എ ടി കെക്ക് ശക്തമായ ഒരു ടീം ഉണ്ടെന്നും, പ്രത്യേകിച്ചും ആക്രമണനിരയിലും, മധ്യനിരയിലുമെന്ന് കോച്ച് എൽകോ ഷറ്റോറി.

ഇന്ത്യൻ സൂപർ ലീഗ് ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ പത്ര സമ്മേളനത്തിലാണ് കോച്ച് ഇക്കാര്യം പറഞ്ഞത്.

“എനിക്ക് തോന്നുന്നത് എ ടി കെക്ക് ഒരു ശക്തമായ ടീം ഉണ്ടെന്നാണ്, പ്രധാനമായും അവരുടെ മുന്നേറ്റനിരയും മധ്യനിരയും ശക്തമാണ്. അവർക്ക് ഗോൾ അടിക്കാൻ കഴിവുള്ള ഇന്ത്യൻ താരങ്ങളും ഉണ്ട്. അത്കൊണ്ട് തന്നെ അവർക്ക് എളുപ്പത്തിൽ ഗോളുകൾ നേടാനും സാധിക്കും, മാത്രമല്ല ഫുട്ബോളിൽ ഗോളുകൾ ആണല്ലോ വിജയിയെ നിച്ഛയിക്കുന്നത്. പക്ഷെ ഞാൻ പറഞ്ഞത് പോലെ ഇത് ആദ്യ മത്സരം ആണ്. മറ്റു ടീമുകൾക്ക് എത്രത്തോളം മികവുണ്ടെന്നുള്ള വിവരം പ്രീ-സീസണിൽ കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്..”

പത്ര സമ്മേളനത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനും ഒരു മികച്ച ടീം ഉണ്ടെന്നും, എന്നാൽ സീസണിന് മുൻപുള്ള ഒരുക്കങ്ങൾ കൃത്യമായി നടന്നില്ല എന്നും കോച്ച് പറഞ്ഞു.

“ഞങ്ങൾക്ക് ഒരു മികച്ച ടീം ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ചില മികച്ച വിദേശ താരങ്ങളെ കൊണ്ട് വന്നു, ചില മികച്ച ഇന്ത്യൻ താരങ്ങളും ഉണ്ട്. പ്രീ-സീസൺ ഞാൻ കരുതിയത് പോലെ നടന്നില്ല. അതിന് ക്ലബുമായി ഒന്നും ചെയ്യാൻ ഇല്ല.” ഷറ്റോറി വ്യക്തമാക്കി.

“ഒരു മികച്ച ടീം ഉണ്ടാക്കാൻ ഈ ക്ലബ്ബ് അവർക്ക് കഴിയുന്നത് എല്ലാം ചെയ്തു, ഒരു നല്ല പ്രീ-സീസണും, പക്ഷെ നിർഭാഗ്യവശാൽ ഞങ്ങളുടെ പ്രീ-സീസൺ ക്യാമ്പ് ക്യാൻസൽ ചെയ്യപ്പെട്ടു, അതിനാൽ തന്നെ ഞങ്ങൾക്ക് കൃത്യമായ, തികഞ്ഞ ഒരു ഒരുക്കം കിട്ടിയില്ല. അതാണ് ഒരു ഭാഗം.”

“രണ്ടാം ഭാഗം എന്തെന്നാൽ, പരിക്കുമായി വന്ന കുറച്ച് വിദേശ താരങ്ങൾ ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഞാൻ പറയും ഞങ്ങൾ രണ്ട്, മൂന്ന് ആഴ്ച പിന്നിലാണെന്ന്. ഞങ്ങൾക്ക് എത്തിപ്പിടിക്കണം. ഒരു കാര്യം എന്തെന്നാൽ, സന്ദേശ് ഇല്ല, മറ്റു രണ്ട് വിദേശ പ്രതിരോധ താരങ്ങൾ അവരുടെ പൂർണ്ണ ശക്തിയിലേക്ക് എത്തിയിട്ടില്ല, പക്ഷെ അതെല്ലാം കളിയുടെ ഭാഗമാണ്.” കോച്ച് കൂട്ടിച്ചേർത്തു.

ജിങ്കൻ പകരം ടീമിൽ എടുത്ത രാജു ഗെയ്ക്‌വാദിനെ തനിക്ക് ആദ്യമേ ആവശ്യമുണ്ടായിരുന്നെന്നും, എന്നാൽ താരം പൂർണ്ണ ഫിറ്റ്നസ്സിൽ എത്തിയിട്ടില്ല എന്നും കോച്ച് പറഞ്ഞു.

“രാജു ഗെയ്ക്‌വാദിനെ എനിക്ക് ആദ്യമേ ആവശ്യമുണ്ടായിരുന്നു. ഞങ്ങൾക്ക് പരിചയസമ്പത്തുള്ള മറ്റൊരു ഇന്ത്യൻ സെന്റർ-ബാക്കിനെ കൂടി ആവശ്യമുണ്ടായിരുന്നു. അവനും എത്തിപ്പിടിക്കണം. അവന്റെ ഫിറ്റ്നസ് പ്രതീക്ഷിച്ച നിലവാരത്തിൽ അല്ല അതിന് പ്രധന കാരണം അവൻ പ്രീ സീസണിൽ ടീമിൽ ഭാഗമായിരുന്നില്ല.”

ആദ്യ മത്സരം വെല്ലുവിളി നിറഞ്ഞതാകുമെന്നും, കഠിനമാകുമെന്നും കോച്ച് പറഞ്ഞു.

“വേൾഡ് കപ്പ് നിലവാരം എടുക്കുകയാണെങ്കിലും, ഏറ്റവും ഉയരെയുള്ള നിലവാരം എടുക്കുകയാണെങ്കിലും ആദ്യ മത്സരം ഇപ്പോഴും കഠിനമാവും. സമ്മർദ്ദം ഉണ്ടാവും. ഞങ്ങൾക്ക് കുറച്ച് കളിക്കാർ ഉണ്ട്, ഇത്രയും വലിയ ജനക്കൂട്ടത്തിന് മുൻപ് കളിക്കാത്തവർ, അതിനാൽ തന്നെ പ്രതീക്ഷ ഏറെയാണ്.” മുൻ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് ചാണക്യനായ ഷറ്റോറി പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഗ്രൂപ്പ് മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നവർക്കാണ് എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കുക. ഇതിനെ താൻ പിന്തുണക്കുന്നു എന്നും കോച്ച് വ്യക്തമാക്കി.

“ഞാൻ അതിന്റെ ഒരു വലിയ ഫാൻ ആണ്. ഏറ്റവും കൂടുതൽ മത്സരങ്ങൾ ജയിച്ചവരും, ഏറ്റവും കൂടുതൽ പോയിന്റ് നേടിയവരുമാണ് ജേതാക്കൾ.”

എന്നാൽ താൻ നിലവിലെ ഫോർമാറ്റിന് എതിരല്ല എന്നും കോച്ച് പറഞ്ഞു. എ ടി കെക്ക് എതിരെ വിജയ പ്രതീക്ഷകളോടെയാവും കേരളാ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക. പരിക്കുകൾ ടീമിനെ അലട്ടുന്നുണ്ടെങ്കിലും, മികച്ച രീതിയിൽ ഒരുങ്ങാൻ കഴിഞ്ഞില്ലെങ്കിലും, ഷറ്റോറിയുടെ തന്ത്രങ്ങൾ താരങ്ങൾ കളത്തിൽ നടപ്പാക്കുമെന്നാണ് ആരാധക പ്രതീക്ഷ.