Khel Now logo
HomeSportsPKL 11Live Score
Advertisement

Football in Malayalam

കിബു വിക്കൂന: മുംബൈ സിറ്റി വിജയം അർഹിക്കുന്നില്ല

Published at :February 4, 2021 at 5:35 PM
Modified at :December 13, 2023 at 1:01 PM
Post Featured Image

(Courtesy : ISL Media)

Krishna Prasad


ലീഡ് നേടിയിട്ടും തുടർച്ചയായ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സിന് തോൽവി.

കളിയിലുടനീളം മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തെങ്കിലും വിധി മഞ്ഞപ്പടയ്ക്ക് അനുകൂലമായിരുന്നില്ല. 27-ആം മിനിറ്റിൽ വിൻസെന്റെ ഗോമസ് നേടിയ ഗോളിലൂടെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ച് മുംബൈ വിജയം ഉറപ്പിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയിരുന്നു കിബു വിക്കൂന. ഫലത്തിലെ നിരാശ മുഖത്തുണ്ടായിരുന്നെങ്കിലും തന്റെ ടീം ടേബിൾ ടോപ്പേഴ്‌സായ മുംബൈ സിറ്റിക്ക് ഒപ്പം കിടപിടിക്കുന്ന പ്രകടനമാണ് നടത്തിയെതെന്നും അദ്ദേഹം പറഞ്ഞു.

ടീം പ്രകടനവും മത്സരഫലവും

"ഞങ്ങൾ നന്നായി കളിക്കുകയും ധാരാളം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ഞാൻ കരുതുന്നു. ലീഗിലെ മികച്ച ടീമിനെതിരെ ഞങ്ങൾ നല്ല രീതിയിൽ കളിച്ചു,” വിക്കൂന പറഞ്ഞു. മത്സരം ഇരുകൂട്ടരും വാശിയോടെ കളിച്ചെന്നും നിർഭാഗ്യം കൊണ്ടാണ് പോയിന്റുകൾ നേടാൻ കഴിയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഞങ്ങൾക്ക് ഭാഗ്യമില്ലായിരുന്നു. മത്സരം വളരെ തുല്യമായിരുന്നുവെന്ന് ഞാൻ കരുതുന്നു. അതിനുപുറമെ, ആദം ലെ ഫോണ്ട്രെയ്ക്ക് നൽകിയ പെനാൽറ്റി തെറ്റായ തീരുമാനമാണെന്ന് കോസ്റ്റ എന്നോട് പറയുന്നു. കഴിഞ്ഞ രണ്ട് കളികളിലും ഇതേ കഥയാണ്, ഞങ്ങൾ മുൻ‌തൂക്കം നേടുകയും അനുകൂലമല്ലാത്ത ഫലങ്ങളുമായി അവസാനിക്കുകയും ചെയ്യുന്നു. നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ പോയിന്റുകൾ ഞങ്ങൾ അർഹിക്കുന്നു."

“നിരവധി ചെറിയ തെറ്റുകളാണ് കളി ഞങ്ങളുടെ കൈവിട്ട് പോകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു. അവസാന രണ്ട് മത്സരങ്ങളിലെ ഞങ്ങളുടെ പ്രകടനങ്ങൾ - എടികെ മോഹൻ ബഗാനെതിരെയും, മുംബൈ സിറ്റി എഫ് സിക്കെതിരെയും ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും എതിർ ടീമിന് നല്ല സമ്മർദ്ദം നൽകി കളിക്കുകയും ചെയ്തു,” “ചിലപ്പോൾ, ഫുട്ബോളിൽ, നമ്മൾ മറ്റ് കാര്യങ്ങളും നിരീക്ഷിക്കുകയും ഫലത്തിന് അപ്പുറത്തേക്ക് ചിന്തിക്കുകയും വേണം. ഞങ്ങൾ നന്നായി മത്സരിക്കുകയായിരുന്നു, സമീപകാല മത്സരങ്ങളിൽ ഞങ്ങൾ വളരെയധികം മെച്ചപ്പെട്ടു.” അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ സിറ്റിയുടെ സമനില

രണ്ടാം പകുതിയിൽ ബിപിൻ സിങ്ങിലൂടെയാണ് മുംബൈ സിറ്റി എഫ്സി സമനില ഗോൾ നേടിയത്. ആ ഗോളിനെക്കുറിച്ച് ചോദിച്ചപ്പോൾ, ബ്ലാസ്റ്റേഴ്സ് ചില തെറ്റുകൾ വരുത്തിയെന്ന് കിബു വിക്കൂന സമ്മതിച്ചു.

“അതെ, ഞങ്ങളുടെ ഭാഗത്ത് തെറ്റുകൾ സംഭവിച്ചു. കോസ്റ്റ പന്ത് കൈവശമുള്ളപ്പോൾ ആക്രമിച്ചില്ല, ഒപ്പം ഏകാഗ്രതയിൽ കുറച്ച് വീഴ്ചകളും ഉണ്ടായിരുന്നു. രണ്ടാം പകുതിക്ക് മുമ്പ്, ഞങ്ങൾ ശക്തമായി ആരംഭിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഞങ്ങൾക്ക് സ്കോർ ചെയ്യാനുള്ള ധാരാളം സാധ്യതകളും ഉണ്ടായിരുന്നു. ഇന്നത്തെ വിജയത്തിന് അവർ യോഗ്യരല്ലെന്ന് ഞാൻ കരുതുന്നു, പക്ഷേ ഫലം ഫലമാണ്, ഞങ്ങൾ അതിനെ മാനിക്കുന്നു.”

സെറ്റ് പീസുകളിൽ നിന്നുള്ള അവസരങ്ങൾ

കേരള ബ്ലാസ്റ്റേഴ്സിന് ധാരാളം സെറ്റ് പീസ് അവസരങ്ങളുണ്ടായിരുന്നെങ്കിലും അവയിലൊന്ന് മാത്രമേ പരിവർത്തനം ചെയ്യാൻ അവർക്ക് കഴിഞ്ഞുളു. ഇതൊക്കെയാണെങ്കിലും, തന്റെ ടീം മറ്റ് അവസരങ്ങൾ പാഴാക്കിയിരിക്കാമെന്ന് പറഞ്ഞപ്പോൾ കോച്ച് സമ്മതിച്ചില്ല.

“ഞങ്ങൾ ഒരു സെറ്റ് പീസിൽ നിന്ന് സ്കോർ ചെയ്തു. അതുപോലുള്ള അവസരങ്ങളിൽ നിന്ന് സ്കോർ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടാണ്, ഒരു തവണ ഞങ്ങൾക്ക് അതിന് കഴിഞ്ഞു.” അദ്ദേഹം പറഞ്ഞു.

രാഹുൽ കെപിയുടെ പ്രകടനം

"ഒന്നിലധികം സ്ഥാനങ്ങളിൽ രാഹുലിന് കളിക്കാൻ കഴിയും. സ്‌ട്രൈക്കറായും വിംഗറായും കളിക്കാൻ അദ്ദേഹത്തിന് കഴിയും, മറ്റ് മത്സരങ്ങളിൽ ഉണ്ടായിരുന്ന അതേ സ്വാതന്ത്ര്യം ഇന്നുരാത്രി അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ പുരോഗതിയിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്" കോച്ച് പറഞ്ഞു.

“ഈ മത്സരത്തിൽ മാത്രമല്ല, ഇതുവരെ ഞങ്ങൾ കളിച്ച എല്ലാ മത്സരങ്ങളിലും ഞങ്ങൾ വിജയിക്കാൻ ആഗ്രഹിക്കുന്നു. സമനിലയെക്കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിക്കുന്നില്ല. മൊത്തത്തിൽ, എന്റെ ടീമിൽ ഞാൻ അഭിമാനിക്കുന്നു. ഇതാണ് ഫുട്ബോൾ, ഫുട്ബോൾ ഗണിതശാസ്ത്രമല്ല. ചിലപ്പോൾ, നിങ്ങൾക്ക് അനുകൂല ഫലങ്ങൾ ലഭിക്കും, ചിലപ്പോൾ കിട്ടില്ല ” അദ്ദേഹം സൈൻ ഓഫ് ചെയ്തു.

For more updates, follow Khel Now on TwitterInstagram and join our community on Telegram.

Advertisement