ഇന്ത്യൻ ടീമിന്റെ പ്രതിരോധ നിരയിലെ സ്ഥിരം സാന്നിധ്യമായിരുന്ന അനസ് എടത്തൊടിക തന്റെ കഴിഞ്ഞ സീസണിനെ കുറിച്ചും ദേശിയ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും മനസ്സ് തുറന്നു.

ഏറെ കാലം ഇന്ത്യൻ ടീമിന്റെ പ്രതിരോധത്തിൽ മികച്ച പ്രകടനം നടത്തിയ താരമാണ് അനസ് എടത്തൊടിക. എന്നാൽ യുവ താരങ്ങൾക്ക് അവസരം നൽകുകയാണെന്ന ചിന്തയിൽ അദ്ദേഹം  അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു. എന്നാൽ ഇഗോർ സ്റ്റീമാച്ച് അദ്ദേഹത്തെ ടീമിലേക്ക് തിരിച്ചു വിളിക്കുകയാണ് ഉണ്ടായത്. ഖേൽ നൗവിന് വേണ്ടി അനുവദിച്ച പ്രേത്യേക അഭിമുഖത്തിൽ അദ്ദേഹം തന്റെ കഴിഞ്ഞ വർഷത്തിലെ പല അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നു.

എ ഫ് സി കപ്പിന് ശേഷം വിരമിച്ച അനസ് തന്റെ തിരിച്ചുവരവിനെ കുറിച്ച് തന്നെ ആദ്യം സംസാരിച്ചു. “ജനുവരിയിൽ ഞാൻ എടുത്ത തീരുമാനം കുറച്ചു കടുപ്പമേറിയതാണെന്ന് എനിക്കറിയാം, യുവതാരങ്ങൾക്ക് വഴി മാറി കൊടുക്കാൻ അത് ശെരിയായ സമയമായിരുന്നുവെന്നാണ് ഞാൻ കരുതിയത്. ഇഗോർ (സ്ടിമാച്ച് ) ഫോണിൽ  കൂടി പറഞ്ഞ വാക്കുകൾ തന്നെയായിരുന്നു പ്രധാന പ്രചോദനം. എനിക്ക് വളരെയധികം സ്പെഷ്യലായിട്ടുള്ള നിമിഷമായിരുന്നു അത്, ഒരു ക്രോയേഷ്യൻ ലെജൻണ്ടും മികച്ച കളിക്കാരനുമായിരുന്ന അദ്ദേഹം, വിരമിച്ച ഒരു താരത്തോട് തിരിച്ചുവരാനും, അത് എത്രത്തോളം അദ്ദേഹത്തിന് പ്രധാനമാണെന്ന് മനസ്സിലാക്കി തരാനും ശ്രമിച്ചു !. അദ്ദേഹം എനിക്ക് ഒത്തിരി പ്രാധാന്യം നൽകിയതായി തോന്നി, എന്റെ കൂടെ ഉണ്ടായിരുന്നവർക്കെല്ലാം ഞാൻ തിരിച്ചു കളത്തിൽ വരണമെന്നും അതെ കുറിച്ച് പിന്നാലെ പറഞ്ഞു നടക്കുകയും ചെയ്തിരുന്നു ” അനസ് പറഞ്ഞു

ദേശിയ ടീമിലേക്കുള്ള തിരിച്ചു വരവിനുള്ള തീരുമാനത്തിൽ  ഇഗോർ സ്റ്റീമാച്ച്  വഹിച്ച പങ്കിനെ കുറിച്ച് അനസ് പറഞ്ഞതിങ്ങനെ – “ഞാൻ പറഞ്ഞപോലെ ആ ചർച്ച വളരെയധികം സ്പെഷ്യലായിരുന്നു. വിരമിക്കാനുള്ള എന്റെ തീരുമാനത്തെ കുറിച്ച് അദ്ദേഹം ആഴത്തിൽ ചോദിച്ചറിഞ്ഞു, ക്യാമ്പിലേക്ക് വിളിച്ചാൽ വരുമോയെന്നും ചോദിച്ചു. രാജ്യത്തിന് വേണ്ടി ആ നീല ജേഴ്സി അണിയുന്നത് എത്രത്തോളം ശ്രേഷ്ഠമാണെന്നും അദ്ദേഹം പറഞ്ഞു, എനിക്ക് ഇതു മൂലം വളരെയധികം അഭിമാനം തോന്നുകയും, അദ്ദേഹത്തിന്റെ വാക്കുകളെ മാനിച്ച് ഒരു തിരിച്ചു വരവ് നടത്താൻ ഞാൻ തീരുമാനിച്ചു. എനിക്ക് നല്ല നേട്ടങ്ങൾ നേടിയെടുക്കാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. “

സ്റ്റീഫൻ കോൺസ്റ്റന്റൈന്റെയും  ഇഗോർ സ്ടിമാച്ചിന്റെയും രീതികളെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞതിങ്ങനെ – “രണ്ടും മികച്ച പരിശീലകരാണ്. രണ്ടുപേർക്കും അവരുടേതായ തന്ത്രങ്ങളും, മെന്റാലിറ്റി, ആറ്റിട്യൂട്, ടെക്‌നിക്കുകൾ എന്നിവയുണ്ട്. എന്തുതന്നെയായാലും ജയിക്കാൻ വേണ്ടിയാണ് നമ്മൾ കളിക്കുന്നത്. കോൺസ്റ്റന്റൈന്  കൂടുതലായിട്ട് പരിചയ സമ്പന്നരായ താരങ്ങളെയാണ് സ്‌ക്വാഡിൽ കളിപ്പിക്കാൻ താല്പര്യം, എന്നാൽ കഴിവുള്ള യുവ താരങ്ങൾക്ക് അദ്ദേഹം അവസരം നൽകാറുമുണ്ട്. ഇഗോർ ആണെങ്കിൽ യുവ താരങ്ങൾക്ക് നല്ല രീതിയിൽ കളിക്കാനുള്ള അവസരവും അവർക്ക് നല്ല പ്രചോദനവും നൽകാറുണ്ട്. ഇത്‌ ഇന്ത്യൻ ഫുട്ബോളിന് നല്ലതാണ്. ഫിഫ റാങ്കിങ്ങിൽ  173ൽ നിന്ന് 96 എന്ന ഏറ്റവും നല്ല സെക്കന്റ്‌ ഫിഫ റാങ്കിങ്ങിൽ  ദേശിയ ടീമിനെ  എത്തിക്കാൻ കോൺസ്റ്റന്റൈൻ സഹായിച്ചിട്ടുണ്ട്. ഇത്‌ നമുക്കെല്ലാവർക്കും കിട്ടിയ വലിയ നേട്ടമാണ്. കോൺസ്റ്റന്റിന്റെ കാലത്ത് അദ്ദേഹം എന്നിൽ വിശ്വസിച്ചിരുന്നു, ഇഗൊറാണെങ്കിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാനുള്ള പ്രചോദനവും നൽകി”.

സ്ടിമാച്ച് നല്ല രീതിയിൽ ഇന്ത്യൻ ടീമിനെ ഒരുക്കുന്നുണ്ടെന്നാണ് അനസിന്റെ അഭിപ്രായം. ഇന്ത്യൻ ടീം ശരിയായ ദിശയിലാണോ പോകുന്നതെന്ന ചോദ്യത്തിന് അനസ് ഉത്തരം പറഞ്ഞതിങ്ങനെ – “അതെ, അങ്ങനെയാണെന്നാണ് എനിക്ക് തോന്നുന്നത്. റിസൾട്ടുകൾ പെട്ടെന്ന് നേടിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഒത്തിരി യുവ താരങ്ങൾക്ക് ഇതിനകം അദ്ദേഹം അരങ്ങേറ്റത്തിനുള്ള അവസരം  നൽകി. നമ്മൾ കൂടുതൽ പാസ്സിങ് ഗെയിംസ് കളിക്കാൻ തുടങ്ങി, നമ്മുടേതായ ഒരു ശൈലി ഉണ്ടാക്കാനും കഴിഞ്ഞു. 2-3 വർഷങ്ങൾ കൊണ്ട് അദ്ദേഹത്തിന് രാജ്യത്തിനായി മികച്ച റിസൾട്ടുകൾ നേടിക്കൊടുക്കുവാൻ സാധിക്കും, അതെ, ഞാൻ മുൻപ് പറഞ്ഞപോലെ അദ്ദേഹത്തിന് അതിന് വേണ്ട സമയം നമ്മൾ നൽകണം. അണ്ടർ 16,17, 19 സിസ്റ്റം നിലവിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും എത്തരത്തിലാണ് അത് ശെരിക്ക് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. “

കഴിഞ്ഞ സീസണിൽ ഫിട്നെസ്സിൽ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും  അനസ് പറഞ്ഞു.
“കളിയുടെ ഭാഗമാകുമ്പോൾ  പരിക്കുകളെ കുറിച്ചൊന്നും തോന്നാറില്ല, അതുകൊണ്ട് തന്നെ കഴിഞ്ഞ സീസണിൽ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. ഞാൻ രാജ്യത്തിന് വേണ്ടി  കളിക്കുമ്പോഴെല്ലാം എന്റെ കഴിവിന്റെ പരമാവധി അതിന് വേണ്ടി സമർപ്പിക്കാറുണ്ട്. എന്തെങ്കിലും ചെറിയ പരിക്കുണ്ടെങ്കിൽ പോലും എന്റെ നൂറു ശതമാനത്തിലധികം ഞാനതിനായി നൽകാറുണ്ട്. ഒരു ടാക്കിൾ സമയത്ത് എന്റെ ബോഡി അതിനായി ശ്രമിച്ചപ്പോഴാണ് അവസാന പരിക്ക് എനിക്കുണ്ടായത്, ഇത്‌ ഫുട്ബോളിൽ ഉണ്ടാകാറുള്ളതാണ്.”- അനസ് പറഞ്ഞു

പരിക്കുകളെ തരണം ചെയ്ത് അദ്ദേഹത്തിന്റെ പെർഫോമൻസ് നിലനിർത്തുന്നതെങ്ങനെയെന്ന് അനസ് വിശദീകരിച്ചു. “പരിക്കുകൾ കളിയുടെ ഭാഗമാണ്, അതെനിക്ക് പുതുമയുള്ള കാര്യമല്ല. കളി തുടങ്ങിയ കാലം മുതൽ പരിക്കുകൾ വരാറുണ്ടായിരുന്നു. പക്ഷെ വിട്ട് കൊടുക്കാൻ ഞാൻ തയ്യാറല്ല, പരിക്കിൽ നിന്ന് മോചിതനായി കളിക്കാൻ അവസരം ലഭിച്ചാലും ഞാൻ എന്റെ കഴിവിന്റെ പരമാവധി  നൽകും. ഡിഫൻഡർ എന്ന നിലയിൽ കളിയുടെ ശൈലി കാരണമാകാം ഇത്രയും പരിക്കുകൾ ഉണ്ടാവാൻ കാരണം. സാങ്കേതികത്തികവിൽ ഞാൻ വളരെ മികച്ചതല്ലെന്ന് എനിക്കറിയാം, പക്ഷെ ശാരീരികമായി ഫൈറ്റ് ചെയ്യാനും കളിയിൽ നൂറു ശതമാനത്തിലധികം സ്വയം സമർപ്പിക്കുകയും ചെയ്യാറുണ്ട്. പരിക്കുകൾക്ക് സാധ്യതയുള്ള രീതിയിൽ എന്റെ ശരീരത്തെ എറിഞ്ഞു കൊണ്ടുക്കേണ്ട അവസ്ഥ വരാറുണ്ട്, പക്ഷെ എന്റെ ടീമിനെ രക്ഷിക്കേണ്ടതുണ്ട്, അതിന് വേണ്ടി അങ്ങനെ  ചെയ്യാൻ എനിക്ക് മടിയില്ല. ” – അനസ് പറഞ്ഞു

ഹബ്ബാസിന്റയും എ ടി കെയുടെയും കൂട്ടുകെട്ട് ഉണ്ടാക്കിയ വിജയത്തിന്റെ രഹസ്യത്തെ കുറിച്ച് അനസ് ഇപ്രകാരം പറഞ്ഞു – “ക്ലബ്‌ ഉണ്ടായ ശേഷം ഇന്ത്യയിലുള്ള ഏറ്റവും മികച്ച ക്ലബ്ബ്കളിൽ ഒന്നാണ് എ ടി കെ. അവർക്ക് വളരെ പ്രൊഫഷണൽ ആയിട്ടുള്ള മികച്ച മാനേജ്മെന്റുണ്ട്, ഒരു ക്ലബ്ബിന് ഇത് വളരെ പ്രധാനമാണ്. ഹബ്ബാസ് ഒരു അഗ്ഗ്രസിവ് പരിശീലകനാണ്, എല്ലാവരെയും പോലെ  ജയം തന്നെയാണ് അദ്ദേഹത്തിനും വേണ്ടത്. കളിയോടുള്ള അദ്ദേഹത്തിന്റെ പാഷനും ഭാവങ്ങളും  അദ്ദേഹത്തിന്റെ മുഖത്തു എപ്പോഴും കാണാൻ സാധിക്കും. ഓരോ ട്രെയ്നിങ് സെഷനുകളിലും ചാമ്പ്യനാവാൻ ഞങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു, ആ ഒരു മാനസികാവസ്ഥ സ്ഥിരമായി ഉണ്ടായിരുന്നു. മികച്ച പരിശീലകരിൽ ഒരാളാണദ്ദേഹം, ടീമിന് നല്ല രീതിയിൽ പ്രചോദനം നൽകാനും അദ്ദേഹത്തിന് സാധിച്ചു. “

മോഹൻ ബഗാൻ – എ ടി കെ ലയനത്തെ കുറിച്ച് അനസ് തന്റെ അഭിപ്രായം വ്യക്തമാക്കി.
“ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും പഴക്കവും ഉള്ള  ക്ലബ്ബ്കളിൽ ഒന്നാണ് മോഹൻ ബഗാൻ. അവർക്കാണ് ഏറ്റവും മികച്ച ആരാധകരുള്ളത്, അതെ, കൊൽക്കത്ത ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയാണല്ലോ. ലയനം അവർക്കും ഗുണം ചെയ്യും. കൊൽക്കത്തയിലെ ഫുട്ബോൾ ആരാധകർക്ക്  മികച്ച അന്തരീക്ഷം സൃഷ്ടിക്കാൻ ഇതിന് കഴിയും.”- അനസ് പറഞ്ഞു.

സുമിത് രതിയെന്ന യുവ പ്രതിഭയെ കുറിച്ച് അനസ് പറഞ്ഞതിങ്ങനെ – “വളരെ അഗ്രെസ്സിവായ, സമർപ്പണ മനോഭാവമുള്ള, പോസറ്റീവ് ആറ്റിട്യൂടുള്ള വ്യക്തിയാണ് സുമിത്. അദ്ദേഹം വളരെ കഠിനാധ്വാനിയാണ്. ഭാവിയിൽ ഇന്ത്യൻ ടീമിലെ പ്രതിരോധ നിരയിൽ സ്ഥിരം സാന്നിധ്യമാകാൻ അദ്ദേഹത്തിന് കഴിയും, വലിയ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം വളരെ ചെറുപ്പമാണ്, സാങ്കേതികത്തികവ് മികച്ചതാക്കാൻ അദ്ദേഹം അധ്വാനിക്കുന്നുണ്ടെന്ന് എനിക്കുറപ്പുണ്ട്. അദ്ദേഹം ഏതൊരു പരിശീലകനും ഒരു മുതൽകൂട്ടായിരിക്കും, ഹബ്ബാസിന് അദ്ദേഹത്തെ വളരെ ഇഷ്ടവുമാണ്. സുമിത് ഒരു പോരാളിയാണ്, അദ്ദേഹത്തിന് എന്റെ എല്ലാ ആശംസകളും നൽകുന്നു.”

ഇന്ത്യൻ ടീമിലും കേരള ബ്ലാസ്റ്റേഴ്സിലും സന്ദേശ് ജിങ്കനുമായി മികച്ച കൂട്ടുകെട്ട് സൃഷ്ഠിക്കാൻ അനസിന്  കഴിഞ്ഞിരുന്നു. സന്ദേശിനോടൊപ്പം ക്ലബ്‌ തലത്തിൽ ഇനിയും പഴയ കൂട്ടുകെട്ട് വീണ്ടെടുക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തോട് അനസ് പ്രതികരിച്ചതിങ്ങനെ – “അത് സംഭവിക്കുമ്പോ എന്നെനിക്കറിയില്ല. പക്ഷെ, അദ്ദേഹത്തോടൊപ്പം കളിക്കാൻ അവസരം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് നോക്കാം. “

സന്ദേശുമായുള്ള കൂട്ടുകെട്ടിന്റെ രഹസ്യത്തിനെ കുറിച്ച് അനസ് തന്റെ ചിന്ത പങ്കുവെച്ചു – “സന്ദേശ് എനിക്ക് സഹോദരനെ പോലെയാണ്, അദ്ദേഹത്തോടൊപ്പം കളിക്കുന്നത് മികച്ചൊരു അനുഭവമാണ്. കളിക്കളത്തിന് പുറത്തും മികച്ച സൗഹൃദം ഞങ്ങൾ തമ്മിലുണ്ട്. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കും, ഒത്തിരി സമയം ഒരുമിച്ച് ചിലവഴിക്കും, പുറത്തു പോകും. ആ ഒരു പരസ്പര ധാരണ കളിക്കളത്തിലും കാണാൻ സാധിക്കാറുണ്ട്. അദ്ദേഹം ഒരു ടാക്കിളിന് എപ്പോൾ ഉതിരുമെന്ന് എനിക്കറിയാം, അതേപോലെ ഞാൻ ഇപ്പോൾ അതിന് ശ്രമിക്കുമെന്ന് അദ്ദേഹത്തിനും അറിയാം. ഞങ്ങൾ രണ്ടുപേർക്കും ഒരേ മനോനിലയാണ് ആ കാര്യത്തിൽ. സന്ദേശിനോടൊപ്പം കളിക്കാൻ എനിക്ക് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു, അങ്ങനെ 2017 മാർച്ചിലാണ് എനിക്ക് അതിന് ആദ്യമായി അവസരം ലഭിച്ചത്. അതിന് ശേഷം ഇന്ത്യൻ ടീമിൽ ഞങ്ങൾക്ക് മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനായി. ഞാൻ ആ കൂട്ടുകെട്ട് നന്നായി ആസ്വദിച്ചിരുന്നു, ഭാവിയിൽ അത്തരത്തിൽ കൂടുതൽ  അവസരങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നു “

എക്കാലത്തെയും 5 അംഗ  ഇന്ത്യൻ ഫുട്ബോൾ ടീമിനെ പറയാമോ എന്ന ചോദ്യത്തിനും അനസ് ഉത്തരം നൽകി. “എനിക്ക് അമരീന്ദറേയും ഗുർപ്രീതിനേയും ഗോൾകീപ്പിങ്ങിനായി വേണം. പിന്നെ സന്ദേശ്, ബ്രാണ്ടൻ, സഹൽ, ആഷിഖ് (ഒരു ഗോൾകീപ്പർ പകരക്കാരനാണ് )”- അനസ് പറഞ്ഞു.