കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിനെ കുറിച്ചും വരും സീസണിനെ കുറിച്ചുള്ള പ്രതീക്ഷകളെ കുറിച്ചും നിഷു കുമാർ മനസ്സ് തുറന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിഷു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നത് ക്ലബ്‌ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ സോഷ്യൽ മീഡിയ ലൈവിലൂടെ ഇഷ്ഫാഖ് അഹ്‌മദും നിഷു കുമാറും വരികയുണ്ടായി. തന്റെ ഇതുവരെയുള്ള ഫുട്ബോൾ ജീവിതത്തെ കുറിച്ചും, ഇപ്പോഴത്തെ പരിശീലന രീതികൾ തുടങ്ങിയവയെ പറ്റി നിഷു വിവരിച്ചു.

“ഞാൻ വളരെയധികം ആവേശത്തിലാണ് (കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ). ഞാൻ വളരെ സന്തോഷവാനാണ്, ഈയൊരു അവസരം തന്നതിൽ ക്ലബ്ബിനോട് എന്റെ നന്ദി അറിയിക്കുന്നു. “നിഷു പറഞ്ഞു തുടങ്ങി.

ഫുട്ബോളിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് നിഷു വിശദീകരിച്ചു – “വളരെ ചെറുപ്പത്തിൽ തന്നെ എന്റെ ഫുട്ബോൾ കരിയർ തുടങ്ങിയിരുന്നു. 6 വയസ്സായപ്പോൾ തന്നെ ഉത്തർപ്രദേശിലെ മുസാഫർനഗറിലെ എന്റെ വീടിനടുത്തുള്ള ചെറിയ ഗ്രൗണ്ടിൽ ഞാൻ കളിക്കുമായിരുന്നു. ഫുട്ബോളിനോട്‌ എനിക്ക് അന്ന് വലിയ കമ്പമില്ലെങ്കിലും എനിക്ക് അത് ഇഷ്ടമായിരുന്നു.

ഉത്തർപ്രദേശിൽ ക്രിക്കറ്റിനോളം ഫുട്ബോൾ പ്രസിദ്ധമല്ല, അതുതന്നെയാകാം അധികം ഫുട്ബോൾ താരങ്ങൾ അവിടെ നിന്ന് ഉണ്ടാവാത്തതിന്റെ കാരണവും. എന്നാൽ അടുത്തുള്ള സ്പോർട്സ് ഹോസ്റ്റലിലെ ചില മുതിർന്ന കളിക്കാർ എനിക്ക് കളിക്കാനുള്ള പ്രചോദനമായി. അവർ വളരെ മികച്ച കളി പുറത്തെടുക്കുമായിരുന്നു, അത് കണ്ട് ഞാനും അക്കാഡമിയിൽ ചേർന്ന് കരിയർ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചു.”

“തുടക്ക ഘട്ടത്തിൽ അച്ഛൻ എനിക്ക് നല്ല പിന്തുണ നൽകിയിരുന്നു, എന്നാൽ അമ്മയ്ക്ക് ഞാൻ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന ചിന്തയായിരുന്നു. പിന്നീട് എല്ലാവരിൽ നിന്നും ഇതിനെ കുറിച്ചു അച്ഛന് മേൽ സമ്മർദ്ദം വരാൻ തുടങ്ങി, അത് എന്നെയും ബാധിക്കാൻ തുടങ്ങി. 2-3 വർഷം എന്റെ കഴിവ് തെളിയിക്കാൻ എനിക്ക് അവസരം തരണമെന്ന് അച്ഛനോട് ഞാൻ അഭ്യർത്ഥിച്ചു, അതാണ് എന്റെ ജീവിതം മാറ്റിയത്. പിന്നീട് ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ ഞാൻ ചേർന്നു. അവിടെ നിന്ന് മുംബൈയിലുള്ള  അണ്ടർ 15 ദേശിയ ടീമിലേക്കുള്ള വിളി വന്നു. ഒരു വർഷത്തിൽ കൂടുതൽ  അവിടെ പരിശീലിക്കുകയും, തുടർന്ന് ഗോവയിലെ അണ്ടർ 19 ദേശീയ ടീമിൽ ചേരാനുള്ള അവസരവും ലഭിച്ചു. 2015ൽ ബെംഗളൂരു ഫ് സിയുടെ ഭാഗമാവുകയും പിന്നീട് സീനിയർ  ഇന്ത്യൻ ദേശിയ ടീമിന്റെ ഭാഗമാകാനും എനിക്ക് കഴിഞ്ഞു.”, നിഷു പറഞ്ഞു.

“ബ്ലാസ്റ്റേഴ്സിൽ ചേർന്നത് ഞാൻ ഇതുവരെയെടുത്ത മികച്ച തീരുമാനങ്ങളിൽ ഒന്നാണ്. ക്ലബ്‌ അധികൃതർ ആദ്യമായി എന്നെ ബന്ധപ്പെട്ടപ്പോൾ അവരുടെ പ്രൊജെക്ടിനെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും വിവരിച്ചിരുന്നു. ഒരു മികച്ച ടീം ഉണ്ടാക്കിയെടുക്കാനാണ് അവരുടെ ശ്രമം എന്ന് അവർ പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് മികച്ച വെല്ലുവിളികൾക്കായി ഞാൻ കാത്തിരിക്കുകയായിരുന്നു. ഒരു ഫുട്ബോൾ താരം എന്ന നിലയിൽ ഒരു പുതിയ സിറ്റിയിലെ പുതിയ ഫുട്ബാൾ ടീമിന് വേണ്ടി കളിക്കുന്നത് ഒരു വെല്ലുവിളി തന്നെയാണ്. അത് കേരള ബ്ലാസ്റ്റേഴ്‌സ് ആവുമ്പോൾ വെല്ലുവിളി കൂടുതൽ കടുപ്പമാവും.”

“മഞ്ഞപ്പടക്ക് വേണ്ടി കളിക്കാൻ എല്ലാവർക്കും ആഗ്രഹമുണ്ട്. പ്രൊഫഷണലായി കളിക്കാൻ തുടങ്ങിയ കാലത്തു തന്നെ അവർക്ക് വേണ്ടി ഒരിക്കൽ കളിക്കണമെന്നത് ഞാൻ തീരുമാനിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിങ് ഡിറക്ടറായ കരോലിസ് സ്കിൻകിസിനോടും ഇതിനെ ഞാൻ സംസാരിച്ചിരുന്നു, അദ്ദേഹവും വളരെ എക്‌സൈറ്റഡായിരുന്നു.”

ഇഷ്ട പൊസിഷൻ ഏതാണെന്ന ഇഷ്ഫാഖിന്റെ ചോദ്യത്തോട് നിഷു പ്രതികരിച്ചതിങ്ങനെ – “ഒരിക്കൽ ഒരു 5 മിനുട്ട് മിഡ്‌ഫീൽഡറായി ഞാൻ കളിച്ചിട്ടുണ്ട്. അണ്ടർ 17 വരെ സെന്റർ ബാക്ക് പൊസിഷനായിരുന്നു എനിക്ക് പ്രിയപ്പെട്ടത്. ആ സമയത്ത് ചെൽസിയെ ഒത്തിരി ഞാൻ ഫോളോ ചെയ്യുമായിരുന്നു, അവരുടെ മുൻ ക്യാപ്റ്റനും സെന്റർ ബാക്കുമായ ജോൺ ടെറിയാണ് എന്റെ ഇഷ്ടതാരം. ഇപ്പോൾ ഞാൻ കൂടുതലും ഫുൾ ബാക്കായാണ് കളിക്കുന്നത്. അതുകൊണ്ട് (സെസാർ) അസ്പിലിക്യൂട്ടയെയാണ് ഇപ്പോൾ ഫോളോ ചെയ്യുന്നത്. “

ജെസ്സെലും ലാളരുവത്താരയും അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിലുണ്ട്. അതിനാൽ ഫുൾ ബാക്ക് പൊസിഷനുകളിൽ ആരു കളിക്കും എന്നതിൽ ആരാധകർക്കും ധാരണയില്ലായിരുന്നു. ഫൈനൽ തീരുമാനം എടുത്തിട്ടില്ലെന്നും, എന്നാൽ ജെസ്സെൽ ലെഫ്റ്റ് ബേക്കായും നിഷു റൈറ്റ് ബേക്കായും കളിക്കാനാണ് സാധ്യത എന്ന് ഇഷ്ഫാഖ് വ്യക്തമാക്കി.

ഏറ്റവും പ്രചോദനമായ ഇന്ത്യൻ ഫുട്ബോൾ താരം ആരായിരുന്നു എന്നതായിരുന്നു അടുത്ത ചോദ്യം. സുനിൽ ഛേത്രി എന്ന് ഉത്തരം നൽകാൻ നിഷുവിന് അധികം ആലോചിക്കേണ്ടി വന്നില്ല. “എനിക്ക് ഏറ്റവും പ്രചോദനം നൽകിയ വ്യക്തികളിൽ ഒന്നാണ് ഛേത്രി. അദ്ദേഹം മികച്ചൊരു പ്രൊഫഷണൽ താരവും കളിയോട് കടുത്ത അഭിനിവേശവും ഉള്ള വ്യക്തിയാണ്. അദ്ദേഹം നൽകുന്ന കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായാണ് ഇന്ത്യയുടെ  എക്കാലത്തെയും മികച്ച ഫുട്ബോളർമാരിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചത്.”, നിഷു പറഞ്ഞു.

“കേരള ബ്ലാസ്റ്റേഴ്സിൽ ജീക്സൺ സിങ്ങാണ് എന്റെ ഇഷ്ട താരം. കഴിഞ്ഞ സീസണിൽ നന്നായി കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വളരെ ശാന്തനും ശക്തനുമായ കളിക്കാരനാണദ്ദേഹം, ഒരു മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർക്ക് വേണ്ട എല്ലാ ക്വാളിറ്റിയും അദ്ദേഹത്തിനുണ്ട്. ബർത്തലോമിയോ ഓഗ്‌ബെച്ചേ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, ജെസ്സെൽ, സത്യാസെൻ തുടങ്ങിയവരുടെ കൂടെ കളിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. “

ദേശിയ ടീമിന് വേണ്ടി കളിച്ച ആദ്യ മത്സരത്തിൽ തന്നെ ടീമിന് വേണ്ടി ഗോൾ നേടാനായത് തന്റെ ഏറ്റവും മികച്ച ഓർമകളിൽ ഒന്നാണെന്നു നിഷു പറഞ്ഞു. അദ്ദേഹത്തിന്റെ ജേർസി നമ്പറായി 22 എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിനെ കുറിച്ച് നിഷു പറഞ്ഞതിങ്ങനെ – “ചണ്ഡീഗഡ് ഫുട്ബോൾ അക്കാഡമിയിൽ എന്റെ നമ്പർ 4 ആയിരുന്നു. അണ്ടർ 15 ദേശിയ ടീമിൽ എത്തിയപ്പോൾ നമ്പർ 4 ആരോ എടുത്തു കഴിഞ്ഞിരുന്നു. ബാക്കിയുള്ളവയിൽ നിന്ന് 22 ആണ് ഞാൻ തിരഞ്ഞെടുത്തത്. തുടർന്ന് ദേശിയ ടീമിലേക്ക് ഞാൻ തിരഞ്ഞെക്കപ്പെടുകയും, അതുകൊണ്ട് ഇത് എന്റെ ഭാഗ്യ നമ്പറായി ഞാൻ കണക്കാക്കുന്നു. അതിന് ശേഷം നമ്പർ 22 ജേഴ്സിയാണ് ഞാൻ ധരിക്കാറുള്ളത്. “

“നിലവിലെ ലോക്ക്ഡൌൺ ഫുട്ബാൾ കളിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്റെ കാര്യവും വ്യത്യസ്തമല്ല. എന്നാൽ അമ്മയുടെ ഭക്ഷണവും കഴിച്ച്, ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനവും നടത്തിയാണ് ഈ സമയം പ്രയോജനപ്പെടുത്തുന്നത്. എന്റെ പുതിയ ക്ലബ്ബിന്റെ ആരാധകരുടെ കൂടെ കളിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. അവർ ക്ലബ്ബിന്റെ മുഘ്യ ഭാഗമാണ്. അവരുടെ പിന്തുണ കൂടി കിട്ടിയാൽ എനിക്ക് എന്റെ 200% നൽകാനാകും. അതുകൊണ്ട് തന്നെ അവർക്ക് മുൻപിൽ കളിക്കാൻ ഞാൻ വളരെ ആവേശത്തിലാണ്.”, നിഷു പറഞ്ഞവസാനിപ്പിച്ചു.

For more updates, follow Khel Now on Twitter and join our community on Telegram.