ്കിലും താരത്തിന്റെ തീരുമാനങ്ങൾ പലപ്പോഴും ജംഷഡ്പൂരിന് വിനയായി. ഗഹ്‌ലോട്ടിന്റെ മിസ്പാസുകൾ, ചലഞ്ചുളിലെ പിഴവുകൾ എന്നിവയെല്ലാം താരത്തെ എതിർ ടീമുകളിൽ നിന്ന് ദുർബലനാക്കി. അദ്ദേഹത്തിന് ഇനിയും ഒരു നീണ്ട, ശോഭനമായ ഭാവിയുണ്ട്.

സെന്റർ-മിഡ്‌ഫീൽഡ്: ജോസ് ല്യൂഡോ(നോർത്ത് ഈസ്റ്റ് യുണൈറ്റഡ്)

ഐ‌എസ്‌എൽ 2018-19 സീസണിൽ ഈൽകോ ഷറ്റോറിയുടെ കീഴിൽ ശ്രദ്ധേയമായ ഒരു സീസണിന് ശേഷം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് നിലനിർത്താൻ കഴിഞ്ഞ ചുരുക്കം വിദേശ താരങ്ങളിൽ ഒരാളാണ് ജോസ് ല്യൂഡോ. എന്നാൽ ചുമതലയിലേക്ക് ഉയർന്ന് മുന്നിൽ നിന്ന് നയിക്കുന്നതിനുപകരം, അദ്ദേഹത്തിന്റെ പ്രകടന നിലവാരം സമ്മർദ്ദങ്ങളിൽ പെട്ടുലകയായിരുന്നു. തന്റെ മുൻ ടീമിലെ സഹതാരങ്ങളില്ലാതെ കഴിഞ്ഞ സീസണിലെ മിഡ്‌ഫീൽഡ് നിയന്ത്രണം ഏറ്റെടുത്തു മുന്നേറാൻ ല്യൂഡോയ്ക്ക് കഴിഞ്ഞില്ല. താരത്തിന്റെ പാസിംഗ് കൃത്യത കുറഞ്ഞു, ഒപ്പം ചലഞ്ചുകളുമായി അദ്ദേഹം കൂടുതൽ അശ്രദ്ധനാകാൻ തുടങ്ങി, മാത്രമല്ല താരത്തിന് ബാക്ക്-ലൈനിനെ വേണ്ടത്ര സംരക്ഷിക്കാനായില്ല. കൂടുതൽ ചാൻസുകൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. മാനേജ്മെന്റ് മാറിയതോടെ ല്യൂഡോയുടെ കാര്യക്ഷമതയും കുറഞ്ഞു. ഇത് താരത്തെ ഒരു മോശം സീസണിലേക്ക് നയിച്ചു.

സെന്റർ-മിഡ്‌ഫീൽഡ്: സെഹ്നാജ് സിംഗ് (എടികെ)

മുംബൈ സിറ്റി എഫ്‌സിയിൽ ഈ കരുത്തനായ ഡിഫൻസീവ് മിഡ്ഫീൽഡർ ഏറെ വേറിട്ടു നിന്ന സീസണിന് ശേഷം, സെഹ്നാജ് സിങ്ങിനെ അവരുടെ മിഡ്‌ഫീൽഡിൽ കൂടുതൽ കരുത്തു പകരാൻ എടി‌കെ ടീമിലെടുക്കുകയായിരുന്നു. എന്നാൽ, ഒരു മികച്ച ചാമ്പ്യൻഷിപ്പ് നേടിയ ടീമിലേക്ക് അദ്ദേഹത്തിന് കൂടുതൽ സംഭാവന നൽകാൻ കഴിഞ്ഞില്ല. തുടക്കത്തിൽ അന്റോണിയോ ഹബാസ് സെഹ്നാജിന് ധാരാളം അവസരങ്ങൾ നൽകിയിരുന്നുവെങ്കിലും മറ്റു സഹകളിക്കാരുടെ ഉയർന്ന നിലവാരവുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

മിഡ്‌ഫീൽഡിൽ തന്റെ ആധിപത്യം സ്ഥാപിക്കാൻ സെഹ്നാജിന് കഴിഞ്ഞില്ല. പലപ്പോഴും എതിരാളി മിഡ്‌ഫീൽഡർമാർ താരത്തെ കീഴടക്കുകയോ താരത്തെ മറികടക്കുകയോ ചെയ്തു. താരത്തിന്റെ 65% പാസിംഗ് കൃത്യതയും, അമിതമായ ആക്രമണാത്മക ശൈലിയും താരത്തെ സഹായിച്ചില്ല. മാത്രമല്ല, സീസൺ അവസാനത്തിൽ അദ്ദേഹത്തിന് ടീമിൽ സ്ഥാനം കൂടി നഷ്ടമായി. പരിശീലകൻ പ്രതീക്ഷിച്ചതിൽ നിന്ന് സെഹ്നാജ് നിരാശനാക്കി എന്ന് മൈക്കൽ റെജിൻ പ്ലേ ഓഫിൽ വിശദീകരിച്ചിരുന്നു.

റൈറ്റ് വിംഗ്: ഉദാന്ത സിംഗ്(ബെംഗളൂരു എഫ്.സി)

ബംഗളൂരു എഫ്‌സി ഐ‌എസ്‌എൽ കിരീടം നിലനിർത്താൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ ഫുട്‌ബോളിന്റെ മിന്നും താരം ഉദാന്താ സിംഗ്‌ ടീമിൽ ഏറെ നിരാശപ്പെടുത്തി. വലത് വിംഗിൽ ഊർജ്ജം തീർന്നുപോയ കാർലെസ് ക്വാഡ്രാറ്റിന്റെ ശിഷ്യന്മാർക്ക് ആവശ്യമുള്ളത് ഉദാന്തക്ക് നൽകാൻ കഴിഞ്ഞില്ല. ഉദാന്തയുടെ ശൈലി എത്രെയും പെട്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. ഇത് എതിർ പ്രതിരോധ നിരക്ക് അദ്ദേഹത്തിന്റെ നീക്കങ്ങൾ തടയുന്നത് ഏറെ എളുപ്പമാക്കി. താരം സീസണിൽ ഒരൊറ്റ ഗോൾ മാത്രമാണ് നേടിയത്, ഒരു അസിസ്റ്റ് പോലും നൽകാനായുമില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ 57.78% മാത്രമുള്ള മോശം പാസിംഗ് കൃത്യതയും നിരന്തരമായ നിരാശാജനകമായ പ്രകടനങ്ങളും അദ്ദേഹത്തെ ക്വാഡ്രാറ്റ് ബെഞ്ചിൽ ഇരുത്തിക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. ടീമിന്റെ ആക്രമണത്തിലെ കുന്തമുന എന്ന നിലയിൽ നിന്ന് ബെഞ്ചിൽ ഇരിക്കുന്ന താരം മാത്രമായി അദ്ദേഹം മാറി. വേഗതയേറിയ വിംഗറായ താരത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ കാര്യമായിരുന്നു അത്.

അറ്റാക്കിംഗ്-മിഡ്‌ഫീൽഡ്: ഗൈൽസ് ബാർനെസ് (ഹൈദരാബാദ് എഫ്‌സി)

തന്റെ ആക്രമണത്തിന് കൂടുതൽ ഗോളുകളും സർഗ്ഗാത്മകതയും ചേർക്കുന്നതിനായി ഫിൽ ബ്രൗൺ കൊണ്ടുവന്നതാണ് ഡെർബി കൗണ്ടി യൂത്ത് അക്കാദമി താരമായിരുന്ന ബാർനെസിനെ. എന്നാൽ ഹൈദരാബാദിന് അങ്ങേയറ്റം നിരാശാജനകമായ സീസണിൽ അദ്ദേഹം കാര്യമായ ഒരു സംഭാവനയും ചെയ്തില്ല. താരം ആഗ്രഹിക്കുന്നത്ര കഴിവ് തെളിയിക്കാൻ കഴിയാതിരുന്നത് കൊണ്ട് ബാർനെസിന് ഐ‌എസ്‌എല്ലിൽ തന്റെ താളം കണ്ടെത്താനായിരുന്നില്ല. 12 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും നേടാനോ അസിസ്റ്റ് ചെയ്യാനോ താരത്തിന് കഴിഞ്ഞില്ല. ടീമിന്റെ ആക്രമണ നിരക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്യാൻ താരത്തിന് കഴിഞ്ഞതുമില്ല. അതിനുപുറമെ, അദ്ദേഹത്തിന്റെ പാസിംഗ് കൃത്യതയും അവസരങ്ങൾ സൃഷ്ടിക്കലും വളരെ പരിതാപകരമായിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ ഈ ഇംഗ്ലീഷുകാരൻ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് വേണം പറയാൻ. അങ്ങനെ താരത്തിന് താരത്തിന്റെ അരങ്ങേറ്റ സീസൺ വലിയൊരു പരാജയമായി.

ലെഫ്റ്റ് വിംഗ്: സി കെ വിനീത്(ജംഷദ്‌പൂർ എഫ്‌സി)

നിരാശാജനകമായ 2018-19 സീസണിന് ശേഷം ഐ‌എസ്‌എല്ലിലെ കരിയർ മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സികെ വിനീത്‌ ജംഷഡ്പൂർ എഫ്‌സിയിലേക്ക് കൂടുമാറിയത്. എന്നാൽ ജംഷെഡ്പൂർ എഫ്സിയുടെ അതിവേഗ ആക്രമണ ശൈലിയിൽ പോലും, തന്റെ ഗോൾ സ്‌കോറിംഗ് പാടവം തെളിയിക്കുന്നതിൽ വിനീത് പരാജയപ്പെട്ടു. താരം പലപ്പോഴും വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തുകയും ഒരു ടീം പ്ലേയർ ആണെന്ന് തോന്നിക്കുകയും ചെയ്തില്ല. ആക്രമണത്തിൽ വിനീതിന്റെ കഴിഞ്ഞ സീസൺ ശോകമായിരുന്നു.മറ്റുള്ളവർ‌ക്കായി അവസരങ്ങൾ സൃഷ്ടിക്കുന്നതിനു പകരം പലപ്പോഴും സ്വാർത്ഥത വിനീതിനെ പിന്നോട്ട് വലിച്ചു. അത് താരത്തിന്റെ പ്രകടനത്തിൽ വിള്ളൽ വീഴ്ത്തി. 10 മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ മാത്രം നേടിയ വിനീത് ആവർത്തിച്ചുള്ള മോശം പ്രകടനം കാരണം ബെഞ്ചിലായി. ഒരിക്കൽ ആക്രമണകാരിയായിരുന്ന ഈ സ്‌ട്രൈക്കറിന് നിരാശാജനകമായ സീസണായിരുന്നു കഴിഞ്ഞ് പോയത്. മുന്നേറ്റ നിരയിൽ ജംഷഡ്പൂരിന് ആവശ്യമായ ഫയർ പവർ ചേർക്കാൻ വിനീതിന് കഴിഞ്ഞില്ല.

സ്‌ട്രൈക്കർ: ജോബി ജസ്റ്റിൻ (എടികെ)

ഐ-ലീഗ് 2018-19 സീസണിൽ ഈസ്റ്റ് ബംഗാളിനായി മികച്ച പ്രകടനം നടത്തി ഒൻപത് ഗോളുകൾ നേടി ലീഗിലെ ഗോൾ സ്‌കോറർമാരുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ജോബി ജസ്റ്റിൻ ധാരാളം പ്രതീക്ഷകളുമായാണ് എടികെയിലെത്തിയത്. എന്നാൽ താരത്തിന്റെ ശൈലിയിൽ നിന്നും വ്യത്യസ്തമായി ബോൾ ഗെയിം പിന്തുടർന്ന് വന്ന ഐഎസ്എലിനോട് പിന്തുടർന്ന് പോരാൻ താരത്തിനായില്ല. മുന്നേറ്റനിരയിൽ സ്ഥാനം നേടുന്നതിന് ജോബി ജസ്റ്റിന് റോയ് കൃഷ്ണ, ഡേവിഡ് വില്യംസ് എന്നീ മികച്ച കളിക്കരുമായി മത്സരിക്കേണ്ടിവന്നു. താരം പലപ്പോഴും വിങ്ങുകളിലേക്ക് മാറ്റപ്പെട്ടു, പക്ഷേ ഹബാസിന്റെ ആത്മവിശ്വാസം നേടുന്നതിനായി ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്താൻ താരത്തിനായില്ല. എഫ്‌സി ഗോവയ്‌ക്കെതിരായ ഒരു ടാപ്പ് ഗോൾ മാത്രമാണ് ജോബിക്ക് നേടാനായത്. വില്യംസിന് പരിക്ക് പിടിപെട്ട് എ‌ടി‌കെയുടെ ആക്രമണത്തിന് നേതൃത്വം നൽകാനുള്ള അവസരം താരത്തിന് ലഭിച്ചപ്പോൾ താരത്തിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ഒടുവിൽ ഒരു ചാമ്പ്യൻഷിപ്പ് മെഡൽ നേടി താരം സീസൺ അവസാനിപ്പിച്ചെങ്കിലും എടികെയുടെ വിജയത്തിൽ കാര്യമായ പങ്ക് താരത്തിനുണ്ടായിരുന്നില്ല.

For more updates, follow Khel Now on Twitter and join our community on Telegram.

Advertisement