ഗോളടിക്കുന്നതിലാണ് ടീമിന്റെ പ്രശ്നം എന്നും വിനീത് തുറന്ന് സമ്മതിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിലെ സൂപ്പർ പോരാട്ടമായ സൗത്ത് ഇന്ത്യൻ ഡെർബിയിൽ ബദ്ധവൈരികളായ കേരളാ ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും കൊമ്പുക്കോർക്കും. ഈ സീസണിൽ തോൽവിയറിയാത്ത ഇരു ടീമുകളും 3 പോയിന്റും കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കും കൊച്ചിയിൽ ഇറങ്ങുക.

മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട സികെ വിനീത് നാളത്തെ മത്സരം ജയിക്കാമെന്ന വിശാസം ഉണ്ടെന്നും, ബാക്കി ഗ്രൗണ്ടിൽ വെച്ച് കാണാം എന്ന് പറഞ്ഞു. “എല്ലാ ടീമും ഞങ്ങൾക്ക് ഒരേ പോലെയാണ്. ബെംഗളൂരു ആയാലും, താഴെ നിൽക്കുന്ന ടീമായാലും, ഞങ്ങൾക്ക് ഒരേ പോലെയാണ്. ഞങ്ങൾ കളിക്കുന്നത് വിജയിക്കാനാണ്. ചില മത്സരങ്ങൾ ഞങ്ങൾ ജയിക്കും, ചില മത്സരങ്ങൾ ഞങ്ങൾ സമനിലയാവും, ചിലത് ഞങ്ങൾ തോൽക്കും. അതൊക്കെ ഫുട്ബാൾ എന്ന കളിയുടെ ഭാഗമായിട്ടേ ഞാൻ കാണൂ.” 

“ബെംഗളൂരു എഫ്‌സി ഇപ്പോൾ ലീഗിൽ മുന്നിൽ നിൽക്കുന്ന ടീമാണ്, ഞങ്ങൾ സമനിലകൾ  കഴിഞ്ഞാണ് വരുന്നത്. പക്ഷേ, ഞങ്ങൾക്ക് ജയിച്ചേ പറ്റൂ എന്നുള്ള ഒരു മത്സരമാണ്. അതിനുള്ള ഒരു കളി കളിച്ചാൽ മാത്രമേ ഞങ്ങൾ ജയിക്കൂ. അല്ലാതെ വെറുതെ ജയിക്കണം എന്ന് പറഞ്ഞാൽ ജയിക്കില്ല. കളിച്ചാൽ ജയിക്കും, കളിക്കാനുള്ള കോൺഫിഡൻസ് ഉണ്ട്, ബാക്കി ഗ്രൗണ്ടിൽ കാണാം.”


Also Read


മുംബൈ അവസാന നിമിഷങ്ങളിൽ നേടിയ ലോങ്ങ്-റേഞ്ചർ ഗോൾ തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല എന്നും വിനീത് പറഞ്ഞു. “മുംബൈയുടെ ഗോൾ എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റിയിട്ടില്ല, അത് എങ്ങനെയാണ് കയറിയത് എന്ന്. ഞാൻ എന്റെ ജീവിതത്തിൽ അങ്ങനെ ഒരു ഗോൾ അടിക്കുമെന്ന് തോന്നിയിട്ടില്ല. മാഞ്ചസ്റ്ററിന്റെ ഗോൾകീപ്പർ ആണെങ്കിൽ തടുക്കാൻ പറ്റും എന്ന് എനിക്ക് തോന്നീട്ടില്ല.”

“സന്ദേശ് ഇഞ്ചുറി ആയ സമയത്ത് ആണ് [ഡൽഹിയുടെ] ആ ഗോൾ  വന്നത്. സന്ദേശ് പൊസിഷനിൽ ഉണ്ടായിരുന്നുവെങ്കിൽ അത് ഗോളാവില്ല എന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഞാൻ. സന്ദേശിനെ കുറ്റം പറയാൻ പറ്റില്ല, അത് പറ്റിപ്പോയതാണ്.” വിനീത് കൂട്ടിച്ചേർത്തു. 

ഗോളടിക്കുന്നതിലാണ് ടീമിന്റെ ഇപ്പോഴത്തെ പ്രശ്നമെന്നും സികെ വിനീത് തുറന്ന് പറഞ്ഞു. “ജംഷഡ്‌പൂറിൻറെ ഫസ്റ്റ് ഹാഫ് ഒഴികെ, ബാക്കി ഞങ്ങൾ കളിച്ച എല്ലാ മത്സരങ്ങൾ നേരെ കണ്ട്രോൾ ചെയ്ത് കളിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിൽ തെറ്റ് വന്നത് ഞങ്ങൾ ഗോളുകൾ സ്കോർ ചെയ്യുന്നില്ല എന്നാണ്. ഞങ്ങൾക്ക് ഗോളുകൾ സ്കോർ ചെയ്യണം. 90 മിനുട്ടും  പ്രതിരോധ നിരക്ക് തടുക്കാൻ കഴിഞ്ഞെന്ന് വരില്ല. എനിക്ക് പ്രധാനമായി തോന്നിയിട്ടുള്ളത് നമ്മൾ അവസരങ്ങൾ മുതലാക്കുന്നില്ല എന്നാണ്.”